പത്തനംതിട്ട: ആറന്മുളയിൽ കോവിഡ് സ്ഥിരീകരിച്ച പെൺകുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതി മാപ്പും പറഞ്ഞു. ആറന്മുളയിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് വാഹനം കയറ്റിയ അതിൽ നിന്ന് ഇറങ്ങി ധരിച്ചിരുന്ന പിപിഇ കിറ്റ് വലിച്ചു കീറി. ശേഷം പിന്നിലേക്ക് കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അതിന് ശേഷം ആക്രോശത്തോടെ പീഡനം. എതിർക്കാനുള്ള പെൺകുട്ടിയുടെ ശ്രമമെല്ലാം വിഫലമായി. അതിന് ശേഷമായിരുന്നു മാപ്പു പറച്ചിൽ. പ്രതി കായകുളംകാരൻ നൗഫലിനെ അടൂർ ഗവ: ആശുപത്രിയിൽ നിന്നാണ് എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർച്ചെ 2.30 ന് കസ്റ്റഡിയിലെടുക്കുന്നത്.

ആളൊഴിഞ്ഞ സ്ഥലത്തെ നിലവിളിയും ആരും കേട്ടില്ല. പീഡനമൊക്കെ കഴിഞ്ഞ് പെൺകുട്ടിയുമായി കിടങ്ങന്നൂർ-കുളനട വഴി ആശുപത്രിയിലെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ഇറക്കി വിട്ട ശേഷം കൂളായി അടൂരിന് പോയി. പെൺകുട്ടി ഈ വിവരം ആരോടും പറയില്ലെന്നാണ് നൗഫൽ കരുതിയിരുന്നത്. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. സംഭവത്തിനു ശേഷം പ്രതി യുവതിയെ വിളിച്ച് ഫോണിൽ പീഡന വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇത് ഇയാൾക്കെതിരായ തെളിവാണ്. ഈ സംഭാഷണം പെൺകുട്ടി റിക്കോർഡ് ചെയ്തിട്ടുണ്ട്. രണ്ട് യുവതികളെ മാത്രം പാതിരാത്രി ഒറ്റയ്ക്ക് ഒരു ആംബുലൻസ് ഡ്രൈവറിനൊപ്പം അയച്ച ആരോഗ്യവകുപ്പിന്റെ നടപടിയും ചോദ്യം ചെയ്യപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ വീഴ്ച വന്നിട്ടില്ലെന്നും ഇനി ഇതൊന്നും ആവർത്തിക്കില്ലെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചുയ

ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ഓഡിയോ നിർണായക തെളിവാണെന്ന് പത്തനംതിട്ട എസ്‌പി കെജി സൈമൺ അറിയിച്ചു. 'ആശുപത്രിയിൽ നിന്നും രാത്രി ഒരു മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. കായംകുളം സ്വദേശിയായ പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചു. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്ന് പ്രതി യുവതിയോട് പറയുന്ന ഓഡിയോ പെൺകുട്ടി റെക്കോർഡ് ചെയ്തിരുന്നു. ഇത് നിർണായക തെളിവാണ്.'-കെജി സൈമൺ പ്രതികരിച്ചു.

പീഡനക്കേസിൽ അറസ്റ്റിലായ നൗഫലിന്റെ പേരിൽ 308 വകുപ്പ് പ്രകാരം കേസ് നിലനിൽക്കുന്നുണ്ടെന്ന് കെജി സൈമൺ. പീഡനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അടൂരിൽ നിന്നാണ് ആംബുലൻസ് പുറപ്പെട്ടത്. അടുത്തകേന്ദ്രത്തിലാണ് പെൺകുട്ടിയെ ഇറക്കേണ്ടി ഇരുന്നത്. പെൺകുട്ടിയെ ആദ്യം ഇവിടെ ഇറക്കാതെ മറ്റൊരു രോഗിയെ ഇറക്കാനായി മനപ്പൂർവം കോഴഞ്ചേരിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. തിരിച്ചുവരുമ്പോഴാണ് സംഭവം നടന്നത്. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്, ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

അപ്രതീക്ഷിതവും സങ്കടകരവുമായ കാര്യമാണ് ആറന്മുളയിൽ നടന്നതെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആംബുലൻസ് ഡ്രൈവറെ സർവീസിൽ നിന്നും ഒഴിവാക്കാൻ ഏജൻസിയോടും ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. കൂടുതൽ ആളുകളെ ഒഴിവാക്കുക എന്ന പ്രോട്ടോക്കോൾ നിലനിൽക്കുന്നുണ്ട്. മറ്റ് രോഗികൾക്കൊപ്പമാണ് പെൺകുട്ടിയേയും അയച്ചത്. സംഭവം നിർഭാഗ്യകരമാണ്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ സുരക്ഷാമുൻകരുതലുകൾ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

42 വയസുള്ള വീട്ടമ്മയും പീഡനത്തിന് ഇരയായ പെൺകുട്ടിയുമായി ഇന്നലെ രാത്രി 11.30 നാണ് ആംബുലൻസ് പുറപ്പെട്ടത്. വീട്ടമ്മയ്ക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഒപ്പമുള്ള പെൺകുട്ടിക്ക് മറ്റൊരു ആശുപത്രിയിലുമാണ് ചികിൽസാ സൗകര്യം ഒരുക്കിയിരുന്നത്.പെൺകുട്ടിയെ ഇറക്കിയ ശേഷം വീട്ടമ്മയുമായി കോഴഞ്ചേരിക്ക് പോവുക എന്നതായിരുന്നു എളുപ്പമാർഗം. എന്നാൽ, നൗഫൽ പെൺകുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ തുമ്പമൺ-ഇലവുംതിട്ട വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം പോയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അവിടെ നിന്ന് മടങ്ങുമ്പോൾ പുലർച്ചെ ഒരു മണിയായിരുന്നു. അതിന് ശേഷമായിരുന്നു പീഡനം.

ആറന്മുളയിൽ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പത്തനംതിട്ട എസ്‌പിയോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ ആവശ്യപ്പെട്ടു. പീഡനത്തിനിരയായ യുവതിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും എം സി ജോസഫൈൻ അറിയിച്ചു. കോവിഡ് രോഗികളായ സ്ത്രീകൾക്ക് പ്രത്യേക സംരക്ഷണം വേണമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നതെന്നും വനിതാ കമ്മീഷൻ വിശദീകരിച്ചു.

പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതിന് പുറമേ പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു. കോവിഡ് കാലത്ത് സേവന പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെടുന്നവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ കോവിഡ് കാല സേവനങ്ങൾക്കായി നൽക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തേണ്ടതാണ് എന്നും ജോസഫൈൻ പറഞ്ഞു. കമ്മീഷൻ അംഗമായ ഡോ. ഷാഹിദ കമാലും സംഭവത്തെ ശക്തമായി അപലപിച്ചു.