കാസർകോട്: മഞ്ചേശ്വരത്ത് പൊലീസിന് നേരെ വെടിവയ്പ് നടത്തിയ ​ഗുണ്ടാ സംഘത്തിൽ മൂന്ന് പേർ കർണാടക പൊലീസിന്റെ പിടിയിലായെന്ന് റിപ്പോർട്ട്. പൊലീസിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ട് ഓടിയ സംഘത്തിലെ മൂന്ന് പേർ കർണാടക പൊലീസുമായി ഏറ്റുമുട്ടിയെന്നാണ് വിവരം. ഇന്നലെ രാത്രി ഒൻപതരയ്ക്ക് മിയാപദവിൽ വച്ചാണ് വെടിവെയ്‌പ്പുണ്ടായത്. പൊലീസ് വാഹനത്തിൽ വെടിയുണ്ടകൾ പതിച്ചു. ആർക്കും പരിക്കില്ല.

നാട്ടുകാർക്ക് നേരേ തോക്കുചൂണ്ടി അജ്ഞാത സംഘം ഭീഷണിപ്പെടുത്തിയതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസുകാർക്ക് നേരെയാണ് അക്രമിസംഘം വെടിയുതിർത്തത്. ഇതിന് പിന്നാലെ രണ്ടായി തിരിഞ്ഞ സംഘത്തിൽ മൂന്ന് പേരെയാണ് കർണാടക പൊലീസ് പിടികൂടിയത്.

അതിർത്തി കടന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ, കർണാടക പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. അക്രമികളെ അമർച്ച ചെയ്യുന്നതിനിടെയാണ് മൂന്ന് പേരെ കർണാടക പൊലീസ് പിടികൂടിയത് എന്നാണ് വിവരം. സംഘത്തിലെ മറ്റുള്ളവർ കാസർകോട് ഭാഗത്ത് തന്നെ ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അക്രമികൾക്കായി വ്യാപകമായ തെരച്ചിൽ നടത്തുകയാണ് പൊലീസ്.

തെരഞ്ഞെടുപ്പ് അടുത്തതോടെ, ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യുന്നതിനുള്ള പ്രവർത്തനം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒരാഴ്ച മുൻപ് മുംബൈ അധോലോകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നാട്ടുകാർക്ക് നേരെ തോക്കുചൂണ്ടി അക്രമിസംഘം ഭീഷണി മുഴക്കിയത്. പൊലീസ് സ്ഥലത്തെത്തിയത് അറിഞ്ഞ് അക്രമി സംഘം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വാഹനം കണ്ടെടുക്കുന്നതിനിടെയാണ് പൊലീസിന് നേരെ അക്രമി സംഘം വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ.