ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിശോധന ഫലം നെഗറ്റീവ്. രോഗമുക്തി നേടിയ വിവരം അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ഡോക്ടർമാരുടെ നിർദേശപ്രകാരം കുറച്ചുദിവസം വീട്ടുനിരീക്ഷണത്തിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു. നേർത്ത രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഓഗസ്റ്റ് രണ്ടിന് നടത്തിയ പരിശോധനയിലാണ് അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കെല്ലാം നന്ദിയെന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. ''ഇന്ന് എന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവായി വന്നു. ഈശ്വരനോട് നന്ദി പറയുന്നു. ഒപ്പം എന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച, ആശംസകൾ നേർന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഡോക്ടർമാരുടെ നിർദേശപ്രകാരം ഞാൻ കുറച്ചുദിവസം കൂടി ഐസൊലേഷനിൽ തുടരും'', എന്ന് അമിത് ഷാ.

നേരത്തേ അമിത് ഷായുടെ രോഗം ഭേദമായെന്ന് ബിജെപി എംപി മനോജ് തിവാരി ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. ഓഗസ്റ്റ് 3-നാണ് അമിത് ഷായ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്.