കോഴിക്കോട്: പിണറായി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി വിഭാഗം) നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ മകനും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ് ഹരി. സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതിൽ സർക്കാർ കാണിച്ച ഉത്സാഹത്തോട് അനുപാതികമായിട്ടാണോ സാമൂഹിക നീതിയുടെ കാര്യത്തിൽ പ്രവർത്തിച്ചത് എന്നത് ന്യായമായും സംശയിക്കാവുന്ന കാര്യമാണ്. സാമ്പത്തിക സംവരണ കാര്യത്തിൽ കാണിച്ച ധൃതി ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്. തമിഴ്‌നാട്ടിൽ ഇത്തരം കാര്യങ്ങളിൽ കാണുന്ന സമീപനങ്ങളെ കുറേക്കൂടി ഗൗരവത്തോടെ കാണുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. ഒരർഥത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ ഒറ്റപ്പെട്ട നിലയിൽ കാണുന്നതിന് പകരം തമിഴ്‌നാടിന്റെ കൂടി ഭാഗമായി കാണുന്നതായിരിക്കും കൂടുതൽ ഫലപ്രദം. സാമൂഹിക നീതിയുടെ ചോദ്യത്തെ കൂടുതൽ കണിശതയോടെ അഭിമുഖീകരിക്കാൻ പുതിയ സർക്കാറിനെ അത് പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കാനിരിക്കെയാണ് സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിൽ ഇടത് സർക്കാറിനെ കുറ്റപ്പെടുത്തി എപി വിഭാഗം നേതാവ് രംഗത്ത് വന്നിരിക്കുന്നത്. മുഖപത്രമായ സിറാജിൽ 'സാമൂഹിക നീതിയെന്ന ജനപ്രിയത' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീമിന്റെ വിമർശനങ്ങൾ.

കേരളത്തിലേക്ക് മാത്രമായി ഇടതുപക്ഷ ഭരണം ചുരുങ്ങി എന്നതിനെ ഇടതുപക്ഷത്തിന്റെ ഇന്ത്യൻ പരീക്ഷണങ്ങളെ പ്രാദേശികമായി നവീകരിക്കാനുള്ള ഒരവസരമായി കൂടി കാണണമെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക നീതിയും അവസര സമത്വവും ഉറപ്പുവരുത്തുന്ന രീതിയിൽ വിദ്യാഭ്യാസ മേഖലയിൽ കൂറേക്കൂടി കണിശതയോടെ പുതിയ സർക്കാർ ഇടപെടേണ്ടതുണ്ട്. എയ്ഡഡ് വിഭ്യാഭ്യാസ മേഖലയെ പൊതുവിദ്യാഭ്യാസ നയങ്ങളുമായി കൂടുതൽ അടുപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടാകുകയും നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവസര സമത്വം ഉറപ്പുവരുത്തുകയും ചെയ്യണം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ സഹായം പറ്റുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണമെന്നും അബ്ദുൽ ഹകീം അസ്ഹരി ആവശ്യപ്പെടുന്നു.

ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലൂടെയും മറ്റും സർക്കാർ കാണിച്ച കരുതൽ മദ്യ നിരോധനത്തിന്റെ കാര്യത്തിലും ഉണ്ടാകണം. മദ്യവിൽപ്പനയിൽ നിന്നുള്ള വരുമാനത്തിനേക്കാളും വലിയ തുകയാണ് അതുണ്ടാക്കുന്ന ആരോഗ്യ സാമൂഹിക വിപത്തുകളെ നേരിടാൻ സർക്കാർ ചെലവഴിക്കുന്നതെന്നും അബ്ദുൽ ഹകീം അസ്ഹരി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.