തിരുവനന്തപുരം: കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആൻസി കബീറിന്റെ പിതാവ്.അന്വേഷണത്തിൽ തൃപ്തിക്കുറവില്ല. പക്ഷെ പോസറ്റീവായി ഒന്നും സംഭവിക്കുന്നില്ല ആൻസി കബിറീന്റെ പിതാവ് കബീർ പറയുന്നു.ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ കാണാനൊരുങ്ങുകയാണ് കുടുംബം.

അൻസി മരിച്ചിട്ട് 22 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രിയെ കാണുന്നത്. അപകട സമയത്ത് ഒരാൾ പിന്തുടർന്നുവെന്ന് പറയുന്നു. അയാൾ ഒളിവിലാണ്. ഇതുവരെ പിടികൂടിയിട്ടില്ല. മാത്രമല്ല സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ കാണാതായി. ഇതൊക്കെ സംശയങ്ങൾക്ക് ഇടയാക്കുന്നു. അന്വേഷണത്തിൽ തൃപ്തിക്കുറവൊന്നുമില്ല. പക്ഷെ അന്വേഷണത്തിൽ പോസിറ്റീവായി ഒന്നും അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്നിൽ ആവശ്യങ്ങൾ രേഖാമൂലം അറിയിക്കുമെന്ന് ബന്ധുവായ നസീം പറഞ്ഞു. ആനുകൂലമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ''നിലവിൽ ഉയരുന്ന ആരോപണങ്ങളിൽ സത്യമൊന്നും ഇല്ലെങ്കിൽ ഞങ്ങൾക്കും വിഷമമില്ല. പക്ഷെ ഏറെ കഴിവുള്ള കുട്ടിയാണ്. കരിയർ തുടങ്ങിയിട്ടേയുള്ളു. അതിന്റെ ഇടയിലാണ് ഈ സംഭവമുണ്ടാകുന്നത്.

അതിന്റെ സത്യാവസ്ഥ ഞങ്ങൾക്ക് അറിയണം. മരണം നടന്നതുമുതൽ ഒരുപാട് കാര്യങ്ങൾ കേട്ടു. അതിന്റെ സത്യാവസ്ഥ അറിയണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം'' - നസീം പറഞ്ഞു.കേസിൽ ഉന്നത ഇടപെടലുണ്ടായി എന്നുള്ള കാര്യങ്ങളിൽ സംശയിക്കുന്നില്ല. ഒരു വ്യക്തിയെയും പ്രത്യേകം സംശയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.