മുംബൈ: ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ബോളിവുഡ് നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്ത് എൻസിബി. രണ്ടു മണിക്കൂർ സമയത്തെ ചോദ്യം ചെയ്യലിനുശേഷം അനന്യയെ വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെ 11ന് വീണ്ടും ഹാജരാകാൻ നോട്ടിസ് നൽകി. പിതാവും നടനുമായ ചങ്കി പാണ്ഡെയ്ക്കൊപ്പമാണ് അനന്യ എൻസിബി ഓഫീസിലെത്തിയത്.

ആര്യൻ ഖാനെ ചോദ്യം ചെയ്ത നർക്കോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ ഓഫിസർ സമീർ വാങ്കഡെയാണ് അനന്യയെയും ചോദ്യം ചെയ്തത്. കേസ് അന്വഷണ ഉദ്യോഗസ്ഥൻ വി.വി സിങും ഒപ്പമുണ്ടായിരുന്നു.

ആര്യൻ ഖാനും അനന്യയും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ചാറ്റിൽ ലഹരിമരുന്ന് സംബന്ധമായ സന്ദേശങ്ങൾ എൻസിബി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ എൻസിബി കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. നേരത്തെ അനന്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണും ലാപ്ടോപ്പും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.

ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയും മകളാണ് 22കാരിയായ അനന്യ. ആര്യന്റെയും സഹോദരി സുഹാനയുടെയും അടുത്തസുഹൃത്ത് കൂടിയാണ് അനന്യ. 2019ൽ റിലീസ് ചെയ്ത ടൈഗർ ഷ്റോഫ് ചിത്രമായ സ്റ്റുഡന്റ് ഓഫ് ദ ഇയർ 2വിലൂടെയാണ് നടി ബോളിവുഡിലെത്തിയത്. മികച്ച യുവനടിക്കുള്ള ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് എൻസിബി ആര്യൻ ഖാന് ലഹരി എത്തിച്ചു നൽകുന്നത് ആരെന്നതടക്കം അനന്യയോട് ചോദിച്ചറിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിങ്ങൾക്ക് ആര്യൻ ഖാനെ അറിയാമോ? ആര്യൻ ലഹരി ഉപയോഗിക്കുന്നത് നേരിട്ട് കണ്ടിട്ടോ? ആരിൽ നിന്നാണ് ആര്യൻ ലഹരിമരുന്ന് വാങ്ങിയത്? ആര്യനൊപ്പം നിങ്ങളും ലഹരി ഉപയോഗിച്ചിട്ടുണ്ടോ? എത്രനാളായി ആര്യൻ ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നു? ഏതുതരം ലഹരിമരുന്നാണ് ആര്യൻ ഉപയോഗിക്കുന്നത്? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്ക് എൻസിബി വിശദീകരണം തേടി.

ഏതുതരം ലഹരിയാണ് അനന്യ ഉപയോഗിച്ചത്? ആരാണ് ലഹരി വിതരണം ചെയ്തത്? ആരാണ് മയക്കുമരുന്നു വിതരണക്കാർ? ലഹരിമരുന്നുകൾ എത്ര തവണ ഉപയോഗിച്ചു? മയക്കുമരുന്ന് ഉപയോഗിച്ച തീയതികൾ നിങ്ങൾ ഓർക്കുന്നുണ്ടോ? മയക്കുമരുന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയാമോ? തുടങ്ങിയ കാര്യങ്ങളും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് അനന്യയുടെ വീട്ടിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകിയത്. അതേസമയം, ആര്യൻ ഖാനെ ജയിലിലെത്തി സന്ദർശിച്ചതിനു പിന്നാലെ ഷാരൂഖ് ഖാന്റെ ബംഗ്ലാവായ മന്നത്തിലും എൻസിബി സംഘമെത്തി പരിശോധന നടത്തി.

ഒക്ടോബർ രണ്ടിന് ആര്യൻ അറസ്റ്റിലായതിനു ശേഷം ആദ്യമായാണ് ഷാരൂഖ് മകനെ നേരിട്ട് കാണുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിൽ സന്ദർശനത്തിന് നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിന് പിന്നാലെയാണ് താരത്തിന്റെ ജയിൽ സന്ദർശനം. 20 മിനുട്ടോളം ഷാരൂഖ് മകനോട് സംസാരിച്ചു. പുറത്തു വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങുകയായിരുന്നു.