കാഞ്ഞങ്ങാട്; കൂലോം റോഡ് നടുത്തെ, ചതുരകിണർ കുഞ്ഞുകുന്നിലെ അനിതയുടെ (45) ആത്മഹത്യക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് തീയ്യ മഹാസഭ ജില്ലാ കമ്മറ്റി രംഗത്തുവന്നു. മഹിള തീയ്യമഹാസഭയുടെ ഉപ്പിലിക്കെ യൂണിറ്റ് പ്രസിഡണ്ടായ ചതുരകിണറിലെ അനിതയുടെ മരണത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്നും കുറ്റക്കാർ ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് തീയ്യമഹാ സഭ ജില്ലാ നേതാക്കൾ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി , എൻ പി വിനോദ് കുമാറിന് നിവേദനം നൽകി.

സംസ്ഥാന പ്രസിഡണ്ട് ഗണേശ് അരമങ്ങാനം, ജില്ലാ പ്രസിഡണ്ട് വിശ്വംഭര പണിക്കർ, സംസ്ഥാന മീഡിയാ ചെയർമാൻ എൻ. ചന്ദ്രൻ പുതുക്കെ, ജില്ലാ സെക്രട്ടറി ദാമോദരൻ കൊമ്പത്ത് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. സമഗ്ര അന്വേഷണം നടത്തിയില്ലെങ്കിൽ പ്രത്യക്ഷ സമരരംഗത്തിറങ്ങുമെന്ന് തീയ്യ മഹാസഭ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ഞായറാഴ്ച സന്ധ്യയ്ക്ക് 7 മണിയോടെയാണ് അനിതയെ വീട്ടിനകത്ത് അവശനിലയിൽ കാണപ്പെട്ടത്. ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപ്രതിയിലെത്തിച്ചപ്പോൾ ഇവർ രക്തസമ്മർദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ചതായി കണ്ടെത്തി. ഇവിടെനിന്നും നില അതീവഗുരു തരമായതിനാൽ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയ്ക്കിടയിലാണ് മരണം സംഭവിച്ചത്.

സ്വകാര്യ ബീഡി തൊഴിലാളിയായ അനിത കൃഷ്ണന്റെയും അമ്മിണിയുടെയും മകളാണ്.
അനിതയുടെ മരണത്തിന് കാരണക്കാരൻ ഒരു പൊലീസുകാരനാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇയാളുടെ മൊബൈലിൽ നിന്നും അനിതയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വന്നിരുന്നുവെന്നും ഇതേചൊല്ലി വീട്ടിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. ഈ സംഭവത്തിന് പിന്നാലെയാണ് അനിതയെ ആത്മഹത്യചെയ്ത് നിലയിൽ കണ്ടത്. ഈ സംഭവത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.