കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷനിൽ പ്രതിയായ അർജുൻ ആയങ്കി കസ്റ്റംസിൽ കീഴടങ്ങിയത് തെളിവുകൾ എല്ലാം നശിപ്പിച്ച ശേഷം. ഇതേക്കുറിച്ചുള്ള വിവരങ്ങളാണ് അർജുന്റെ മൊഴിലിയിലൂടെ വ്യക്തമാകുന്നത്. മൊബൈൽ ഫോൺ പുഴയിലെറിഞ്ഞ് നശിപ്പിച്ചെന്നും അർജുന് കസ്റ്റസംസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു.

നിരവധി സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അർജുൻ ആയങ്കിയെ ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ അഭിഭാഷകർക്കൊപ്പം അർജുൻ ഹാജരായിരുന്നു. പിന്നീട് കസ്റ്റംസ് കസ്റ്റിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തി.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മുൻഭാരവാഹി സി സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകി. കരിപ്പുർ സ്വർണ ക്വട്ടേഷൻ കേസിൽ നാളെ ചോദ്യം ചെയ്യാലിന് ഹാജരാവാനാണ് നോട്ടീസ്. ഡിവൈഎഫ്ഐ ചെമ്പിലോട് നോർത്ത് മേഖലാ സെക്രട്ടറി ആയിരുന്നു സജീഷ്. അർജുൻ ആയങ്കി ഉപയോഗിച്ച കാർ സജേഷിന്റെ ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി.

അതേസമയം, മുഹമ്മദ് ഷെഫീഖിനെയും അർജുൻ ആയങ്കിയെയും ഇന്ന് ഒരുമിച്ചിരുത്തി ചോദ്യംചെയ്യുമെന്നാണ് സൂചന. മുഹമ്മദ് ഷെഫീഖിനെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്യുക. മുഹമ്മദ് ഷെഫീഖ് മൊഴി നൽകിയ മൂന്ന് പേരിലേക്കും അന്വേഷണം വ്യാപിക്കും. കരിപ്പൂരിൽ 2.33 കിലോ സ്വർണവുമായാണ്കഴിഞ്ഞ തിങ്കളാഴ്ച ഷെഫീഖ് പിടിയിലാകുന്നത്.

ജലീൽ, സലിം, മുഹമ്മദ്, അർജുൻ എന്നിവരുടെ പേരുകളാണ് ഷെഫീഖിന്റെ മൊഴിയിലുള്ളത്.. ഇവരെ കേന്ദ്രീകരിച്ചും സ്വർണം പക്കലെത്തിയ ഉറവിടം കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഷെഫീഖിൽ നിന്നു പിടിച്ചെടുത്ത ഫോണിൽ നിന്നും സ്വർണക്കടത്ത് സംബന്ധിച്ച് കസ്റ്റംസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അർജുൻ നൽകിയ മൊഴികളിലും ചില നിർണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ചു. ഇതാണ് അറസ്റ്റിലേക്ക് വഴിവെച്ചതും. കസ്റ്റംസ് ഇന്ന് അർജുനെ കോടതിയിൽ ഹാജരാക്കി കസ്റ്റഡി അപേക്ഷ നൽകും.

കോയ്യോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ സി.സജീഷ് ചെമ്പിലോട് മേഖലയിലെ സിപിഎമ്മിന്റെ സജീവ പ്രവർത്തകരിലൊരാളാണ്. ഇയാളെ കൂടാതെ കണ്ണൂർ ടൗൺ ബാങ്ക് കണ്ണുർസിറ്റി ശാഖ ജീവനക്കാരനും ഡിവൈഎഫ്ഐ കണ്ണൂർ മേഖലാ നേതാവുമായ ശ്രീജേഷ് ദാസിനെതിരെയും അർജുനുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്.