കണ്ണൂർ: രാമനാട്ടുക്കര സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജുൻ ആയങ്കിയുമായ ബന്ധമുള്ളവർ കണ്ണുരിൽ നിന്നും മുങ്ങുന്നു. അർജുനനെതിരെ കസ്റ്റംസ് വല മുറുക്കിയതോടെയാണ് കണ്ണൂരിലെ സിപിഎം-ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ കൂട്ടത്തോടെ മുങ്ങുന്നത്. പലരുടെയും ഫോൺ സ്വിച്ച് ഓഫാണ്. ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളും ബ്‌ളോക്ക് ചെയ്തിട്ടുണ്ട്.

ഇതിനിടെ അർജുൻ ആയങ്കി കൂടുതൽ നേതാക്കളുമായി ബന്ധം പുലർത്തിയിരുന്നുവെന്ന് വ്യക്തമാകുന്ന ചിത്രങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം ഡിവൈഎഫ്ഐ നേതാവിന്റെ പേരിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.. ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറി സജേഷ്.സിയുടെ ഉടമസ്ഥതയിലാണ് വാഹനമെന്നതാണ് രേഖകൾ പറയുന്നത്. വാഹനം രജിസ്റ്റർ ചെയ്യാൻ നൽകിയ മൊബൈൽ നമ്പർ അർജുൻ ആയങ്കിയുടെതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

അർജുൻ ആയങ്കിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ മാസങ്ങൾക്ക് മുമ്പ് തന്നെ ഈ ചുവന്ന സ്വിഫ്റ്റ് കാറിന്റെ ചിത്രങ്ങളുണ്ടായിരുന്നു. അർജുനാണ് ഈ വാഹനം കാലങ്ങളായി ഉപയോഗിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഒരാഴ്ചയായി തന്റെ കാർ കാണാനില്ലെന്ന് കാട്ടി സജേഷ് കണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, അന്വേഷണം തന്നിലേക്ക് വരുന്നുവെന്ന തിരിച്ചറിവിലാണ് സജേഷ് പരാതി നൽകിയതെന്നാണ് പൊലീസിൻന്റെ വിലയിരുത്തൽ. വെള്ളിയാഴ്‌ച്ച രാവിലെ മുതൽ സജേഷിനെ കാണാനില്ലെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. എന്നാൽ ഈ വിഷയത്തിൽ സിപിഎം ഇതു വരെ പ്രതികരിച്ചിട്ടില്ല.

സജേഷിന് ഇത്തരത്തിൽ ഒരു കാറുള്ള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നുവെന്നാണ് ചില റിപ്പോർട്ടുകൾ. കാറുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കൂടുതൽ അന്വേഷണം നടക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടത് സജേഷിന്റെ കാർ തന്നെയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

നേരത്തെ അർജുൻ ആയങ്കിയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ വിശദീകരിച്ചിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി മുഖ്യ കണ്ണിയെന്നാണ് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. കരിപ്പൂരിൽ പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

സ്വർണം അർജുന് കൈമാറുന്നതിന് തനിക്ക് പ്രതിഫലമായി 40000 രൂപയും വിമാനടിക്കറ്റും ലഭിച്ചതെന്ന് ഷഫീഖ് മൊഴി നൽകി. എയർപോർട്ടിൽ വെച്ച് ഒരു ബോക്സിലാക്കി സലീം എന്നയാളാണ് സ്വർണം കൈമാറിയത്. എയർപോർട്ടിന് പുറത്ത് കാത്ത് നിൽക്കുമെന്നായിരുന്നു അർജുൻ ആയങ്കി അറിയിച്ചത്. ധരിച്ചിരിക്കുന്ന ഷർട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ഷർട്ട് ഇടണമെന്ന് അർജുൻ ആവശ്യപ്പെട്ടു. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ സ്വർണം ഷെഫീഖിൽ നിന്നു വാങ്ങാനായിരുന്നു അർജുന്റെ പദ്ധതി. എന്നാൽ ഇതിനു മുമ്പേ ഷഫീഖ് പിടിയിലാവുകയായിരുന്നു.

നിലവിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10.30 ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവെന്റീവ് വിഭാഗം ഓഫീസിൽ ഹാജരാവാനാണ് നിർദ്ദേശം. അഴീക്കോടുള്ള വീടിന്റെ മേൽവിലാസത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഷഫീഖിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷയും കോടതിയിൽ സമർപ്പിച്ചു.