ആലപ്പുഴ: ഒടുവിൽ ആ പ്രതീക്ഷയും അസ്തമിച്ചു..നെടുമ്പാശ്ശേരിയിൽ കണ്ട യുവാവ് രാഹുൽ അല്ലെന്ന് അമ്മ മിനി സ്ഥിരീകരിച്ചു.മുംബൈയിൽനിന്ന് മിനിക്കു ലഭിച്ച കത്തിലെ സൂചനകളുടെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിൽനിന്ന് യുവാവിനെ കണ്ടെത്തി ആലപ്പുഴയിലെത്തിച്ചെങ്കിലും, യുവാവിന്റെ മുഖത്തിന് 17 വർഷം മുൻപ് കാണാതായ തന്റെ മകൻ രാഹുലുമായി സാമ്യമില്ലെന്ന് മിനി വ്യക്തമാക്കി.

മുംബൈയിൽ വച്ച് രാഹുലിന്റെ രൂപസാദൃശ്യമുള്ള ആളെ കണ്ടതായി സൂചിപ്പിച്ച് അവിടെ നിന്നുള്ള ഒരു മലയാളി വീട്ടമ്മയാണ് രാഹുലിന്റെ കുടുംബത്തിന് കത്തയച്ചത്.കഴിഞ്ഞ 22ന് രാജു ജീവനൊടുക്കിയത് അറിഞ്ഞ് ദുഃഖം രേഖപ്പെടുത്തി മിനിക്ക് അയച്ച കത്തിലാണ് വീട്ടമ്മ ഈ വിവരം പങ്കുവച്ചത്.കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കു മിനി പരാതി നൽകി. തുടർന്ന് പൊലീസ് നെടുമ്പാശ്ശേരിയിലെത്തി യുവാവിനെ കണ്ടെത്തി മിനിയുടെ അടുത്തെത്തിക്കുകയായിരുന്നു.

അച്ഛനെ അന്വേഷിച്ച് മുബൈയിലെത്തിയപ്പോഴാണ് യുവാവിനെ കണ്ടതെന്നും പിന്നീട് കേരളത്തിലേക്കു മടങ്ങിയ ഇയാൾ നിലവിൽ നെടുമ്പാശേരിയിലുണ്ടെന്നും വീട്ടമ്മ കത്തിൽ സൂചിപ്പിച്ചിരുന്നു. തുടർന്നാണ് രാഹുലിന്റെ അമ്മ മിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ യുവാവിനെ ആലപ്പുഴയിലെത്തിച്ചത്. പക്ഷേ ആളു മാറിയതായി മിനി സ്ഥിരീകരിച്ചു.

ആശ്രമം വാർഡിൽ പരേതനായ രാജുവിന്റെയും മിനിയുടെയും മകൻ, കാണാതായ രാഹുലിനോട് സാദൃശ്യമുള്ള യുവാവിനെ മുംബൈയിലെ ശിവാജി പാർക്കിനു സമീപം കണ്ടതായാണ് ഇവിടെ കട നടത്തുന്ന വീട്ടമ്മയുടെ കത്തിലുള്ളത്. തുടർന്നാണ് രാഹുലിന്റെ അമ്മ അന്വേഷണം ആവശ്യപ്പെട്ടത്. പത്തനാപുരത്ത് അഗതി മന്ദിരത്തിൽ കഴിഞ്ഞിരുന്ന ഇയാൾ 16ാം വയസ്സിൽ അവിടെനിന്നു മുംബൈയിൽ എത്തിയതായും ഇവിടെനിന്നു പിന്നീട് കേരളത്തിലേക്കു മടങ്ങി ഇപ്പോൾ നെടുമ്പാശേരിയിൽ ഉള്ളതായുമാണ് കത്തിൽ പറയുന്നത്.

എന്നാൽ മുംബൈ സ്വദേശിനിയുടെ കത്തിൽ ഉണ്ടായിരുന്നത് രക്ഷിതാക്കളെ തേടി സോഷ്യൽ മീഡിയയിലടക്കം ചർച്ചാവിഷയമായി മാറിയ വിനയ് എന്ന യുവാവായിരുന്നു.താൻ രാഹുൽ അല്ലെന്നും വിനയ് ആണെന്നും അമ്മയുടെ വിഷമത്തിൽ സങ്കടമുണ്ടെന്നും മകനെ എത്രയും വേഗം അമ്മയ്ക്ക് ലഭിക്കട്ടെയെന്നാണ് തന്റെ പ്രാർത്ഥനയെന്നും വിനയ് മറുനാടനോട് പ്രതികരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ അമ്മയും സ്ഥിരീകരിച്ചിരിക്കുന്നത്.

ഏഴാം വയസ്സിൽ 2005 മെയ്‌ 18ന് ആണ് രാഹുലിനെ കാണാതായത്. കാണാതായി മാസങ്ങൾക്കുശേഷം മുംബൈ ഉൾപ്പെടെ പലയിടങ്ങളിലും രാഹുലിനെ കണ്ടതായി പലരും അറിയിച്ചെങ്കിലും അതൊന്നും രാഹുൽ അല്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.