തിരുവനന്തപുരം: ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറി അജിത്തിന്റെയും എസ്എഫ്ഐ പ്രവർത്തകയുമായ അനുപമയുടെയും കുഞ്ഞിനെ അനുപമയുടെ അച്ഛനായ സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗം ജയചന്ദ്രൻ എടുത്തുകൊണ്ടുപോയെന്ന പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ അച്ഛനായ അജിത്ത് രംഗത്ത്. അനുപമയുടെ ചേച്ചിയുടെ വിവാഹാവശ്യത്തിന് എന്ന് പറഞ്ഞ് പ്രസവത്തിന് രണ്ട് ദിവസം മുമ്പ് ജയചന്ദ്രൻ ഏതൊക്കെയോ പേപ്പറുകളിൽ അനുപമയെ കൊണ്ട് ഒപ്പിടുവിച്ചിരുന്നു. കുട്ടിയെ ശിശുക്ഷേമസമിതിക്ക് കൈമാറിയത് അനുപമയുടെ അനുമതിയോടെയാണെന്ന് കാണിക്കാൻ ആ പേപ്പറുകളാണ് ജയചന്ദ്രൻ ഹാജരാക്കുന്നതെന്ന് അജിത്ത് ആരോപിച്ചു.

അനുപമയുടെ പ്രസവത്തിന് രണ്ട് ദിവസംമുമ്പ് സിപിഎമ്മിന്റെ രണ്ട് പ്രാദേശികനേതാക്കളായ അഭിഭാഷകർ വീട്ടിലെത്തിയാണ് ചേച്ചിയുടെ വിവാഹത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് അനുപമയുടെ ഒപ്പ് വാങ്ങിയത്. കുട്ടിയെ വിട്ടുകിട്ടാൻ മാസങ്ങളായി പൊലീസ് സ്റ്റേഷനിലും പാർട്ടി ഘടകങ്ങളിലും പരാതിപ്പെടുന്നു. എന്നാൽ ശിശുക്ഷേമസമിതിക്കാണ് കുട്ടിയെ കൈമാറിയത് എന്ന് പോലും ആരും വെളിപ്പെടുത്തിയില്ല. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പല തവണ വിളിച്ചുവരുത്തി മണിക്കൂറുകളോളം കാത്തിരുത്തിക്കും. എന്നിട്ട് ജയചന്ദ്രൻ വന്നില്ലെന്ന് പറഞ്ഞ് പറഞ്ഞുവിടും. നിരവധി ദിവസങ്ങളിൽ ഇത് ആവർത്തിച്ചു. തങ്ങൾ പലവട്ടം ആവശ്യപ്പെട്ടിട്ടും ജയചന്ദ്രൻ ഹാജരാക്കിയ രേഖകളൊന്നും സ്റ്റേഷനിൽ നിന്നും കാണിച്ചില്ലെന്നും അജിത്ത് മറുനാടനോട് പറഞ്ഞു.

പേരൂർക്കട സ്റ്റേഷനിൽ നീതി ലഭിക്കാതെയതോടെ എസിപിക്ക് പരാതി നൽകി. രണ്ട് മാസം മുമ്പ് എസിപിയുടെ ഓഫീസിൽ വച്ചാണ് ജയചന്ദ്രൻ ഹാജരാക്കിയ രേഖകൾ കാണുന്നത്. അപ്പോഴാണ് ശിശുക്ഷേമസമിതിയിലാണ് കുട്ടിയെ നൽകിയതെന്ന് അറിയുന്നത്. നേരത്തെ ഇതറിഞ്ഞിരുന്നുവെങ്കിൽ കുട്ടിയെ തിരിച്ചെടുക്കാൻ കഴിയുമായിരുന്നുവെന്നും അജിത്ത് സങ്കടപ്പെടുന്നു.

എൽസി മെമ്പർ കൂടിയായ ജയചന്ദ്രൻ കുട്ടിയെ എടുത്തുമാറ്റിയതിനെതിരെ ഏര്യാ സെക്രട്ടറി മുതൽ പിബി മെമ്പർ വ്യന്ദാ കാരാട്ട് വരെയുള്ളവർക്ക് പരാതികൾ നൽകി. എന്നാൽ അതിൽ അനുഭാവപൂർവം പെരുമാറിയത് വൃന്ദാകാരാട്ട് മാത്രമാണ്. ശ്രീമതി ടീച്ചർ ഉരുണ്ടുകളിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ തങ്ങളെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് കൈക്കൊണ്ടത്. തന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. പൊലീസ് സ്റ്റേഷനിൽ നിരന്തരം ഇടപെട്ട് കേസിൽ നീതി നിഷേധിച്ചു. പാർട്ടി തങ്ങളെ വേട്ടയാടുകയാണെന്നും മുൻ പാർട്ടി മെമ്പർ കൂടിയായ അജിത്ത് പറയുന്നു.

