കണ്ണൂർ: സ്വർണ്ണ കള്ളക്കടത്തിൽ കസ്റ്റംസ് അത്യപൂർവ്വ നടപടികളിലേക്ക് കള്ളക്കടത്തായി വരുന്ന സ്വർണം തട്ടിയെടുക്കാൻ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന അർജുൻ ആയങ്കിയുടെ മൊഴിയാണ് കസ്റ്റംസിനെ പുതിയ വഴിയിലേക്ക് എത്തിക്കുന്നത്. ജയിലിൽ കിടക്കുമ്പോഴും പരോളിലുള്ളപ്പോഴും ടിപി കേസിലെ പ്രതികൾ എത്രത്തോളം ശക്തരാണെന്ന് തെളിയിക്കുന്നതാണ് അർജുൻ ആയങ്കിയുടെ മൊഴി. കേരളം ഭരിക്കുന്നത് പോലും ടിപി കേസ് പ്രതികളാണെന്ന നിഗമനങ്ങൾ ശക്തമാക്കുന്നതാണ് ഈ വെളിപ്പെടുത്തലുകൾ.

കൊടി സുനിയും ഷാഫിയും സഹായിച്ചെന്ന് കരിപ്പൂർ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ബുധനാഴ്ച കൊച്ചിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ഷാഫിക്കു കസ്റ്റംസ് നോട്ടിസ് നൽകി. പരോളിലായതിനാൽ നോട്ടിസ് വീട്ടിലെത്തിച്ചു. കൊടി സുനിക്കുള്ള നോട്ടിസ് വിയ്യൂർ ജയിലിലെത്തി സൂപ്രണ്ട് മുഖേന നൽകും. അത്യപൂർവ്വമായി മാത്രമേ കടത്തു കേസുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതികൾ സംശയ നിഴലിൽ എത്താറുള്ളൂ.

കാരിയർമാർക്കു ധൈര്യം നൽകാൻ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും പേരുകളും അവരുടെ സിപിഎം ബന്ധങ്ങളും പറയാറുണ്ടെന്ന് അർജുൻ ആയങ്കി മൊഴി നൽകി. ടിപി കേസ് പ്രതികളിൽ നിന്ന് ഏതെല്ലാം തരത്തിലുള്ള സഹായമാണു ലഭിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞമാസം 21ന് പുലർച്ചെ സ്വർണം തട്ടിയെടുക്കാൻ കരിപ്പൂരിലെത്തിയിരുന്നതായും തന്റെ സംഘത്തിൽ മറ്റൊരു നീല കാർ കൂടി ഉണ്ടായിരുന്നുവെന്നും മൊഴി തുടരുന്നു. അന്ന് ഒപ്പമുണ്ടായിരുന്നവരുടെ പേരുകളും അർജുൻ വെളിപ്പെടുത്തി.

കണ്ണൂർ വിമാനത്താവളം വഴി കടത്തിയ ഒരു കിലോഗ്രാം സ്വർണം തട്ടിയെടുത്തതും എന്നാൽ, സ്വർണക്കടത്തു സംഘം കാരിയറെ ഭീഷണിപ്പെടുത്തിയതിനാൽ തിരിച്ചു നൽകിയതുമായ പുതിയൊരു സംഭവവും അർജുന്റെ മൊഴിയിലുണ്ട്. കാരിയർമാർക്ക് 5 ലക്ഷം രൂപവരെ വാഗ്ദാനം നൽകാറുണ്ടെന്നും മൊഴിയിൽ പറയുന്നു. ഏതാണ്ട് സ്വർണ്ണ കടത്തിൽ അർജുൻ കുറ്റസമ്മതം നടത്തി കഴിഞ്ഞു എന്നാണ് കസ്റ്റംസിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

സ്വർണം പൊട്ടിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം സുനിക്കും ഷാഫിക്കും നൽകിയെന്നും ചൊക്ലിയിൽ ഒളിവിൽ കഴിയാൻ സഹായിച്ചത് ടി.പി. കേസ് പ്രതികളാണെന്നും ആയങ്കി മൊഴി കൊടുത്തിട്ടുണ്ട്. ഷാഫിയുടെ നിർദേശാനുസരണമാണ് സ്വർണക്കടത്തു പൊട്ടിക്കാൻ പോയിരുന്നത്. കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്നതിൽ പങ്കാളിയായിട്ടുണ്ട്. ടി.പി കേസ് പ്രതികൾ നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നും ഷാഫി സമ്മതിച്ചു.

