പത്തനംതിട്ട: ലോകമനസാക്ഷിക്ക് മുന്നിൽ കേരളത്തെ നാണം കെടുത്തിയ പീഡനക്കേസിലെ പ്രതി കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയിൽ നൗഫൽ(29) കായംകുളം പൊലീസ് സ്റ്റേഷനിലടക്കം പതിനഞ്ചോളം കേസുകളിൽ പ്രതിയായ കൊടുംക്രിമിനൽ. കോവിഡ് പോസിറ്റീവായ രണ്ടു വനിതകളുമായി പോയ ഇയാൾ അവരിൽ ഒരാളെ കോഴഞ്ചേരിയിൽ ഇറക്കിയ ശേഷം തിരികെ വരുമ്പോൾ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയ ശേഷമാണ് പത്തൊമ്പതുകാരിയെ അതിക്രൂരമായി ബലാൽസംഗം ചെയ്തത്.

തുടർന്ന് അവശനിലയിലായ യുവതിയെ കോവിഡ് ആശുപത്രിക്ക് മുന്നിൽ ഇറക്കി വിട്ട ശേഷം അടൂരിലേക്ക് പോവുകയായിരുന്നു. പെൺകുട്ടിയുടെ അവശത കണ്ട് അധികൃതർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. ആശുപത്രി അധികൃതർ വിവരം അടൂർ പൊലീസിന് കൈമാറി. എസ്ഐ ശ്രീജിത്ത് ജനറൽ ആശുപത്രി കോമ്പൗണ്ടിലെത്തുമ്പോൾ ആംബുലൻസും നൗഫലും അവിടെയുണ്ടായിരുന്നു. കൈയോടെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവതിയുമായി തനിക്ക് അടുത്തു പരിചയം ഉണ്ടെന്നാണ് ഇയാൾ പൊലീസിന് കൊടുത്തിരിക്കുന്ന മൊഴി. യാഥാർഥ്യം അറിയണമെങ്കിൽ യുവതിയുടെ മൊഴി എടുക്കണം. പെൺകുട്ടി കോവിഡ് പോസിറ്റീവ് ആയതിനാൽ അതിനുള്ള നടപടി ക്രമം പാലിച്ച് വേണം മൊഴിയെടുക്കാൻ.

42 വയസുള്ള വീട്ടമ്മയും പീഡനത്തിന് ഇരയായ പെൺകുട്ടിയുമായി രാത്രി 11.30 നാണ് ആംബുലൻസ് പുറപ്പെട്ടത്. വീട്ടമ്മയ്ക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഒപ്പമുള്ള പെൺകുട്ടിക്ക് മറ്റൊരു ആശുപത്രിയിലുമാണ് ചികിൽസാ സൗകര്യം ഒരുക്കിയിരുന്നത്. പെൺകുട്ടിയെ ഇറക്കിയ ശേഷം വീട്ടമ്മയുമായി കോഴഞ്ചേരിക്ക് പോവുക എന്നതായിരുന്നു എളുപ്പമാർഗം. എന്നാൽ, നൗഫൽ പെൺകുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ തുമ്പമൺ-ഇലവുംതിട്ട വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം പോയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അവിടെ നിന്ന് മടങ്ങുമ്പോൾ പുലർച്ചെ ഒരു മണിയായിരുന്നു.

ആറന്മുളയിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് വാഹനം കയറ്റിയ ഇയാൾ ഇറങ്ങി ധരിച്ചിരുന്ന പിപിഇ കിറ്റ് ഊരി മാറ്റിയ ശേഷം പിന്നിലേക്ക് കയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എതിർക്കാനുള്ള ശ്രമമെല്ലാം നിഷ്ഫലമായി. ആളൊഴിഞ്ഞ സ്ഥലത്തെ നിലവിളിയും ആരും കേട്ടില്ല. പീഡനമൊക്കെ കഴിഞ്ഞ് പെൺകുട്ടിയുമായി കിടങ്ങന്നൂർ-കുളനട വഴി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ഇറക്കി വിട്ട ശേഷം കൂളായി അടൂരിന് പോയി. പെൺകുട്ടി ഈ വിവരം ആരോടും പറയില്ലെന്നാണ് നൗഫൽ കരുതിയിരുന്നത്. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

ഇവൻ മനുഷ്യനോ മൃഗമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. രണ്ട് യുവതികളെ മാത്രം പാതിരാത്രി ഒറ്റയ്ക്ക് ഒരു ആംബുലൻസ് ഡ്രൈവറിനൊപ്പം അയച്ച ആരോഗ്യവകുപ്പിന്റെ നടപടിയും ചോദ്യം ചെയ്യപ്പെടുന്നു. ഈ ആംബുലൻസിൽ യുവതിക്കൊപ്പമുണ്ടായിരുന്നത് ക്രിമിനലായ ആംബുലൻസ് ഡ്രൈവറും. ഈ ഡ്രൈവർ എങ്ങനെയാണ് ക്രിമിനൽ പശ്ചാത്തലം മറച്ചു വച്ച് 108 ആംബുലൻസിന്റെ വളയം പിടിക്കാനെത്തിയതെന്നത് ദുരൂഹമാണ്. ഇന്നലെ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അതുകൊണ്ട് തന്നെ പല രോഗികളേയും രാത്രിയിലാണ് 108 ആംബുലൻസ് എത്തി ആശുപത്രികളിലേക്ക് മാറ്റിയത്. രണ്ട് പെൺകുട്ടികളെ മാറ്റാനും വൈകിയാണ് ആംബുലൻസ് എത്തിയത്. ഒരാളെ കോഴഞ്ചേരിയിൽ എത്തിച്ചപ്പോഴും മണി പന്ത്രണ്ടര കഴിഞ്ഞിരുന്നു. രാത്രി ഒരു മണിയോടെയായിരുന്നു പീഡനം. ആംബുലൻസിലെ രാത്രിയാത്രയ്ക്ക് കാരണവും സർക്കാർ അനാസ്ഥയാണെന്ന ആക്ഷേപം ശക്തമാണ്. കോവിഡിൽ മേനി പറയുന്ന ആരോഗ്യ സംവിധാനത്തിന് കൂടി അപമാനമാണ് ഈ സംഭവം.

സർക്കാരിന്റെ നിയന്ത്രണത്തിലാണ് 108 ആംബുലൻസുകൾ. ഇതിലാണ് കോവിഡ് രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതും മറ്റ് പ്രവർത്തനങ്ങൾ നടത്തുന്നതും. ഇത്തരത്തിലുള്ള സംവിധാനത്തിലെ ഡ്രൈവറാണ് പീഡകൻ. കോവിഡിൽ രോഗ പകർച്ചയ്ക്കുള്ള സാധ്യത ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ബലാത്സംഗത്തിന് ഡ്രൈവർ മുതിർന്നത് ക്രിമിനൽ മാനസികാവസ്ഥയ്ക്ക് തെളിവാണ്. അങ്ങനെ കോവിഡ് രോഗിക്ക് പീഡനമുണ്ടാകുമ്പോൾ അതിന് സംവിധാനവും കുറ്റക്കാരാകുന്നു.