തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം ദിവസം എടുത്തുമാറ്റിയ കുഞ്ഞിനെ തേടി അമ്മ അലയുമ്പോൾ കേസെടുക്കാൻ തയ്യറാവുകയാണ് ഒടുവിൽ പൊലീസ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. മുൻ എസ്.എഫ്.ഐ നേതാവായ അനുപമ എസ്. ചന്ദ്രൻ പേരൂർക്കട ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് അജിത്തുമായി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹിതരാവാതെ ഗർഭം ധരിച്ചതിന്റെ പേരിൽ കുഞ്ഞിനെ സ്വന്തം വീട്ടുകാർ പ്രസവിച്ച് മൂന്ന് ദിവസം കഴിഞ്ഞതും നിർബന്ധപൂർവ്വം മാറ്റിയെന്നാണ് അനുപമയുടെ പരാതി. ഈ പരാതിയിലാണ് കേസ്. കുട്ടിയെ തട്ടിയെടുത്തു, അന്യായ തടങ്കൽ എന്നീ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.

തിരുവനന്തപുരത്തെ പ്രമുഖ കമ്യൂണിസ്റ്റ് കുടുംബത്തിനെതിരേയാണ് പരാതി. അനുപമയുടെ അച്ഛൻ ജയചന്ദ്രനാണ് പ്രതിസ്ഥാനത്ത്. സിപിഎം സംസ്ഥാന സമിതി അംഗമായിരുന്ന പേരൂർക്കട സദാശിവന്റെ മകനാണ് ജയചന്ദ്രൻ. പരാതി കൊടുത്ത് ആറുമാസത്തിന് ശേഷമാണ് കേസെടുത്തത്. അഞ്ചു പേർക്കെതിരെയാണ് കേസ്. ജയചന്ദ്രനും ഭാര്യയും മൂത്തമകളും മുത്ത മകളുടെ ഭർത്താവുമാണ് കേസിലെ പ്രതികൾ. അനുപമ പ്രധാനമായും ആരോപണം ഉന്നയിച്ച രമേശും കേസിലെ പ്രതിയാണ്. 361, 471, 434, 343 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഐപിസി 361 ജാമ്യമില്ലാ കുറ്റമാണ്.

വിവാഹിതനായ അജിത്തിൽ നിന്ന് ഗർഭം ധരിച്ചതാണ് വീട്ടുകാരുടെ എതിർപ്പിനുള്ള പ്രധാന കാരണം. അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചതെന്നാണ് മാതാപിതാക്കളുടെ വാദം. ഇത് അനുപമ നിഷേധിക്കുന്നു. ഈ സാഹചര്യത്തിലാണ് കേസ് എടുക്കാൻ പൊലീസ് നിർബന്ധിതമായത്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നൽകിയതായാണ് ഇപ്പോൾ കിട്ടുന്ന വിവരം. നിലവിലെ വിവാഹബന്ധം വേർപ്പെടുത്തി അനുപമയുടെ അരികിലേക്ക് അജിത്ത് തിരിച്ചെത്തുമ്പോഴേക്കും കുഞ്ഞ് കൈവിട്ടു പോയിരുന്നു. ഇപ്പോൾ അജിത്തിന്റെ സ്വന്തം വീട്ടിലാണ് അനുപമ കഴിയുന്നത്.

പേരൂർക്കട പൊലീസ് മുതൽ ഡി.ജി.പി.ക്കും മുഖ്യമന്ത്രിക്കും സിപിഎം. ഉന്നത നേതാക്കൾക്കും അനുപമ പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. മൂന്ന് ദിവസത്തിന് ശേഷം കുടുബസുഹൃത്തായ ഡോക്ടർ രാജേന്ദ്രന്റെ പഴയവീട്ടിലേക്ക് പോവുന്ന വഴിക്ക് കാറിൽ വെച്ച് കുട്ടിയെ എടുത്ത് മാറ്റുകയായിരുന്നു. ചേച്ചിയുടെ വിവാഹം ഉടൻ നടത്തുമെന്നും ഇതിന് ശേഷം അജിത്തിനോടൊപ്പം എന്നെയും കുഞ്ഞിനെയും വിടാമെന്നുമായിരുന്നു പറഞ്ഞത്. കുഞ്ഞിനെ മാറ്റാൻ ഒരു തരത്തിലും എനിക്ക് സമ്മതമല്ലായിരുന്നു-അനുപമ പറയുന്നു.

