കൊച്ചി: മുതിർന്ന താരങ്ങളെ ആദരിച്ചും നിർദ്ധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തും അമ്മയുടെ ഓണാഘോഷം.മുതിർന്ന താരങ്ങളെ അനുമോദിക്കുന്നതിന്റെ ഭാഗമായി മുതിർന്ന അഭിനേത്രി കൂടിയായ കവിയൂർ പൊന്നമ്മയ്ക്ക് മോഹൻലാൽ കൈനീട്ടം നൽകി. പുതിയ തലമുറയിലെ അഭിനേത്രിയായ നമിതാ പ്രമോദ് കവിയൂർ പൊന്നമ്മയെ പൊന്നാട നൽകി ആദരിച്ചു.

ഒരുപാട് സദ്പ്രവർത്തികൾ ചെയ്യുന്ന ഒരു സംഘടനയാണ് അമ്മയെന്നും എന്നാൽ ഇത് ആരും മനസിലാക്കുന്നില്ലെന്നും ചടങ്ങിൽ സംസാരിച്ച് സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു.മലയാള സിനിമാ അഭിനേതാക്കൾക്കെല്ലാം ഒരുപാട് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അതിൽ നിന്ന് കൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 'സിനിമകൾ വീണ്ടും തുടങ്ങണം, നമ്മുടെ സാമ്പത്തിക അടിത്തറ മുന്നോട്ടു കൊണ്ടു വരേണ്ടതായുണ്ട്. ഇനിയും ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യാൻ നമുക്ക് സാധിക്കട്ടെ,' മോഹൻലാൽ കൂട്ടിച്ചേർത്തു.

ചടങ്ങിൽ എറണാകുളം എം പി ഹൈബി ഈഡൻ, അഭിനേതാക്കളായ ഇടവേള ബാബു, ടൊവിനോ തോമസ്, അജു വർഗീസ്, ടിനി ടോം, മനോജ് കെ ജയൻ, ബാബുരാജ് എന്നവർ സംസാരിച്ചു.