തൃശൂർ: റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന അമ്പിളിക്കല ഹോസ്റ്റലിൽ കഞ്ചാവ് കേസ് പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ 6 ജയിൽ ജീവനക്കാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് മൊഴികളുടെ അടിസ്ഥാനത്തിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ക്രൂരമർദനത്തിനിരയായെന്ന് ഇരുപതോളം പേർ പൊലീസിനും ക്രൈംബ്രാഞ്ചിനും മൊഴി നൽകിയതാണ് നിർണ്ണായകമായത്.

വാഹനമോഷണക്കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതിയെ അതിക്രൂരമായി മർദിച്ചത് വിവാദമായിരുന്നു. വനിതാ തടവുകാരെ മറ്റുള്ളവർ കാണുംവിധം വിവസ്ത്രരാക്കി, തടവുകാരുടെ മുന്നിൽ മദ്യപിച്ചു തുടങ്ങിയ ആരോപണങ്ങളും ഉണ്ടായി. ഇതിലെല്ലാം അന്വേഷണം തുടരുകയാണ്. കേസിൽ അതിനിർണ്ണായക വഴിത്തിരിവാണ് പ്രതികളുടെ അറസ്റ്റ്. അറസ്റ്റിലായ 6 പേരെയും ജയിൽ ഡിജിപി ഋഷിരാജ് സിങ് നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു.

ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരായ കലവൂർ മഠത്തിപ്പറമ്പിൽ എം.എസ്. അരുൺ (35), പാലക്കാട് കൊല്ലങ്കോട് വ്യാപാരിച്ചെള്ള വീട്ടിൽ വി എസ്. സുഭാഷ് (24), അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരായ എറണാകുളം ഞാറയ്ക്കൽ തുമ്പപ്പറമ്പിൽ ടി.വി. വിവേക് (30), ചെറായി മുരിക്കപ്പറമ്പിൽ എം.ആർ. രമേഷ് (33), കോട്ടയം ചെമ്പ് നടുവത്തേഴത്ത് പ്രതീഷ് (32), അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് തിരുവനന്തപുരം ഇളമ്പ പുതുവൽവിള അതുൽ (27) എന്നിവരാണ് അറസ്റ്റിലായത്. എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

മേൽനോട്ടപ്പിഴവിന് വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം, അസിസ്റ്റന്റ് പ്രിസൺ ഓഫിസർ റിജു എന്നിവരും സസ്‌പെൻഷനിലാണ്. മർദനവിവരം വാർത്തയായതോടെ ഡിജിപി അമ്പിളിക്കല കേന്ദ്രം അടച്ചുപൂട്ടി ജയിൽ വളപ്പിനുള്ളിൽത്തന്നെ വേറെ നിരീക്ഷണ കേന്ദ്രം തുറന്നിരുന്നു. തിരിച്ചറിയൽ പരേഡ് ഉണ്ടാവുമെന്നതിനാൽ മുഖം മറച്ചാണ് പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്.

10 കിലോഗ്രാം കഞ്ചാവുമായി സെപ്റ്റംബർ 29ന് അറസ്റ്റിലായ തിരുവനന്തപുരം പള്ളിക്കുന്നിൽ പുത്തൻവീട് ഷെമീറിനെ (31) 30നു രാത്രിയാണ് അബോധാവസ്ഥയിൽ മെഡിക്കൽ കോളജിൽ എത്തിച്ചത്. പിറ്റേന്നു മരിച്ചു. അപസ്മാര രോഗിയായ ഷെമീർ വീണു പരുക്കേറ്റു എന്നാണ് ആശുപത്രിയിൽ ജയിൽ അധികൃതർ പറഞ്ഞത്.

എന്നാൽ ശരീരത്തിൽ ഒട്ടേറെ മുറിവുകൾ കണ്ടത് സംശയമുണ്ടാക്കി. 40 മുറിവുകൾ മൂലമുണ്ടായ ആന്തരികക്ഷതവും തലയ്‌ക്കേറ്റ ക്ഷതവുമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വാരിയെല്ലിലും പൊട്ടലുമുണ്ടായി. ഒരു രാത്രിയും പകലും ഷെമീർ ക്രൂരമർദനത്തിന് ഇരയായതായി മൊഴികളും ലഭിച്ചു. ഇതും നിർണ്ണായകമായി.

ഷെമീറിനെ ക്രൂരമായി മർദ്ദിച്ചിരുന്നെന്നും അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളിൽ നിന്നു ചാടാൻ ജയിലധികൃതർ നിർബന്ധിച്ചെന്നും ഷെമീറിന്റെ ഭാര്യ സുമയ്യ മൊഴി നൽകിയിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണുമരിച്ചെന്നു വരുത്തുകയായിരുന്നു പൊലീസിന്റെ ലക്ഷ്യമെന്നും സുമയ്യ ചൂണ്ടിക്കാട്ടി. കഞ്ചാവു കേസിൽ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂർ വനിതാ ജയിലിൽനിന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് കോവിഡ് നിരീക്ഷണ കേന്ദ്രത്തിലും ജയിലിലും തനിക്കും ഷെമീറിനും അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ വെളിപ്പെടുത്തിയത്.

