പത്തനംതിട്ട: കോവിഡ് രോഗിയായ പത്തൊമ്പതുകാരിയെ ആംബുലൻസിൽ വെച്ച് ഡ്രൈവർ പീഡിപ്പിച്ചതിൽ നിറയുന്നത് സർക്കാർ അനാസ്ഥ. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. 108 ആംബുലൻസ് ഡ്രൈവർ കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർ നൗഫൽ നേരത്തെയും ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് പത്തനംതിട്ട എസ്‌പി കെജി സൈമൺ അറിയിച്ചു. 2018 ൽ ഇയാൾക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നു. ഇതിന് ശേഷമാണ് ഇയാൾ 108 ആംബുലൻസിൽ ഡ്രൈവറായത്. പെൺകുട്ടിയുടെ വീട്ടുകാർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ഒരു ബന്ധുവീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു പെൺകുട്ടി.

സ്രവ പരിശോധനയിൽ പെൺകുട്ടിയും കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതോടെ അടൂരിലുള്ള ബന്ധുവീട്ടിൽ നിന്നും പെൺകുട്ടിയെ ആംബുലൻസിൽ കയറ്റി കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിൽ പെൺകുട്ടിക്കൊപ്പം 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറൽ ആശുപത്രിയിൽ ഇറക്കിയ ശേഷമാണ് പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

ഈ സമയത്ത് പെൺകുട്ടി ആംബുലൻസിൽ തനിച്ചായിരുന്നു. ഈ സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷം പെൺകുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായതെന്ന് എസ്‌പി വിശദീകരിച്ചു. വീട്ടിൽ നിന്നും ആശുപത്രിയിൽ എത്താൻ എളുപ്പമാണന്നിരിക്കെയാണ് പ്രതി കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിച്ച് പെൺകുട്ടിയെ കോവിഡ് സെന്ററിൽ എത്തിച്ചത്. ഇയാൾ സംഭവം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായാണ് വിവരം.

അടൂരിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കോവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവർത്തക കൂടി ആംബുലൻസിൽ ഒപ്പമുണ്ടാകണമെന്ന നിർദ്ദേശം. എന്നാൽ ആറമ്മുളയിൽ ആംബുലൻസ് ഡ്രൈവർമാത്രമായിരുന്നു കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനായി പോയിരുന്നത്. ഇതിൽ ആരോഗ്യ വകുപ്പിന് വീഴ്ചയുണ്ടായി. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവച്ചായിരുന്നു പീഡനം.

ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെൺകുട്ടി പൊലീസിൽ വിവരമറിയിച്ചു. രാത്രി തന്നെ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടർന്ന് നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ പ്രതി നൗഫൽ കൊലക്കേസ് പ്രതിയാണ്. സമീപകാല കോവിഡ് പ്രവർത്തനങ്ങളിൽ ഇയാൾ സജീവമായി പങ്കെടുത്തിരുന്നു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പൊലീസ് അന്വേഷിച്ച് വരികയാണ്.

പെൺകുട്ടിയെ ഞായറാഴ്ച വൈദ്യപരിശോധന്ക്ക് വിധേയയാക്കും. കോവിഡ് പോസിറ്റീവായ പെൺകുട്ടിയെ ചികിത്സാകേന്ദ്രത്തിലെ പ്രത്യേക മുറിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ നടപടികൾ ഇന്നുണ്ടാകും. പിടിയിലായ നൗഫലിനെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോൾ പീഡിപ്പിക്കുകയായിരുന്നു. നൗഫൽ വധശ്രമക്കേസ് പ്രതിയാണെന്ന് എസ്‌പി കെ.ജി.സൈമൺ പറഞ്ഞു. നൗഫലിനെ ജോലിയിൽ നിന്ന് നീക്കി. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.

അതിനിടെ പത്തനംതിട്ടയിൽ കോവിഡ് ബാധിച്ച യുവതിയെ ആബുലൻസിൽ വച്ച് പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവറെ പിരിച്ചുവിടാൻ 108 ആംബുലൻസിന്റെ നടത്തിപ്പുകാരായ ജി.വി.കെ.യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദ്ദേശം നൽകി. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാൻ പൊലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.