കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി(24)യുടെ സഹോദരി അൻസി വീണ്ടും പിഞ്ചു കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു കളഞ്ഞു.

നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അൻസി പോയത്. ജനുവരി 17 ന് ഇയാൾക്കൊപ്പം പോയ അൻസിയെ ഭർത്താവും പിതാവും നൽകിയ പരാതിയെ തുടർന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിന് പൊലീസ് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് ഭർത്താവ് മുനീർ ഒരു ലക്ഷത്തോളം രൂപ മുടക്കി ജാമ്യം എടുത്ത് ഒപ്പം താമസിച്ചു വരുന്നതിനിടെയാണ് അൻസി വീണ്ടും കാമുകനൊപ്പം കടന്നു കളഞ്ഞത്.

അക്ഷയ കേന്ദ്രത്തിൽ പോകുകയാണ് എന്ന് വീട്ടിൽ പറഞ്ഞ് ഇറങ്ങിയ അൻസി സഞ്ചുവിനൊപ്പം കടന്നു കളയുകയായിരുന്നു. അൻസിക്ക് ഇപ്പോൾ 1 വയസ് പ്രായമുള്ള മകളുണ്ട്. ഈ കുഞ്ഞിനെ ഉപേക്ഷിച്ചാണ് വീണ്ടും പോയത്. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് അൻസിയും സഞ്ചുവും പ്രണയത്തിലാകുന്നത്. അൻസിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗമാണ്. പല പ്രതിഷേധ പരിപാടികൾക്കും ഇയാൾ പങ്കെടുത്തിട്ടുണ്ട്.

കൂടാതെ അൻസിയുടെ വീട്ടിൽ സ്ഥിര സന്ദർശകനുമായിരുന്നു. ഇതിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. വീണ്ടും അൻസി കാമുകനൊപ്പം ഒളിച്ചോടിയതിന് തുടർന്ന് പിതാവ് റഹീമും ഭർത്താവ് മുനീറും കൊട്ടിയം പൊലീസിൽ പരാതി നൽകി. മുൻപ് കാമുകനൊപ്പം കടന്നുകളഞ്ഞപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ ഭർത്താവിനൊപ്പം പോകാൻ താൽപ്പര്യമില്ലെന്നും കാമുകനൊപ്പം പോയാൽ മതിയെന്നുമായിരുന്നു നിലപാട്.

തന്റെ സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ വേണ്ടിയാണ് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതെന്നാണ് അന്ന് പൊലീസിന് നൽകിയ മൊഴി. ഭർത്താവിനൊപ്പം നിന്നാൽ പഠിക്കാൻ കഴിയില്ലെന്നും കാമുകനായ സഞ്ചു പഠിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

എന്നാൽ പിന്നീട് ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം ഭർത്താവിനും കുഞ്ഞിനുമൊപ്പം അൻസി പോകുകയായിരുന്നു. അന്ന് ഇക്കാര്യങ്ങൾ വാർത്തയാക്കിയ മാധ്യമങ്ങൾക്കെതിരെ പരാതി നൽകുകയും സഞ്ചു കാമുകനല്ലെന്നും വിശദീകരിച്ച് അൻസി രംഗത്ത് വന്നിരുന്നു. ഭർത്താവുമായുള്ള വഴക്കിനെതുടർന്ന് മറ്റൊരിടത്തേക്ക് മാറി നിൽക്കാനായിട്ടാണ് സഞ്ചുവിനൊപ്പം പോയതെന്നായിരുന്നു വാദം.

കഴിഞ്ഞ സെപ്റ്റംബർ 3നാണ് പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിന്മാറിയതിനെ തുടർന്നു അൻസിയുടെ സഹോദരി ആത്മഹത്യ ചെയ്തത്. മരണത്തിൽ ദുരൂഹതയുണ്ടൈന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വരികയും തുടർന്ന് ഒരു വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയുമായിരുന്നു. കുടുംബത്തിന് നീതി ലഭ്യമാക്കാനായി നിരവധി പേർ പണം അയച്ച് സഹായിച്ചിരുന്നു. ഈ പണവുമായാണ് ഇവർ പോയതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി അൻസിയുടെ അഭിമുഖങ്ങൾക്കു സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം ലഭിച്ചിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി. ഇതോടെ വലിയ തോതിൽ ജനശ്രദ്ധ ആകർഷിച്ച റംസിയുടെ മരണം ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ഉൾപ്പെടെ മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ അൻസിയെ കാണാതായതായി ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷം സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ യുവാവ് റംസിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു പരാതി. റംസി മൂന്നു മാസം ഗർഭിണിയായിരിക്കെ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലാണ് സീരിയൽ നടിക്കെതിരെ പരാതി ഉണ്ടായിരുന്നത്.