കഴിഞ്ഞ 30നാണു കഞ്ചാവ് കേസ് പ്രതി ഷെമീറിന് റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മിഷൻ ക്വാർട്ടേഴ്‌സിലെ അമ്പിളിക്കല ഹോസ്റ്റലിൽ ക്രൂര മർദനമേറ്റത്. പിറ്റേന്ന് മരിച്ചു. മർദനത്തിനു സാക്ഷിയായിരുന്നു സുമയ്യ. 'അപസ്മാരമുള്ളയാളാണ്, മർദിക്കരുത്' എന്ന് പ്രതികളെ കൈമാറുമ്പോൾ പൊലീസ് പറഞ്ഞതു ജയിൽ അധികൃതർക്ക് ഇഷ്ടപ്പെട്ടില്ലെന്നും 'ലോക്കൽ പൊലീസിനെക്കൊണ്ടു റെക്കമൻഡ് ചെയ്യിക്കുമല്ലേ' എന്നു ചോദിച്ചു മർദിച്ചു. താനക്കടക്കമുള്ള സ്ത്രീ തടവുകാരെ പൂർണ നഗ്‌നരാക്കി നിർത്തി. ഇതിനെ എതിർത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മർദിച്ചതായും അവർ പറഞ്ഞു.

'അമ്പിളിക്കലയിൽ എത്തുന്നവരെ തവളച്ചാട്ടം ചാടിച്ചാണ് അകത്തുകൊണ്ടു പോകുന്നത്. ഷെമീറിനെ പാർപ്പിച്ചിരിക്കുന്ന മുറിയുടെ എതിർവശത്തായിരുന്നു തന്റെ മുറിയും. വാതിൽ അടച്ചിരുന്നില്ല. അതിനാൽ എല്ലാം കണ്ടു. ചായ നൽകുന്ന ജഗ്ഗ് ഉപയോഗിച്ചാണ് ഷെമീറിനെ മർദ്ദിച്ചത്. ഗ്ലാസ് നിലത്തിട്ട് അത് എടുക്കാൻ പറഞ്ഞു. കുനിയുമ്പോൾ മുതുകത്ത് കുത്തി. അഞ്ച് ജയിൽ ഉദ്യോഗസ്ഥർ ചേർന്നായിരുന്നു മർദ്ദനം. രാത്രി ഒമ്പത് മുതൽ പന്ത്രണ്ടുമണി വരെ ഷെമീറിനെ തല്ലിച്ചതച്ചു. രാത്രിയിലും പകലും ഷെമീർ കരയുന്നത് കേൾക്കുന്നുണ്ടായിരുന്നു. മർദ്ദിച്ചവർക്ക് യൂണിഫോം ഉണ്ടായിരുന്നില്ല. അമ്പിളിക്കലയിൽ മദ്യപാനവും ഉണ്ടായിരുന്നു'' - സുമയ്യ പറയുന്നു.

കാക്കനാട് ജയിലിൽ ചെന്നപ്പോൾ തന്നെ കാണാനെത്തിയ ബന്ധുക്കളെ അകത്തേക്കു കടത്തിവിട്ടില്ലെന്നും സുമയ്യ പറയുന്നു. അതേസമയം, ജയിൽ അധികൃതരുടെ ബന്ധുക്കൾ ജയിൽ കാണാനെത്തി അകത്തുകടന്നു. ഇതു കണ്ട് ജയിലിലുണ്ടായിരുന്ന സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഇടപെട്ടു. ' ജയിൽ അധികൃതരുടെ ബന്ധുക്കൾക്കെന്താ കോവിഡ് നിയന്ത്രണമില്ലേ' എന്ന് ഉദ്യോഗസ്ഥരോടു സ്വപ്ന ചോദിച്ചെന്നും സുമയ്യ വെളിപ്പെടുത്തുന്നു.

സെപ്റ്റംബർ 29നാണ് 10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യയെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വിയ്യൂർ ജയിലിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന പ്രതി കഞ്ചാവ് കിട്ടാതെ വന്നപ്പോൾ അക്രമാസക്തനായെന്നാണ് ജയിൽ അധികൃതർ പറയുന്നത്. അബോധാവസ്ഥയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്ത ദിവസം മരിച്ചു. ഈ മാസം ഒന്നിനാണ് ഷെമീർ മരിച്ചത്.

പ്രതിയുടെ ശരീരത്തിൽ നാൽപതിലേറെ മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇയാളുടെ വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. നെഞ്ചിൽ ഏഴിടത്തു മർദ്ദനം ഏറ്റിട്ടുണ്ട്. ദേഹമാസകലം രക്തം കട്ടപിടിച്ചിരിക്കുന്നു. ശരീരത്തിന്റെ പിൻഭാഗത്ത് ചൂരലോ ലാത്തിയോ ഉപയോഗിച്ചു തുടർച്ചയായി മർദ്ദിച്ചതിന്റെ ഫലമായി പൊട്ടി രക്തം വാർന്നൊലിച്ചിരുന്നു.

സംഭവത്തിൽ ആരോപണ വിധേയരായ അമ്പിളിക്കല കോവിഡ് സെന്ററിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാല് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഉത്തരമേഖല ജയിൽ വകുപ്പ് ഡിഐജിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രാഥമിക റിപ്പോർട്ട് ജയിൽ ഡിജിപിക്ക് കൈമാറി.2 പേരെ വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഒരാൾ അതിസുരക്ഷാ ജയിലിലേക്കും മറ്റൊരാളെ എറണാകുളം സബ് ജയിലിലേക്കുമായി മാറ്റിയിരിക്കുന്നത്.