ആലപ്പുഴ: ഭാര്യ അറിയാതെ കുളിമുറിയിലെ ഡ്രെയ്നേജിൽ ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നതിനിടെ കൈ കുടുങ്ങിയ മധ്യവയസ്‌കനെ അഗ്‌നിശമനസേന രക്ഷിക്കുന്നു എന്ന വ്യാജ അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി. മാന്നാർ കുരട്ടിശ്ശേരി സുരഭിയിൽ സുരേഷ്‌കുമാറാണ് മാന്നാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. വ്യാജ പ്രചരണം നടത്തിയതിനെ തുടർന്ന് ഭാര്യക്കും മകൾക്കും തനിക്കും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും വലിയ മാനസിക വ്യഥയിലാണ് കുടുംബമെന്നും പരാതിയിൽ പറയുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ വാട്ട്സാപ്പ് കൂട്ടായ്മയിൽ നിന്നും വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാജ അടിക്കുറിപ്പോടെ പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ സുരേഷ്‌കുമാർ ആവശ്യപ്പെടുന്നു.

കഴിഞ്ഞമാസം 27ന് സുരേഷ്‌കുമാർ കുളിമുറിയിലെ ഡ്രെയ്നേജ് പൈപ്പ് മാലിന്യം മൂടി തടസമുണ്ടായിപ്പോൾ വൃത്തിയാക്കുകയായിരുന്നു. ഇതിനിടയിൽ പൈപ്പിനുള്ളിലേക്ക് കൈകടത്തി മാലിന്യം നീക്കാൻ തുടങ്ങി. ഇതിനിടയിൽ കൈ കുടുങ്ങിപോയി. ഈ സമയം രാത്രി 9 മണിയോടെ അടുത്തിരുന്നു. കുളിമുറിയിൽ കയറി സമയം ഡോർ അകത്ത് നിന്നും ലോക്ക് ചെയ്തിരുന്നു. കൈ പുറത്തേക്ക് എടുക്കാൻ കഴിയാതെ വന്നതോടെ ഭാര്യയെയും മകളെ ഉച്ചത്തിൽ വിളിച്ച് കാര്യം പറഞ്ഞു. തുടർന്ന് അവർ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വെന്റിലേഷൻ വഴി പൈപ്പിട്ട് ഡോറിന്റെ ലോക്ക് മാറ്റുകയും അകത്ത് കടന്ന് സുരേഷിനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ശ്രമം വിഫലമായി. തുടർന്ന് അയൽപ്പക്കത്തുള്ളവരെ സഹായത്തിന് വിളിക്കുകയായിരുന്നു.

അയൽക്കാർ എത്തിയിട്ടും സുരേഷിന്റെ കൈ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഫയർ ഫോഴ്സിന്റെ സഹായം തേടാൻ തീരുമാനിച്ചത്. വിവരമറിഞ്ഞയുടൻ തന്നെ മാവേലിക്കര ഫയർ ഫോഴ്സ് സംഭവ സ്ഥലത്ത് കുതിച്ചെത്തി. ഫ്ളോർ ടൈൽ പൊട്ടിച്ചുമാറ്റിയ ശേഷം ഫ്ളേർടാപ്പുൾപ്പെടെ പുറത്തെടുക്കുകയും പിന്നീട് മെഷീൻ ഉപയോഗിച്ച് മുറിച്ചുമാറ്റുകയുമായിരുന്നു. ഈ സംഭവത്തിന് ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യം വാട്ട്സാപ്പ് ഗ്രൂപ്പിൽ പങ്കു വച്ചു. ഇവിടെ നിന്നും പിന്നീട് ഈ ദൃശ്യങ്ങൾ പുറത്ത് പോകുകയും വ്യാജ അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുമായിരുന്നു.

ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന വ്യാജ പ്രചാരണത്തോടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കുടുംബത്തിനു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. ഭാര്യയും ഭർത്താവും ജോലിക്കു പോകുന്നില്ല. മകളുടെ കൂട്ടുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങൾ പ്രചരിച്ചതോടെ കുടുംബം കൂടുതൽ സമ്മർദത്തിലായി. ഇതോടെ മറുനാടൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ സംഭവം വാർത്തയാക്കി ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുകയായിരുന്നു.

ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനാണ് പൊലീസിൽ പരാതി നൽകിയതെന്ന് സുരേഷ്‌കുമാർ മറുനാടനോട് പറഞ്ഞു. സുരാജ് വെഞ്ഞാറമ്മൂടും സൗബിനും വേഷമിട്ട 'വികൃതി' എന്ന സിനിമയിൽ പ്രതിപാദിച്ചതിനു സമാനമായ ദുരനുഭവമാണ് ഈ കുടുംബത്തിനും നേരിടേണ്ടിവന്നത്. മദ്യപിച്ച് കൊച്ചി മെട്രോയിൽ ഉറങ്ങുന്ന യാത്രക്കാരനെന്ന പേരിൽ പ്രചരിച്ച ദൃശ്യത്തിലുണ്ടായിരുന്ന ആൾ നേരിട്ട അതേ അനുഭവമാണ് ഈ കുടുംബത്തിനും ഉണ്ടായത്.

 

എറണാകുളം ജനറൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുന്ന സഹോദരനെ കണ്ടുവരുമ്പോൾ ഉറങ്ങിപ്പോയതായിരുന്നു ബധിരനും മൂകനുമായ വ്യക്തി. സത്യം പുറത്തുവരുമ്പോഴേക്കും വിഡിയോ ലക്ഷണക്കണക്കിന് ആളുകളിലെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കഥ പിന്നീട് സുരാജ് വെഞ്ഞാറമ്മൂടും സൗബിനും തകർത്തഭിനയിച്ച 'വികൃതി' എന്ന സിനിമയ്ക്ക് ആധാരമാകുകയും ചെയ്തിരുന്നു.