സിസേറിയൻ കഴിഞ്ഞിരിക്കുന്ന ഞാൻ പ്രതിരോധിക്കാൻ പറ്റുന്നതിന്റെ പരമാവധി ചെയ്തു. പക്ഷേ തോറ്റുപോയി. ചേച്ചിയുടെ വിവാഹം കഴിഞ്ഞാൽ സ്വപനം കണ്ട ജീവിതം എന്റെ കുഞ്ഞിനോടൊപ്പം ജീവിക്കാം എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ചേച്ചിയുടെ വിവാഹം കഴിഞ്ഞപ്പോഴാണ് ചതി മനസിലായത്. ഇതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നും അനുപമ വിശദീകരിച്ചിരുന്നു. ഈ വിഷയത്തിൽ മറുനാടൻ നിരന്തരം വാർത്തകൾ നൽകി. ഇതിന് പിന്നാലെയാണ് കേസെടുക്കുന്നത്.

'എന്റെ സമ്മതത്തോടെ കുഞ്ഞിനെ മാറ്റിയെന്നത് കള്ളമാണ്.ഗർഭിണിയാണെന്ന് എട്ടാമത്തെ മാസമാണ് വീട്ടുകാർ അറിയുന്നത്. ബന്ധമുള്ളത് പോലും അവർക്കറിയില്ലായിരുന്നു. വളരെ മോശമായ പെരുമാറ്റമാണ് ഇക്കാലയളവിൽ വീട്ടുകാരിൽ നിന്നു നേരിട്ടത്', അനുപമ പറയുന്നു. പലരും ചോദിക്കുന്നുണ്ട് ഇതുവരെ കുഞ്ഞിനെ അന്വേഷിക്കാത്തത് എന്തു കൊണ്ടാണെന്ന്. വീട്ടിൽ നിന്ന് ഇറങ്ങുന്നത് വരെ ഞാൻ വീട്ടുതടങ്കലിലായ അവസ്ഥയിലായിരുന്നു. പൂമുഖത്തേക്ക് പോവുമ്പോൾ വരെ കൂടെ ആരെങ്കിലും ഉണ്ടാവും. കൂട്ടുകാരോടു പോലും സംസാരിക്കാൻ പറ്റിയിരുന്നില്ല. ഗർഭിണിയാണെന്നും പ്രസവിച്ചുവെന്നും കുടുബത്തിലെ ചുരുക്കം ചിലർക്ക് മാത്രമേ അറിയുകയുള്ളു. ഞാൻ കടന്ന് പോയ അവസ്ഥ എനിക്കും ദൈവത്തിനും മാത്രമേ അറിയൂഎന്ന് അനുപമ പറയുന്നു.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് അജിത്തിനെ പരിചയപ്പെടുന്നത്. അന്ന് അജിത്ത് വിവാഹ ബന്ധം ഒഴിവാക്കുന്ന നടപടികളുമായി മുന്നോട്ട് പോവുന്ന സാഹചര്യത്തിലായിരുന്നു. അജിത്ത് വിവാഹിതനാണെന്നതാണ് വീട്ടുകാരുടെ വലിയ എതിർപ്പിനിടയാക്കിയത്. മാത്രമല്ല വിവാഹത്തിന് മുൻപ് ഗർഭിണിയായതും അവർക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. മകൾ എന്ന നിലയിൽ ഞാൻ അവരെ വിഷമിപ്പിച്ചു എന്നത് ഞാൻ അംഗികരിക്കുന്നു എന്നാൽ എന്റെ കുഞ്ഞിനെ ഒഴിവാക്കാനായി എനിക്ക് കഴിയില്ലെന്ന് അനുപമ പറയുന്നു. ഗർഭിണിയായ വിവരം അജിത്തിന് ആദ്യം തന്നെ അറിയാമായിരുന്നു. ലോക്ഡൗൺ പ്രശ്നങ്ങൾ വന്നതിനാൽ ഇറങ്ങിപോവാനായി പറ്റിയില്ലെന്ന് അനുപമ പറയുന്നു.