തിരുവനന്തപുരം: കേരളത്തിൽ നിന്നും ഭീകരസംഘടനയായ ഐസിസിൽ ചേർന്നത് നൂറിലേറെ യുവാക്കളാണെന്ന വെളിപ്പെടുത്തൽ നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് ഭീകര സംഘടനകൾ കേരളത്തിലും വേരുറപ്പിക്കുന്നു എന്ന സംഭവത്തിന്റെ തെളിവായി മാറുകയും ചെയ്തു. കേരളത്തിൽ ഐഎസിന് സ്വാധീനമുണ്ടെന്ന മുന്നറിയിപ്പും അടുത്തിടെ സ്ഥാനമൊഴിഞ്ഞ മുൻ ഡിജിപി ലോകനാഥ് ബെഹ്‌റയും നൽകുകയുണ്ടായി. ഇപ്പോൾ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നു എന്ന പേരിൽ സംസ്ഥാനത്ത് ഒരു പുസ്തകം നിരോധിക്കാൻ ആലോചന.

ഈജിപ്ഷ്യൻ മുസ്ലിം പണ്ഡിതൻ എഴുതിയ പുസ്തകമാണ് സംസ്ഥാനത്ത് നിരോധിക്കാൻ ഒരുങ്ങുന്നത്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്താണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അഹമ്മദ് ഇബ്രാഹിം അൽ ദുംയാതി എഴുതിയ പുസ്തകത്തിനെതിരെയാണ് ഡിജിപി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ എന്നാണ് പുസ്തകത്തിന്റെ പേര് ( Mashari al-Ashwaq Ila Masari al-Ushaaq ). ഉത്തരവിന്റെ പകർപ്പ്

പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനാണ് ഇബ്രാഹിം അൽ ദുംയാതി. ഈ പുസ്തകം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മത സ്പർധ വളർത്തുന്ന ഉള്ളടക്കം ആണ് പുസ്തകത്തിലെന്നും ഭീകര സംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഇതെന്നും ഡിജിപി പറയുന്നു.

അനിൽകാന്തിന്റെ നിർദ്ദേശത്തിന് പിന്നാലെ പുസ്തകം പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. പിആർഡി ഡയറക്ടർ എസ് ഹരികിഷോർ, ആഭ്യന്തര സുരക്ഷ ഐജി ജി സ്പർജൻ കുമാർ, ഡോക്ടർ എൻ കെ ജയകുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. അഹമ്മദ് ഇബ്രാഹിം മുഹമ്മദ് അൽ ദിമാഷ്‌കി ദുംയാതി പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മതപണ്ഡിതനാണെന്നാണ് കരുതുന്നത്.

ഇബ്‌നു നുഹാസ് എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നു. മഷാരി അൽ അഷ്വാക് എന്ന പുസ്തകം വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആരെന്നതിൽ വ്യക്തതയില്ല.