കൊച്ചി: മുൻ മിസ് കേരള ജേതാക്കളായി യുവതികളുടെ അപകട മരണത്തിൽ അടിമുടി ദുരൂഹത. എല്ല നിഗൂഢതകളുടെയും കേന്ദ്രമായി ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ മാറുകയാണ്. ഈ ഹോട്ടൽ കേന്ദ്രകരിച്ചു നടന്ന പ്രശ്‌നങ്ങളാണ് യുവതികൾ അർദ്ധരാത്രിയിൽ അതിവേഗത്തിൽ നിരത്തിലൂടെ ചീറിപ്പായാനും മറ്റും ഇടയാക്കിയത് എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇക്കാര്യത്തിൽ അടക്കം പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.

ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും കെ.എൽ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. ഹോട്ടലിൽ നിന്നും ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഔഡി കാർ ഓടിച്ചിരുന്ന ഡ്രൈവർ സൈജുവിനോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.

അപകടം നടന്ന ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. ഇതെല്ലാം തന്നെ അപകടത്തെ കൂടുതൽ ദൂരൂഹമാക്കുന്നതാണ്. അവർ മാറി നിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് എന്താനായിരുന്നു എന്ന ഉത്തരമാണ് ലഭിക്കേണ്ടത്. നമ്പർ 18 ഹോട്ടൽ ഉടമ റോയി ആണ് ഇത്തരത്തിൽ നിരീക്ഷിച്ചു മടങ്ങിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഔഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവർ പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

ഏത് സാഹചര്യത്തിലാണ് ഹോട്ടലിൽ നിന്നും ഔഡി കാർ അൻസിയുടെ കാറിനെ പിന്തുടർന്നത് എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രാഥമിക വിവരശേഖരണത്തിൽ അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്ന് വന്നതെന്നുമായിരുന്നു ഔഡി കാർ ഓടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നൽകിയത്. ഈ മൊഴി മാത്രം വിശ്വാസത്തിലെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

അതേസമയം കുണ്ടന്നൂരിൽ വെച്ച് ഔഡി കാറിലുണ്ടായിരുന്നവർ അൻസിയുടെ കാറിനെ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടു എന്നുമാണ് ലഭിക്കുന്ന വിവരം. ഫോർട്ട് കൊച്ചിയിൽ നിന്നും ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തുവരേയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്നുമാണ് ഔഡി കാർ ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ മുതൽ അപകട സ്ഥലംവരെ അൻസിയുടെ കാറിനെ പിന്തുടർന്നതായുള്ള വിവരം ലഭിച്ചത്.

ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഹോട്ടലുടമ റോയി ഒളിപ്പിക്കുകയായിരുന്നു. പൊലീസ് രണ്ട് തവണ ഹോട്ടലിൽ പരിശോധന നടത്തിയിരുന്നെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. തുടർന്ന് ഹോട്ടൽ ജീവനക്കാരനെ ചോദ്യം ചെയ്യുമ്പോഴാണ് ഡി.വി.ആർ ഹോട്ടലുടമ ഒളിപ്പിച്ചതായി മൊഴി നൽകിയത്.

ഒക്ടോബർ 31ാം തീയതി ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുൻ മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജൻ, ഇവരുടെ സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവരും മരിച്ചത്. രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തിൽ മരിച്ചത്. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി ജെ പാർട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ മാറ്റിയത്. ഹോട്ടലുടമ റോയിയുടെ നിർദ്ദേശ പ്രകാരം ഡ്രൈവർ ഡിവിആർ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരൻ മൊഴി നൽകിയിരിക്കുന്നത്. അതേസമയം റോയിയോട് പൊലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.

അപകടത്തിൽപ്പെട്ട വാഹനത്തെ മറ്റൊരു വാഹനം പിന്തുടർന്നതാണ് അപകടകാരണമെന്ന് ഡ്രൈവർ അബ്ദുൽ റഹ്മാൻ മൊഴി നൽകി. ഹോട്ടലിൽനിന്ന് ഒരു ഔഡി കാർ പിന്തുടർന്നതായാണ് മൊഴി. ഇത് ഉറപ്പിക്കാവുന്ന വിഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാറുകളുടെ മത്സരയോട്ടം നടന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന നടത്തിയ മട്ടാഞ്ചേരിയിലെ ഹോട്ടൽ നമ്പർ 18 ഹോട്ടൽ ഉടമ ഒളിവിൽ പോയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നാണ് വിവരം. ഇയാളുടെ നിർദ്ദേശപ്രകാരം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ഒളിപ്പിച്ചിരുന്നു. ദുരൂഹത നീങ്ങാൻ ഹോട്ടൽ ഉടമയെ ചോദ്യം ചെയ്യേണ്ടി വരും.