ചാത്തന്നൂർ: ആലപ്പുഴയിൽ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവിന്റെ സംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ അഞ്ച് എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത് മുൻകരുതൽ നടപടിയുടെ ഭാഗമെന്ന് പാരിപ്പള്ളി എസ്‌ഐ.ആലപ്പുഴയിലെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സംഘം ചേർന്ന് രാഷ്ട്രീയ പ്രവർത്തകരെ പ്രദേശത്തേക്ക് കടത്തിവിടുന്നില്ല.അതിർത്തി ജില്ലകളിൽ പോലും പരിശോധന കർശനമാക്കിയിട്ടുണ്ട്.അതിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ഷാനിന്റെ സംസ്‌കാര ചടങ്ങിനായി പോവുകയായി അഞ്ചംഗ എസ്ഡിപിഐ പ്രവർത്തക സംഘത്തെ കസ്റ്റഡിയിലെടുത്തത്.

സംഘം സഞ്ചരിച്ചിരുന്ന കാറിൽ നിന്നും വെട്ടുകത്തി കണ്ടെടുത്തായും പൊലീസ് സ്ഥീരീകരിച്ചു. കാറിലെത്തിയ എസ്.ഡി.പി.ഐ.വർക്കല മണ്ഡലം പ്രവർത്തകരായ കിളിമാനൂർ കാട്ടുചന്ത ബിസ്മി ഹൗസിൽ ഗസ്സാലി (24), കല്ലമ്പലം പുതുശ്ശേരിമുക്ക് വട്ടക്കൈത അൽ സുറൂരിൽ അബ്ദുൾ ഹലിം (46), പള്ളിക്കൽ കാട്ടുപുതുശ്ശേരി താഴവിള നിസാർകുട്ടി (39), നാവായിക്കുളം മരുതിക്കുന്ന് ഡീസന്റ്മുക്ക് വടക്കേവിളവീട്ടിൽ ഷാനവാസ് (42), വർക്കല പുത്തൻചന്ത ചിറ്റിലക്കോട് മൂസസ്സോറിൽ മുഹാസ്സർ (38) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് പാരിപ്പള്ളി പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.24 മണിക്കൂർ കരുതൽ തടങ്കലിന് ശേഷം സംഘത്തെ വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി.നിരോധനാജ്ഞ തുടരുന്നതിന്റെ ഭാഗമായി അതിർത്തി ജില്ലകളിൽ പോലും പരിശോധന കർശനമാക്കിയിരിക്കുകയാണെന്നും സംഘം ചേർന്ന് ആരെയും ജില്ലയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും പൊലീസ് അറിയിച്ചു.