തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ന്യൂസ് അവർ ചർച്ചക്കിടെ വിനു വി ജോണിന്റെ ചോദ്യങ്ങളിൽ ഉത്തരം മുട്ടിയപ്പോൾ പൊട്ടിത്തെറിച്ച് അനിത പുല്ലയിൽ. മോൻസനെ ലോകനാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയ ഇറ്റലിയിൽ താമസിക്കുന്ന പ്രവാസി വനിതയാണ് അനിത പുല്ലയിൽ. ലോക കേരളാ സഭയിലെ അംഗമായ ഇവർ വിനുവിന്റെ ചോദ്യങ്ങളിൽ പ്രകോപിതയായി വികാര വിക്ഷോഭത്തിനിടെ മറ്റൊരു ഗുരുതര ആരോപണവും അവർ ഉന്നയിച്ചു.

മോൻസനുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല 25 കോടിയുടെ ബിസിനസ് ഇടപാടു നടത്തിയെന്നാണ് അനിത ന്യൂസ് അവർ ചർച്ചയിൽ ആരോപിച്ചത്. 'രമേശ് ചെന്നിത്തലയും മോൻസണും തമ്മിൽ 25 കോടിയുടെ ഇടപാട് ഉണ്ടാക്കി.ആ ഇടപാട് എന്തിന് നിർത്തി? മോൻസണെ നല്ല രീതിയിൽ അറിയുന്ന ഒരാളാണ് ചെന്നിത്തല'യെന്നാണ് അനിത ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞത്.

ഇറ്റലിയിൽ നിന്നും ഇടക്കിടെ വന്ന് കേരളത്തിലെ പ്രശ്‌നങ്ങളിൽ ഇടപെട്ട് ബെഹ്‌റയെ കാണാൻ എങ്ങനെ സാധിക്കുന്നു എന്ന വിനുവിന്റെ ചോദ്യമാണ് അനിതയെ പ്രകോപിതയാക്കിയത്. തുടർന്ന് വിനുവിനെതിര പൊട്ടിത്തെറിക്കുകയായിരുന്നു അവർ ബെഹ്‌റ കൂട്ടിക്കൊടുപ്പുകാരനാണെന്നാണ് കരുതുന്നത് എന്നു ചോദിച്ചായിരുന്നു അനിതയുടെ വികാര പ്രകടനം. കേരളാ പൊലീസിന്റെ മേധാവിയും ഒരു പെരുങ്കള്ളനുമായുള്ള പരിചയപ്പെടുത്തയ വ്യക്തിയാണ് നിങ്ങൾ എന്നു വിനുവിന്റെ ചോദ്യത്തിലും അവർ കൂടുതൽ ക്ഷുഭിതയായി.

ബെഹ്‌റയുമായി തനിക്ക് മറ്റു ബന്ധമില്ലെന്നും, നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല താനെന്നും അവർ പറഞ്ഞു. സിപിഎമ്മാണോ നിങ്ങളുടെ പ്രശ്‌നം, ബെഹ്‌റയാണോ നിങ്ങളോടു പ്രശ്‌നമെന്നും അനിത ചോദിച്ചു. മസാല പരിപാടികളിലേക്ക് പോകുന്നുവെന്നും അവർ പറഞ്ഞു. തുടർന്ന് ചർച്ചക്കിടെ വിനു ഇളവേള പറഞ്ഞപ്പോൾ തുടർ ചർച്ചയിൽ പങ്കെടുക്കാതെ അനിത വിട്ടുപോകുകയായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിനെ ആദ്യമായി കണ്ടത് രണ്ട് വർഷം മുമ്പാണെന്നും അവർ പറഞ്ഞു. മോൻസനുമായി ബിസിനസ് ബന്ധങ്ങളില്ല. പ്രവാസി സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായ പരിചയം മാത്രമാണുള്ളത്.

മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മോൻസനുമായി പരിചയപ്പെടുത്തിയത് താനാണെന്നും അനിത വിശദീകരിച്ചു. മുൻ ഡിഐജി സുരേന്ദ്രനെ കണ്ടിട്ടുള്ളത് മോൻസന്റെ വീട്ടിൽ വച്ചാണെന്ന് പറഞ്ഞ അനിത മോൻസനെ സൂക്ഷിക്കണമെന്ന് ബെഹ്‌റ തനിക്ക് മുന്നറിയിപ്പ് നൽകിട്ടുണ്ടെന്നും വെളിപ്പെടുത്തി. ഡിജിപി ആയിരിക്കെയാണ് ലോക്‌നാഥ് ബെഹ്ന മോൻസനുമായി ബന്ധപ്പെട്ട് തനിക്ക് മുന്നറിയിപ്പ് നൽകിയത്. പ്രവാസി മലയാളി സംഘടനയിൽ ഇപ്പോഴും അംഗമാണെന്നും അനിത വ്യക്തമാക്കി.

അതിനിടെ ചർച്ചക്കിടെ മോൻസനിൽ നിന്നും പൊലീസുകാർ പണം വാങ്ങിയെന്ന ആരോപണവും ചർച്ചക്കിടെ ഉയർന്നു. ഡിഐജി സുരേന്ദ്രന്റെ മകളുടെ ജന്മദിനാഘോഷം കടവന്ത്രയിലെ ഒലിവ് ഡൗൺടൗൺ ഹോട്ടലിൽവച്ച് സ്‌പോൺസർ ചെയ്തത് മോൻസൻ മാവുങ്കലാണെന്ന് ഫോട്ടോഗ്രാഫർ അർഷാദ് ടിഎച്ച് വെളിപ്പെടുത്തി.

അർഷാദാണ് പിറന്നാളോഘോഷത്തിന്റെ ഫോട്ടോഗ്രഫി ജോലി ചെയ്തിരുന്നത്. ജോലി ഏൽപ്പിച്ചത് മോൻസന്റെ സുഹൃത്തെന്നും പണം നൽകിയത് മോൻസനാണെന്നും അർഷാദ് പറഞ്ഞു. സുരേന്ദ്രൻ ഡിഐജിയായിരിക്കെ മോൻസൻ മാവുങ്കലിന്റെ സൗജന്യം കൈപ്പറ്റിയെന്ന് വ്യക്തമാക്കുന്നതാണ് അർഷാദിന്റെ വാക്കുകൾ. മകളുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ എടുത്തെങ്കിലും മോൻസൻ പേയ്‌മെന്റ് തന്നില്ലെന്നും അർഷാദ് പറഞ്ഞു.

അതേസമയം നയാപൈസ കയ്യിലില്ലെന്ന് പ്രതി മോൻസൻ മാവുങ്കൽ പറഞ്ഞു. പണമെല്ലാം ധൂർത്തടിച്ചെന്നാണ് മോൻസൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോൻസൻ പറഞ്ഞു. അതേസമയം ബാങ്ക് വഴി കൈപ്പറ്റിയ തുക പ്രതി സമ്മതിച്ചു. തട്ടിപ്പ് പണമുപയോഗിച്ച് പലയിടത്തുനിന്ന് പുരാവസ്തുക്കൾ വാങ്ങിയെന്നാണ് പറയുന്നത്. പാസ്‌പോർട്ടില്ലെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോൻസൻ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

തട്ടിപ്പുപണംകൊണ്ട് പള്ളിപ്പെരുനാൾ നടത്തി. ഇതിനായി ഒന്നരക്കോടി ചെലവായി. വീട്ടുവാടക മാസം അൻപതിനായിരം രൂപയും കറന്റ് ബില്ല് ശരാശരി പ്രതിമാസം 30000 രൂപയും ചെലവാക്കി. സ്വകാര്യ സുരക്ഷയ്ക്കുൾപ്പെടെ ശരാശരി മാസച്ചെലവ് 25 ലക്ഷം വരുമെന്നും മോൻസൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. തട്ടിപ്പ് പണം കൊണ്ട് കാറുകൾ വാങ്ങിക്കൂട്ടിയെന്നും പ്രതി മൊഴി നൽകി. പണം തന്നവർക്ക് പ്രതിഫലമായി കാറുകൾ നൽകി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോർഷെ, ബി എം ഡബ്യൂ കാറുകൾ നൽകിയെന്നാണ് മൊഴി.