തുടർമന്ത്രിസഭയിൽ ശൈലജ ടീച്ചർ ഇല്ലായെന്നതിലെ നീതികേട് ചോദ്യം ചെയ്യുമ്പോൾ അത് എതിർപക്ഷത്തുള്ളവരുടെ കരച്ചിലായും രോദനമായും തീർപ്പു കല്പിക്കുന്നവരോട് പറഞ്ഞിട്ടു കാര്യമില്ലെന്നറിയാം. പോത്തിനോട് വേദമോതിയിട്ടു എന്ത് കാര്യം. 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ.കെ. ശൈലജ ടീച്ചർ ജയിച്ചത് അത് ആരോഗ്യ മന്ത്രിയെന്ന നിലയിൽ അവരിലുള്ള വിശ്വാസം കൊണ്ടു തന്നെയാണ്. PR വർക്കുകളുടെ അകമ്പടിയോടെയാണെങ്കിലും ആരോഗ്യ കേരളമെന്ന ബാനർ ഉയർത്തി കാട്ടിയത് അവരുടെ മുഖം ഹൈലൈറ്റ് ചെയ്തിട്ടു തന്നെയാണ്. ഹൈപ്പുകളുടെ മഹാപ്രളയം തന്നെ CPM ശൈലജ ടീച്ചർ എന്ന ഒരൊറ്റ ലേബലിലൂടെ സൃഷ്ടിച്ചു. കോവിഡ് എന്ന മഹാമാരി സൃഷ്ടിച്ച വേവലാതികൾക്കിടയിൽ ആശ്വാസമായി നിന്നത് ടീച്ചറമ്മ ഉറങ്ങാതെ കാവലുണ്ട് എന്ന ടാഗ് ലൈൻ തന്നെയാണ്. എന്നിട്ടും കാര്യം കഴിഞ്ഞപ്പോൾ ബുദ്ധിപരമായി തമ്പ്രാൻ അവരെ തഴഞ്ഞു..

ന്യായീകരണ ക്യാപ്‌സ്യൂളുകളിൽ സമൃദ്ധമായി കാണുന്ന ഒരു ഐറ്റമാണ് പുതുമുഖങ്ങൾക്ക് കഴിവു തെളിയിക്കാനുള്ള അവസരം എന്നതുകൊണ്ടാണ് ഈ തീരുമാനം. കഴിഞ്ഞ ടേമിൽ പുതുമുഖമായിരുന്ന മുഖ്യൻ കഴിവു തെളിയിക്കാത്തതുകൊണ്ടും അതിനൊരവസരം ശിവശങ്കർ നല്കാത്തതുകൊണ്ടും ഈ ടേമിൽ രണ്ടാമവസരം പാർട്ടി നല്കിയതാകാം. അതെന്തുമാകട്ടെ ! പക്ഷേ ലോജിക്കലായിട്ട് പറയേണ്ട ഒരു സംഗതി ഇവിടെയുണ്ട്. മറ്റുള്ള വകുപ്പുകളിൽ പുതുമുഖങ്ങളെ വച്ച് കഴിവ് തെളിയിക്കാൻ ഒരവസരം നല്കുന്നതു പോലെയല്ല ആരോഗ്യവകുപ്പ് . പ്രത്യേകിച്ചും ഈ മഹാമാരി കാലത്ത് . കോവിഡ് - 19 ഒന്നാം വേവ് ഒരു പരിധി വരെ ഫലപ്രദമായി പ്രതിരോധിച്ചവരാണ് നമ്മൾ .അതിനു മുന്നിൽ നിന്നത് ആരോഗ്യപ്രവർത്തകരും ആരോഗ്യ വകുപ്പും അതിന്റെ തലപ്പത്ത് ഉള്ള ടീച്ചറുമാണ്. നിപ്പ പോലൊരു മഹാമാരിയെ തുരത്തിയ പ്രീവിയസ് എക്‌സ്പീരിയൻസും അവർക്കുണ്ട്. രണ്ടാം തരംഗം ശക്തമായി നില്ക്കുമ്പോൾ മുൻപരിചയത്തിനു തന്നെയാണ് വില കൊടുക്കേണ്ടത്. ഇത്രയും സങ്കീർണ്ണമായ ഒരു സമയത്ത് ഒരു പുതുമുഖത്തെ ഇത്രയും പ്രധാനപ്പെട്ട വകുപ്പിൽ പരിഗണിക്കാൻ ഇത് വിനയന്റെ സിനിമയല്ല. മറിച്ച് ഒരു ജനതയുടെ നിലനില്പിന്റെ പ്രശ്‌നമാണ്.

മോദി കൈ കൊട്ടിയാൽ കൊറോണ ഓടുമോ എന്നു ചോദിച്ച കുറേ ചുവന്ന ഭിഷഗ്വരന്മാർ തമ്പ്രാന്റെ തിട്ടൂരത്തിനു പുറകേ പായാറുണ്ടല്ലോ. അവരെങ്കിലും പറഞ്ഞു കൊടുക്കണം ആരോഗ്യ മേഖലയിൽ , പ്രത്യേകിച്ചും മഹാമാരി വേളയിൽ മുൻപരിചയത്തിനുള്ള സ്ഥാനം.
ഇത്രയും അതിസങ്കീർണ്ണമായ മഹാമാരി കാലം നേരിടുന്ന വേളയിൽ ആരോഗ്യമേഖലയിൽ ഒരു പുതുമുഖത്തെ പരീക്ഷിക്കുന്നത് തീർത്തും അപക്വമായ നടപടി തന്നെയാണ്. തനിക്ക് മീതേ വളരുന്ന ഏതൊരു മരത്തെയും വെട്ടി വീഴ്‌ത്തുന്ന പെരുന്തച്ചന്റെ ആ സുപ്പീരിയർ ഇസം കണ്ട് കയ്യടിക്കുന്നവർ ഒന്നോർക്കുക ആ പെരുന്തച്ചൻ ജനഹിതത്തിന്റെ കടയ്ക്കൽ ആഞ്ഞു വെട്ടിയപ്പോൾ ഉളി പാടേറ്റത് ആരോഗ്യകേരളത്തിനാണ്??