മുഖ്യമന്ത്രിക്കും ഡിജിപിക്കും അടക്കം പരാതികൾ നൽകി. എന്നാൽ അവയെല്ലാം അവസാനം എത്തുന്നത് പേരൂർക്കട പൊലീസ് സ്റ്റേഷനിലാണ്. അവിടെവച്ച് കേസ് അട്ടിമറിക്കപ്പെടും. അനുപമയുടെ അനുമതിയോടെയാണ് ശിശുക്ഷേമസമിതിക്ക് കുഞ്ഞിനെ കൈമാറിയതെന്ന ജയചന്ദ്രന്റെ വാദത്തെ വിശ്വസിക്കുന്ന അവർ രേഖകളിലെ ഒപ്പ് അനുപമ യഥാർത്ഥമാണോ എന്ന് പോലും അന്വേഷിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ ഒപ്പിനെ പറ്റി അന്വേഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനില്ലേ എന്നും അജിത്ത് ചോദിക്കുന്നു.

എന്നാൽ ജയചന്ദ്രന്റെ വാദങ്ങളെ ശരിവയ്ക്കുന്ന നിലപാടാണ് പേരൂർക്കട പൊലീസിന്റേത്. മുമ്പുതന്നെ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പരാതി ട്രാൻസ്ഫർ ചെയ്തിരുന്നുവെന്നും. കേസന്വേഷിച്ചപ്പോൾ കുട്ടിയുടെ അമ്മയുടെ അനുമതിയോടെയാണ് ശിശുക്ഷേമസമിതിക്ക് കൈമാറിയതെന്ന് തെളിഞ്ഞെന്നും പൊലീസ് പറയുന്നു. അതിന്റെ ഭാഗമായി കേസ് ക്ലോസ് ചെയ്തെന്നും പേരൂർക്കട പൊലീസ് അവകാശപ്പെടുന്നു.

സിപിഎം നേതാവായ അച്ഛൻ എടുത്തുമാറ്റിയ കുഞ്ഞിനെ തേടി ഓഫീസികൾ കയറിഇറങ്ങുന്ന അച്ഛന്റേയും അമ്മയുടെയും കഥ ഇന്നലെയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. എസ്എഫ്‌ഐ പ്രവർത്തകയായിരുന്ന അനുപമയും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തും തമ്മിൽ പ്രണയത്തിലായിരുന്നു. അജിത്ത് അന്ന് വിവാഹിതൻ ആയിരുന്നതുകൊണ്ടും ദളിത് ക്രിസ്ത്യൻ ആയതുകൊണ്ടും ആ ബന്ധത്തെ വീട്ടുകാർ എതിർത്തു. ഇരട്ട വിവാഹം നിയമം അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ സമയത്തെ എതിർപ്പിന് നിയമപരമായ പിന്തുണയുണ്ടെന്ന് അവകാശപ്പെടാം. എന്നാൽ പിന്നീട് സംഭവിച്ചതെല്ലാം ഞെട്ടിക്കുന്നതായിരുന്നു.

വിവാഹത്തെ അച്ഛനും അമ്മയും എതിർക്കുന്നതിനിടെയിൽ അനുപമ ഗർഭിണിയായി. വീട്ടുകാരുടെ നേതൃത്വത്തിൽ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബർ 19 ന് സിസേയറിനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. ജനുവരിയിൽ വിവാഹമോചനം നേടിയ അജിത്ത് മാർച്ച് മാസം മുതൽ അനുപമയ്‌ക്കൊപ്പം താമസം തുടങ്ങി. ഏപ്രിൽ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂർക്കട പൊലീസിൽ നൽകി.

പലതവണ നേരിട്ട് പോയി പരാതിപ്പെട്ടിട്ടും കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ പറയുന്നു. ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിയിലും സിപിഎം നേതാക്കൾക്കും എല്ലാം പരാതി നൽകി. പ്രസവിച്ച് ഒരുവർഷമാകുമ്പോഴും കുട്ടി എവിടെയാണെന്ന് അനുപമയ്ക്കറിയില്ല.