തിരുവനന്തപുരം: പേട്ടയിലെ 19-കാരൻ അനീഷ് ജോർജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണം ഉയരവേ നിർണായക ഫോൺ രേഖകളും പുറത്ത്. കൊല്ലപ്പെട്ട അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെൺ സുഹൃത്തിന്റെ അമ്മയുടെ ഫോണിൽ നിന്നും കോൾ വന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നത്. ഇതോടെ അനീഷിന്റേത് ആസൂത്രിത കൊലപാതകമാണെന്ന ആരോപണമാണ് ശക്തമാകുന്നത്. മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന അനീഷിന്റെ കുടുംബത്തിന്റെ ആരോപണവും പൊലീസ് വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ്.

പേട്ട ചായക്കൂടി റോഡിലെ പെൺസുഹൃത്തിന്റെ വീട്ടിൽ 19 കാരനായ അനീഷ് കുത്തേറ്റ് കൊല്ലപ്പെടുന്നത് തിങ്കളാഴ്ച പുലർച്ചെ മൂന്നരയ്ക്കാണെന്നാണ് പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലുള്ളത്. ഇതിനു തൊട്ടു മുൻപ് 3.20ന് അനീഷിന്റെ അമ്മ ഡോളിയുടെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മയും പ്രതി സൈമൺ ലാലന്റെ ഭാര്യയുമായ ആശ വിളിച്ചതിന്റെ തെളിവ് പുറത്തുവന്നു. ഉറക്കത്തിലായിരുന്ന ഡോളി കോൾ എടുത്തില്ല. 4.22 നും 4.27 നും ഇതേ നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നു. 4:29 ന് ആശയെ തിരിച്ചുവിളിച്ച ഡോളി മകനെക്കുറിച്ച് തിരക്കി. പൊലീസിൽ അന്വേഷിക്കണമെന്ന മറുപടിയാണ് ആശ നൽകിയതെന്ന് ഡോളി പറയുന്നു.

ആശയും മകളും അനീഷും ചേർന്ന് തലേന്ന് നഗരത്തിലെ മാളിൽ പോയത് അറിഞ്ഞ് അതിന്റെ വൈരാഗ്യത്തിൽ മകനെ വിളിച്ചു വരുത്തി വകവരുത്തിയതാണൈന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിന്റെ തെളിവുകൾ കൊല നടന്ന വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയ അനീഷിന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും കുടുംബം പറയുന്നു. ഈ വാദം കാര്യമായി എടുക്കുന്നില്ലെങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊല നടക്കുന്നതിനു മുൻപും പിൻപും കേസുമായി ബന്ധപ്പെട്ടവർ നടത്തിയ മുഴുവൻ ഫോൺ കോളുകളും ഇതിന്റെ ഭാഗമായി പൊലീസ് പരിശോധിക്കുന്നുണ്ട്.

ചൊവ്വാഴ്ച പെൺകുട്ടിയും സഹോദരങ്ങളും അമ്മയും അനീഷിനൊപ്പം ലുലുമാളിൽ പോയിരുന്നു. ബുധനാഴ്ച പുലർച്ചെ പൊലീസ് വീട്ടിൽ വന്നപ്പോളാണ് കൊലപാതക വിവരം അറിയുന്നത്. മൂത്ത മകളോടുള്ള സൗഹൃദവും തന്റെ കുടുംബവുമായി അനീഷ് സഹകരിക്കുന്നതും ലാലന് ഇഷ്ടമായിരുന്നില്ല. ഈ സൗഹൃദത്തെ ലാലൻ മുമ്പും വിലക്കിയിരുന്നതായും പൊലീസ് പറയുന്നു. ഇത് മറികടന്ന് ലാലന്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടർന്നു. ഇത് സംബന്ധിച്ചും ലാലന്റെ കർശന നിലപാടുകളിലും കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു.

ഒരേ ദേവാലയത്തിൽ പോകുന്ന ലാലന്റേയും അനീഷിന്റേയും കുടുംബങ്ങൾ തമ്മിൽ മുൻ പരിചയമുണ്ടായിരുന്നു. ലാലന്റെ കുടുംബത്തിന്റെ സഹായിയുമായിരുന്നു അനീഷ്. ലാലന്റെ ഭാര്യക്കും അനീഷിന്റെ അമ്മയുമായും സൗഹൃദമുണ്ടായിരുന്നു. സംഭവദിവസം അനീഷും ലാലന്റെ കുടുംബാംഗങ്ങളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ പൊലീസ് പരിശോധിക്കും.

ബുധനാഴ്ച പുലർച്ചെ പേട്ട ചായ്ക്കുടി ലെയ്നിലെ ഏദൻ എന്ന വീട്ടിലാണ് കൊലപാതകം നടന്നത്.