തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിന്റെ വാക്‌സിനേഷൻ കാർഡിലും തിരിമറി നടത്തിയിരുന്നതായി കണ്ടെത്തി. ശിശുക്ഷേമ സമിതി സംരക്ഷിച്ച കുഞ്ഞിന്റെ വാക്‌സീൻ കാർഡിൽ ജനന തീയതി തെറ്റായാണു രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തേ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലും തിരിമറി നടത്തിയതു പുറത്തായിരുന്നു.

പത്താം മാസം വരെ ശിശുക്ഷേമ സമിതിയിൽ ഉണ്ടായിരുന്ന കുഞ്ഞിന്റെ ഒൻപതാം മാസം എടുക്കേണ്ടിയിരുന്ന വാക്‌സീനുകൾ എടുത്തിട്ടില്ലെന്നും വാക്‌സിനേഷൻ രേഖ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണു പ്രതിരോധ കുത്തിവയ്പുകൾ രേഖപ്പെടുത്തുന്ന കാർഡ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നു കുഞ്ഞിന്റെ രക്ഷിതാക്കൾക്കു നൽകിയത്.

കോടതി മുഖേനെ വിട്ടുകിട്ടിയ കുഞ്ഞുമായി സ്വകാര്യ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു പോയപ്പോഴാണു പ്രതിരോധ കുത്തിവയ്പുകൾ സംബന്ധിച്ച രേഖ ഡോക്ടർ ആവശ്യപ്പെട്ടത്. ഇതിനായി വ്യാഴാഴ്ച കുഞ്ഞിന്റെ അച്ഛനായ അജിത്ത് കുമാർ സിഡബ്ല്യുസിയെ സമീപിച്ചെങ്കിലും അപേക്ഷ നൽകിയാൽ മാത്രമേ തരാനാകൂവെന്ന നിലപാട് എടുത്തതായി അജിത്ത് പറയുന്നു.



അപേക്ഷ നൽകിയതിനെ തുടർന്ന് അടുത്ത ദിവസം കാർഡ് നൽകിയപ്പോഴാണ് ജനന തീയതി തെറ്റെന്നും ഒൻപതാം മാസത്തെ വാക്‌സീനുകൾ എടുത്തിട്ടില്ലെന്നും മനസിലായത്. 2020 ഒക്ടോബർ 19ന് ആണ് സ്വകാര്യ ആശുപത്രിയിൽ കുഞ്ഞ് ജനിച്ചത്. 23ന് കുഞ്ഞിനെ കിട്ടിയതായാണു ശിശുക്ഷേമ സമിതി രേഖകൾ പറയുന്നത്.

പക്ഷേ വാക്‌സിനേഷൻ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത് 2020 ഒക്ടോബർ രണ്ട് ആണ്. ഇതെങ്ങനെ സംഭവിച്ചു എന്നു വ്യക്തമല്ല. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് വ്യാജ പേരും വിലാസവും ചേർത്തായിരുന്നു തിരിമറി. ശിശുക്ഷേമ സമിതിയിൽ ലഭിച്ച ആൺകുഞ്ഞിനെ പെൺകുഞ്ഞാക്കിയും വ്യാജരേഖ ചമച്ചിരുന്നു.

അതേ സമയം ദത്ത് വിവാദത്തിൽ കൂടുതൽ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് അനുപമ. വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിന് പരാതി നല്കിയിരുന്നു. അന്വേഷണ റിപ്പോർട്ടെന്ന പേരിൽ അപവാദം പ്രചരിപ്പിക്കുന്നുവെന്നും പരാതിയിലുണ്ട്.

അന്വേഷണം നടത്തിയ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി വി അനുപമ പാർട്ടിയേയും സർക്കാരിനേയും സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് വിശ്വസിക്കുന്നുവെന്നും അനുപമ പറഞ്ഞു. നേതാക്കളുടെ പങ്ക് ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പരാതി നല്കി.

നിയമവിരുദ്ധമായി കുഞ്ഞിനെ കൈമാറാനുള്ള എഗ്രിമെന്റ് തയാറാക്കിയ നോട്ടറിക്കെതിരെ നടപടിശ്യപ്പെട്ട് നിയമ സെക്രട്ടറിക്ക് പരാതി നല്കും. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ വ്യക്തമാക്കി പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയെയും സമീപിക്കും. ഡിസംബർ പത്തിന് സെക്രട്ടേറിയറ്റിനു മുമ്പിൽ ഐക്യദാർഡ്യ സമിതിയുടെ നേതൃത്വത്തിൽ സൂചനാ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്