കൊച്ചി : മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണത്തിനിടയാക്കിയ വാഹനാപകം ഉണ്ടായത് മദ്യലഹരിയിലെ മത്സരയോട്ടത്തിനിടെ എന്ന് വരുത്തി തീർക്കാൻ ശ്രമം. ഇവരുടെ വാഹനത്തെ പിന്തുടർന്ന ആഡംബര വാഹനത്തിന്റെ ഡ്രൈവർ സൈജുവാണ് ഈ മൊഴി നൽകുന്നത്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിലും ദുരൂഹത ഏറെയായിരുന്നു. എന്നാൽ അതിനെ വെറുമൊരു അപകടമാക്കി മാറ്റുകയായിരുന്നു സിബിഐ വരെ നീണ്ട അന്വേഷണം. പാലാരിവട്ടത്തെ മിസ് കേരളയുടെ മരണത്തിന് ഇടയായ അപകടവും അത്തരത്തിലൊന്നായി മാറുമെന്നാണ് സൂചന.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ ഷൈജുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. നേരത്തെ തന്നെ ഈ ഓഡിക്കാറിലേക്ക് അന്വേഷണം എത്തുമെന്ന് വ്യക്തമായിരുന്നു. കാറിനെ പൊലീസ് സിസിടിവിയിൽ നിന്നും തിരിച്ചറിയുകയും ചെയ്തു. സൈജുവിന്റെ മൊഴിയോടെ നമ്പർ 18 ഹോട്ടലിലെ സിസിടിവി കാണാതാകലിലും ദുരൂഹത കൂടുകയാണ്. ഹോട്ടലു മുതൽ മിസ് കേരളയും സംഘവും സഞ്ചരിച്ചിരുന്ന കാറിനെ ഓഡിക്കാർ പിന്തുടർന്നിരുന്നു. ഇത് പല സംശയങ്ങൾക്കും ഇട നൽകുന്നു.

നമ്പർ 18 ഹോട്ടലിനെതിരെ നിരവധി സംശയങ്ങളുണ്ട്. എന്നാൽ ഹോട്ടൽ ഉടമയെ രക്ഷിക്കാനുള്ള ശ്രമം അണിയറയിൽ തകൃതിയാണ്. ഷൈജുവിന്റെ മൊഴി രേഖപ്പെടുത്തി ഇതിനെ വെറുമൊരു അപകടമരണമാക്കും. മയക്കുമരുന്ന് മാഫിയയ്ക്ക് അടക്കം സംഭവത്തിൽ പങ്കുണ്ടെന്ന സംശയം ഉയരുന്നുണ്ട്. അതിനിടെയാണ് കേസ് അന്വേഷണം തന്നെ നിർത്താനുള്ള പൊലീസിന്റെ നീക്കം. ഇതിന് പിന്നിൽ വലിയ അട്ടിമറികൾ നടക്കുന്നുണ്ടെന്നാണ് സൂചന.

തമാശയ്ക്ക് നടന്ന മത്സയോട്ടമാണ് അപകടത്തിൽ കലാശിച്ചതെന്നാണ് ഷൈജു പറയുന്നത്. രാത്രി 12 മണിക്ക് പാർട്ടി കഴിഞ്ഞ് തങ്ങൾ ഒപ്പമാണ് ഹോട്ടലിൽ നിന്നും ഇറങ്ങിയത്. അവിടെ മുതൽ ഇരു വാഹനങ്ങളും പരസ്പരം മത്സരിക്കുകയായിരുന്നു. രണ്ട് തവണ അബ്ദുൾ റഹ്മാൻ തന്റെ വാഹനം ഓവർടേക്ക് ചെയ്തു. ഒരു തവണ താനും ഓവർടേക്ക് ചെയ്തു. പിന്നീട് ഇടപ്പള്ളിയിൽ എത്തിയപ്പോൾ തന്റെ പുറകെ വാഹനം കണ്ടില്ല. തുടർന്ന് യൂടേൺ എടുത്ത് പോയി നോക്കിയപ്പോഴാണ് വാഹനം അപകടത്തിൽപ്പെട്ടത് കണ്ടത്. ഉടനെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചെന്നും സൈജു അറിയിച്ചു.

