തിരുവനന്തപുരം: ദത്ത് വിഷയത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് പരാതിക്കാരി അനുപമ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ക്രൂരതയാണ്. ഷിജു ഖാനെതിരെ എന്തുകൊണ്ട് ക്രമിനൽ കേസെടുക്കുന്നില്ലെന്നും അനുപമ ചോദിച്ചു.

ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകാനുള്ള ലൈസൻസില്ല എന്നാണ് അറിയുന്നത്. ലൈസൻസ് ഇല്ലാത്ത സ്ഥാപനം ദത്തുകൊടുക്കുന്നതിനെ ദത്തെന്ന് പറയാൻ കഴിയില്ല. കുട്ടിക്കടത്തെന്നേ അതിനെ പറയാൻ കഴിയൂ. ലൈസൻസില്ല എന്ന കാരണത്താൽ തന്നെ ഷിജു ഖാനെതിരെ നടപടി എടുത്തുകൂടേ? അനുപമ പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ചാലെങ്കിലും ഷിജു ഖാനെതിരേ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അനുപമ വ്യക്തമാക്കി.

അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ ശിശുക്ഷേമ സമിതിക്കെതിരേ കോടതി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടിട്ടും ദത്ത് ലൈസൻസ് ശിശുക്ഷേമ സമിതി ഹാജരാക്കിയില്ല. സമിതിക്കു സ്റ്റേറ്റ് അഡോപ്ഷൻ റഗുലേറ്ററി അഥോറിറ്റി നൽകിയ അഫിലിയേഷൻ ലൈസൻസ് 2016ൽ അവസാനിച്ചിരുന്നു. ഇതിന്റെ പുതുക്കിയ യഥാർഥ രേഖ സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. വിഷയത്തിൽ ഒറിജിനൽ ലൈസൻസ് ഹാജരാക്കണമെന്ന് കോടതി കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

അതിനിടെ, അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതി കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി. ആന്ധ്രയിലെ ഒരു ജില്ല കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസിൽ വച്ചാണ് കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര സ്വദേശികളായ ദമ്പതികളിൽനിന്ന് ഏറ്റുവാങ്ങിയത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കേരളത്തിൽ നിന്നുള്ള നാലുപേർ ആന്ധ്രയിലെ ജില്ലാ കേന്ദ്രത്തിലെത്തിയത്. ആറുമണിയോടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളും ജില്ലാ കേന്ദ്രത്തിലെത്തുകയായിരുന്നു.

ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കോടതി നടപടികൾ പൂർത്തീകരിക്കുന്നത് വരെ ശിശുക്ഷേമ സമിതിക്കായിരിക്കും കുഞ്ഞിന്റെ ഉത്തരവാദിത്തം. തിരുവനന്തപുരത്ത് എത്തിച്ചാലുടൻ ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാംപിൾ ശേഖരിക്കും. പരാതിക്കാരായ അനുപമ എസ് ചന്ദ്രൻ, ഭർത്താവ് അജിത്ത് കുമാർ എന്നിവരുടെ സാംപിളുകൾ ശേഖരിക്കാനും നോട്ടിസ് നൽകും.

രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററിൽ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ്. രണ്ടു ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കും. കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും ആണെന്നു തെളിഞ്ഞാൽ കോടതിയുടെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും അനുമതിയോടെ അവർക്കു വിട്ടു കൊടുക്കും.