ഷാഫിയുടെ ചൊക്ലിയിലെ വീട്ടിൽ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ചോദ്യംചെയ്യലിനായി നാളെ ഹാജരാകാൻ അർജുന്റെ ഭാര്യ അമലയ്ക്കും മറ്റന്നാൾ ഹാജരാകാൻ അർജുന്റെ സുഹൃത്തും കക്കാട് സ്വദേശിയുമായ യൂസഫിനും നോട്ടിസ് നൽകി. കൊടി സുനിയുടെ ചൊക്ലി നെടുമ്പ്രത്തെ വീട് പൂട്ടിയിട്ട നിലയിലായിരുന്നതിനാൽ പരിശോധന നടന്നില്ല. അർജുൻ ആയങ്കി ചൊക്ലയിലെ വീട്ടിലാണ് ഒളിവിൽ താമസിച്ചതെ്‌നാണഅ സൂചന.

അഴീക്കോട് കപ്പക്കടവിൽ അർജുൻ ആയങ്കിയുടെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. രണ്ടു മണിക്കൂറോളം ഇവിടത്തെ തെളിവെടുപ്പു നീണ്ടു. അർജുന്റെ ഭാര്യയും അമ്മയുമാണ് ഇവിടെയുണ്ടായിരുന്നത്. ഇരുവരെയും കസ്റ്റംസ് സംഘം ചോദ്യം ചെയ്തു. വീട്ടുകാർ അർജുനെ കാണണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും കസ്റ്റംസ് അനുവദിച്ചില്ല.

ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ കണ്ടെടുത്തവയിൽ പൊലീസ് യൂണിഫോമിൽ വയ്ക്കുന്ന നക്ഷത്രപ്പതക്കവും. ലാപ്‌ടോപ്, ഡിജിറ്റൽ ക്യാമറ, പെൻഡ്രൈവുകൾ, മെമ്മറി കാർഡുകൾ എന്നിവയും കണ്ടെടുത്തു. അർജുൻ ആയങ്കിയുടെ വീട്ടിൽനിന്ന് ചില രേഖകൾ കണ്ടെത്തി.

കസ്റ്റംസിന്റെ പിടിയിലായ പെരിന്തൽമണ്ണ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലാണ് അർജുന്റെ പങ്കാളിത്തം വ്യക്തമായത്. ചുവന്ന സ്വിഫ്റ്റ് കാറിലാണ് അർജുൻ വിമാനത്താവളത്തിലെത്തിയതെന്ന് ഷഫീഖ് കസ്റ്റംസിനോട് പറഞ്ഞിരുന്നു. തിരിച്ചറിയാനായി കാറിന്റെ ചിത്രം ഷഫീഖിന്റെ മൊബൈലിലേക്ക് അയച്ചു കൊടുത്തിരുന്നു.സ്വർണം തട്ടിയെടുക്കാൻ സാദ്ധ്യതയുണ്ടെന്നും വിമാനത്താവളത്തിൽ ബാത്ത് റൂമിൽ കയറി വസ്ത്രം മാറിയ ശേഷം പുറത്തിറങ്ങിയാൽ മതിയെന്നും പുതിയ വസ്ത്രം ധരിച്ച ഫോട്ടോ അയക്കണമെന്നും അർജുൻ കാരിയറായ ഷെഫീഖിനോട് ആവശ്യപ്പെടുന്നു.കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഷഫീഖ് വിമാനമിറങ്ങിയപ്പോൾ തന്നെ പിടിയിലാകുകയായിരുന്നു. ഈ വിവരം അറിഞ്ഞ ഉടൻ അർജുൻ മൊബൈൽ സ്വിച്ച് ഓഫാക്കി ഒളിവിൽ പോയി. അപസർപ്പക കഥ വായിച്ച പ്രതീതി.