ഓഡി കാർ തിരിച്ചെത്തി പരിശോധിച്ചത് സംശയങ്ങൾക്ക് ഇട നൽകിയിരുന്നു. ഇതിനെ മറയ്ക്കാനാണ് സൈജുവിന്റെ മൊഴി. റോഡിൽ കാറുകൾ തമ്മിൽ മത്സര ഓട്ടം പതിവാണ്. അങ്ങനെ ജയിച്ച് മുമ്പിൽ കുതിക്കുന്നവർ ആരും പിറകെ വന്ന് വാഹനം അന്വേഷിക്കുന്നത് പതിവില്ല. അതുകൊണ്ട് തന്നെ മത്സര ഓട്ടമാണോ കാറിലുള്ള സുന്ദരികളെ ഭീഷണിപ്പെടുത്താനാണോ ഓഡിക്കാർ കുതിച്ചു പാഞ്ഞതെന്ന് വ്യക്തമല്ല. നമ്പർ 18 എന്ന ഹോട്ടലിനെതിരെ വ്യാപക സംശയമാണ് ഉയരുന്നത്. ഈ ഹോട്ടലുമായി സൈജുവിനും ബന്ധമുണ്ട്.

വാഹനത്തിന്റെ അമിത വേഗതയെ തുടർന്ന് നിയന്ത്രണം നഷ്ടമായാണ് അപകടം ഉണ്ടായത്. പാർട്ടി കഴിഞ്ഞ പുറത്തിറങ്ങിയ തങ്ങളെ ഒരു ഓഡി കാർ പിന്തുടർന്നെന്നും, ഇതേ തുടർന്നാണ് അമിത വേഗത്തിൽ വാഹനം ഓടിച്ചതെന്നുമാണ് ഡ്രൈവർ അബ്ദുൾ റഹ്മാൻ പൊലീസിനു നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാറുകളുടെ മത്സരയോട്ടം നടന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ചോദ്യം ചെയ്തത്.

അതേസമയം സംഭവത്തിൽ ഷൈജുവിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. റഹ്മാൻ ഓടിച്ച കാറാണ് അപകടം വരുത്തിയത്. അമിത വേഗതയ്ക്കു മാത്രമേ കേസെടുക്കാനാകൂ എന്നും പൊലീസ് പറഞ്ഞു. ഇത് ഹോട്ടലുടമയെ ര്ക്ഷിക്കാനാണെന്നാണ് സൂചന. ദേശീയ പാതയിൽ അർദ്ധരാത്രിയുണ്ടായ അപകടത്തിൽ മിസ് കേരള മൂന്ന് പേരാണ് മരിച്ചത്.

മുൻ മിസ് കേരള അൻസി കബീർ, റണ്ണർ അപ് അഞ്ജന ഷാജൻ, സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവരുമായി അബ്ദുൽ റഹ്മാൻ ഓടിച്ച കാർ അപകടത്തിൽ പെട്ടതിനു തൊട്ടുപിന്നാലെ എത്തിയ കാറിൽനിന്ന് ഒരാൾ ഇറങ്ങി നോക്കുന്നതും ഉടൻ സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ ഹോട്ടലിന്റെ ഉടമയാണ് ഇതെന്നു പൊലീസിനു സംശയമുണ്ട്.

കുണ്ടന്നൂരിൽ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറും ഇവരും തമ്മിൽ തർക്കം നടന്നിരുന്നു എന്നും സൂചനയുണ്ട്. 12.30ന് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നു വിട്ട വാഹനം 100-120 കിലോമീറ്ററിൽ വേഗത്തിൽ സഞ്ചരിച്ചിട്ടും ഒരു മണിക്കു മാത്രമാണു ചക്കരപ്പറമ്പിൽ എത്തിയത്. അതും ദുരൂഹമായി തുടരുന്നു. ഹോട്ടലുടമ ഒളിവിൽ പോയതും സംശയം കൂട്ടുന്നു. പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ സംബന്ധിച്ച ദുരൂഹത നീക്കാനാണ് ഹോട്ടൽ ഉടമയെ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചത്. രാത്രി ഹോട്ടലിൽ നടത്തിയ ഡിജെ പാർട്ടിക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടായതായും ഇതാണു ദൃശ്യങ്ങൾ നശിപ്പിക്കാൻ കാരണമെന്നും കരുതുന്നു.

ഇതുകൊണ്ടു തന്നെയാകാം ദൃശ്യങ്ങൾ നശിപ്പിക്കാൻ ജീവനക്കാരോട് ഉടമ ആവശ്യപ്പെട്ടതെന്നും സംശയമുണ്ട്. പാർട്ടി നടന്ന ഹാളിലെയും ഹോട്ടലിന്റെ പാർക്കിങ് ഏരിയയിലെയും ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറാണു നശിപ്പിക്കപ്പെട്ടത്. 2019 ലെ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന തൃശൂർ വെമ്പല്ലൂർ സ്വദേശി കെ.എ.മുഹമ്മദ് ആഷിഖ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചു.