തിരുവനന്തപുരം: മുൻപ് മോൻസൻ മാവുങ്കൽ കേസിൽ താൻ ശുദ്ധയാണെന്ന് വരുത്തി തീർത്തതിന് ശേഷം ഏഷ്യനെറ്റ് ന്യൂസ് ചാനലിൽ ചർച്ചക്ക് പോയ ശേഷം വിനു വി ജോണിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ വന്നതോടെ കളംവിട്ടതാണ് അനിത പുല്ലയിൽ എന്ന വിവാദ വനിത. ഇതിനിടെ ഇവർക്കെതിരെ നിരവധി ആരോപണങ്ങളും ഉയരുന്നിരുന്നു. എന്നാൽ വിവാദങ്ങളോട് ഒന്നും പ്രതികരിക്കാതിരുന്ന അനിത ചിത്രത്തിൽ നിന്നും പതിയ ഔട്ടായി. അതിന് ശേഷം ഇന്നലെയാണ് അവർ വീണ്ടും പൊങ്ങിയത്.

കഴിഞ്ഞ തവണ ലോക കേരള സഭയുടെ പ്രതിനിധി ആയിരുന്ന അനിത പുല്ലയിൽ ഇക്കുറി സഭയിൽ ക്ഷണിതാവോ അംഗമോ ആയിരുന്നില്ല. എന്നിട്ടും വളരെ കൂളായി തന്നെ അവർ ലോക കേരള സഭാ സമ്മേളനം നടക്കുന്ന നിയമസഭാ മന്ദിരത്തിൽ എത്തി. സുരക്ഷാ പരിശോധനകൾ എല്ലാം മറികടന്നാണ് ഇവർ നിയമസഭാ മന്ദിരത്തിൽ എത്തിയത് എന്ന് വ്യക്തമായതോട് ഇവർ ഇപ്പോഴും ഭരണത്തിൽ സ്വാധീനമുള്ള വ്യക്തിയാണെന്ന ആരോപണങ്ങൾ ശക്തമാകാനും ഇടയാക്കി. ലോക് കേരള സഭ പ്രാഞ്ചിയേട്ടന്മാരുടെ സമ്മേളനമാണെന്ന വിമർശനം ഉരുമ്പോഴാണ് ഒരു അവതാരവും സമ്മേളനത്തിന് എത്തിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അടക്കം അടുത്ത ബന്ധമായിരുന്നു അനിതയ്ക്ക് ഉണ്ടായിരുന്നത്.

ഇറ്റലിയിൽനിന്നുള്ള പ്രവാസിയായ അനിത സമ്മേളനത്തിന്റെ ആദ്യ ദിവസമായ വെള്ളിയും സമാപന ദിവസമായ ഇന്നലെയും നിയമസഭയിൽ ചുറ്റിക്കറങ്ങുകയും ഒട്ടേറെ പേരുമായി സംസാരിച്ചിരിക്കുകയും ചെയ്തു. ഇന്നലെയാണ് മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടതെന്നു മാത്രം. മാധ്യമങ്ങൾ പിന്തുടർന്നതോടെ ഇവർ സഭാ ടിവിയുടെ ഓഫിസിനുള്ളിലേക്കു മാറി. മാധ്യമങ്ങൾ പുറത്തു കാത്തുനിന്നു. ഇതു കണ്ട വാച്ച് ആൻഡ് വാർഡ് മാധ്യമപ്രവർത്തകരോട് അവിടെ നിന്നു മാറാൻ ആവശ്യപ്പെട്ടു. പിന്നാലെ അനിതയെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. മന്ദിരത്തിനു പുറത്തെത്തിയ അനിതയോടു പ്രതികരണം ആവശ്യപ്പെട്ടെങ്കിലും പിന്നീടു പറയാം എന്നറിയിച്ച് ഒഴിഞ്ഞുമാറി.

പ്രതിനിധികളുടെ പട്ടികയിൽ അനിതാ പുല്ലയിൽ ഇല്ലായിരുന്നെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ലോക കേരളസഭാ സമ്മേളനം പൂർത്തിയായിട്ടും പ്രതിനിധികളുടെ പട്ടിക നോർക്ക വകുപ്പ് പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങൾ ആദ്യ ദിവസം തന്നെ പട്ടിക ആവശ്യപ്പെട്ടെങ്കിലും സംഘാടകർ ഒഴിഞ്ഞുമാറുകയായിരുന്നു. അനിത എങ്ങനെ അകത്തുകടന്നെന്ന് അന്വേഷിക്കാൻ നിയമസഭയിലെ സുരക്ഷാ മേധാവിയായ ചീഫ് മാർഷനിനോട് സ്പീക്കർ നിർദ്ദേശിച്ചു. ഒരു സ്വകാര്യ ടിവി ചാനലിന്റെ വാഹനത്തിൽ അനിത അകത്തുകടന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

പ്രവാസി ഡെലിഗേറ്റുകൾ, മാധ്യമപ്രവർത്തകർ, സഭാംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ, സംഘാടകർ എന്നിവർക്കായിരുന്നു സമ്മേളനം നടന്ന നിയമസഭാ വളപ്പിനുള്ളിൽ പ്രവേശനമുണ്ടായിരുന്നത്. എല്ലാവർക്കും പാസ് നൽകിയായിരുന്നു നിയന്ത്രണം. മന്ദിരത്തിനു പുറത്തുനടന്ന ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്കു പോലും പാസ് നിർബന്ധമാക്കിയിരുന്നു. എന്നിട്ടും ലോക കേരളസഭയിൽനിന്നു സർക്കാർ ഒഴിവാക്കിയ അനിതാ പുല്ലയിൽ 2 ദിവസം തടസ്സങ്ങളൊന്നും കൂടാതെ അകത്തു കടന്നതും കറങ്ങിനടന്നതും സംഘാടകർക്കു ക്ഷീണമായി. അനിത പാസ് ധരിച്ചിരുന്നുമില്ല.