കോഴിക്കോട്: വനംവകുപ്പിലെ ഇഷ്ടക്കാരനായ ഉദ്യോഗസ്ഥന് വേണ്ടി സഹപ്രവർത്തകരായ ഒരു വിഭാഗം നടത്തിയ കസേരകളി വിവാദത്തിൽ. 'വനസേനാ മേധാവി' തസ്തികയിലെത്തി ഉയർന്ന ശമ്പളവും പെൻഷനും വാങ്ങി വിരമിക്കാൻ ഉദ്യോഗസ്ഥന് അവസരം ഒരുക്കി എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇതിനായി ഉന്നത തലത്തിൽ കളമൊരുക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ അക്കൗണ്ടന്റ് ജനറലിനു പരാതിയെത്തിയെന്ന് മലയാള മനോരമ റിപ്പോർട്ടു ചെയ്തു.

അടുത്ത വർഷം മെയ്‌ വരെ സർവീസുള്ള ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് (ഹോഫ്) 29 ദിവസത്തെ അവധിയിൽ പ്രവേശിച്ച് താൽക്കാലികമായി കളമൊഴിഞ്ഞുകൊടുത്ത് താഴെയുള്ള ഉദ്യോഗസ്ഥന് ഹോഫ് ആയി വിരമിക്കാൻ വഴിയൊരുക്കുകയാണു ചെയ്തതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. സർവീസിലെ അവസാന മാസം കൈപ്പറ്റിയ ഉയർന്ന ശമ്പളവും ആനുപാതികമായ ആജീവനാന്ത പെൻഷനും ഇദ്ദേഹത്തിനു ഇതോടെ ലഭിക്കും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, വനം മേധാവി സ്ഥാനത്തേക്കു നിയമനം നടത്താനുള്ള നടപടിക്രമങ്ങൾ ലംഘിച്ചു കൊണ്ടും മന്ത്രിസഭയുടെ അനുമതിയില്ലാതെയുമാണ് നടപടി.

സംസ്ഥാന വനംവകുപ്പു മേധാവിക്കൊപ്പം കർണാടക, തമിഴ്‌നാട് വനമേധാവികളും ചീഫ് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയാണ് 'ഹോഫി'നെ ശുപാർശ ചെയ്യേണ്ടത്. മന്ത്രിസഭയുടെ അംഗീകാരത്തോടെ വേണം നിയമനം. എന്നാൽ നിലവിൽ ഹോഫ് ആയിട്ടുള്ള പി.കെ.കേശവൻ മെയ്‌ 3 മുതൽ 29 ദിവസത്തെ ആർജിത അവധിക്ക് അപേക്ഷിക്കുകയും സീനിയോറിറ്റിയിൽ രണ്ടാമനായ ദേവേന്ദ്രകുമാർ വർമയെ ഹോഫ് ആയി നിയമിക്കാൻ ശുപാർശ ചെയ്യുകയുമാണുണ്ടായത്.

പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് എന്നീ ചുമതലകൾ നൽകുന്നതിനൊപ്പം, മെയ്‌ 31നു വിരമിക്കാനിരിക്കുന്ന ഇദ്ദേഹത്തിന് 2,25,000 രൂപയുടെ ഉയർന്ന ശമ്പളം അനുവദിക്കണമെന്നും പി.കെ.കേശവൻ ശുപാർശ ചെയ്തിട്ടുണ്ട്. ശുപാർശ പരിഗണിച്ച സർക്കാർ വോട്ടെണ്ണലിനു രണ്ടു ദിവസം മുൻപു പുതിയ 'ഹോഫി'നെ നിയമിച്ച് ഉത്തരവിറക്കി. കേശവന് അവധി അനുവദിക്കുകയും 2,25,000 രൂപയുടെ ഉയർന്ന ശമ്പളത്തിൽ വർമയെ ഹോഫ് ആക്കുകയും ചെയ്തു.

അവധിയെടുത്ത കേശവനും പുതുതായി ചുമതലയേറ്റ വർമയ്ക്കും മെയ്‌ മാസത്തിൽ ഹോഫിന്റെ ഉയർന്ന ശമ്പളം നൽകേണ്ട സ്ഥിതിയാണ് ഇപ്പോൾ. മാത്രമല്ല, ഇതിന് ആനുപാതികമായ പെൻഷനും വർമയ്ക്കു ഭാവിയിൽ നൽകേണ്ടി വരും. അന്നു പക്ഷേ, ഹോഫിന്റെ അവധിക്കു കൃത്യമായ കാരണം ഉണ്ടായിരുന്നെങ്കിലും ഇത്തവണ അതുമില്ലെന്നു വനം വകുപ്പിലുള്ളവർ തന്നെ ചൂണ്ടിക്കാട്ടുന്നു.