തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറിയാണ് ഇക്കാര്യത്തിൽ സുപ്രിംകോടതിയെ സമീപിച്ചത്.

തന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധിയുടെ അന്തസത്തയോട് തനിക്ക് എതിർപ്പില്ലെങ്കിലും തന്റെ ഭാഗം കേൾക്കാതെ ഉത്തരവ് നടപ്പിലാക്കാൻ നിർദ്ദേശം നൽകിയതിൽ വിയോജിപ്പുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് സുപ്രിംകോടതിയിൽ അറിയിച്ചിട്ടുണ്ട്.

സർക്കാർ സ്ഥാപനങ്ങൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ മുതലായവയിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമായിരുന്നു ഹൈക്കോടതി ഇടപെട്ട് തടഞ്ഞിരുന്നത്. ഒരു തസ്തികയിൽ ഏറെക്കാലം ജോലി ചെയ്തുവെന്ന പേരിൽ സ്ഥിരപ്പെടുത്താൻ വകുപ്പില്ലെന്നാണ് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവുകൂടി ചൂണ്ടിക്കാട്ടിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നത്.

എന്നാൽ തന്റെ അഭിപ്രായം മാനിക്കാതെ ഉത്തരവ് നടപ്പിലാക്കാൻ നിർദ്ദേശം നൽകിയത് നിയമപരവും ഭരണപരവുമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് ചീഫ് സെക്രട്ടറി സുപ്രിംകോടതിക്കുമുന്നിൽ ചൂണ്ടിക്കാട്ടുന്നത്.

ഐഎച്ച്ആർഡി വകുപ്പിൽ സ്ഥിരനിയമനം ആവശ്യപ്പെട്ട് രണ്ട് താൽക്കാലിക ജീവനക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി അന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് സെക്രട്ടറിക്കുവേണ്ടി മുതിർന്ന അഭിഭാഷകനായ ജയ്ദീപ് ഗുപ്തയാണ് സുപ്രിംകോടതിയിൽ ഹാജരായത്.