ന്യൂഡൽഹി: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ ഉൾപ്പെടെ അഞ്ച് യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമനം തടഞ്ഞ് ദേശീയ നേതൃത്വം. അർജുൻ രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ആയിരുന്നെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം ഇത് തടയുകയായിരുന്നു.

കേരളത്തിലെ വക്താവായാണ് അർജുൻ രാധാകൃഷ്ണനെ നിയമിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന് ഈ തീരുമാനത്തിൽ അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അറിയാതെയാണ് നിയമനമെന്ന് പരാതിയും ഉയർന്നിരുന്നു. നിയമനം റദ്ദ് ചെയ്യണമെന്ന് സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുരകയും ചെയ്തിരുന്നു.

അതേസമയം തീരുമാനം റദ്ദാക്കിയതായി അറിയില്ലെന്ന് അർജുൻ രാധാകൃഷ്ണൻ ചാനലിനോട് പ്രതികരിച്ചു. വക്താവായി നിയമിച്ച ഉത്തരവ് കിട്ടിയെന്നും കേന്ദ്ര നേതാക്കളുമായി ബന്ധപ്പെട്ട ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അർജുൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസാണ് അർജുനെ നിയമിച്ചത്. ഡിസിസി പുനഃസംഘടനയ്ക്ക് പിന്നാലെയാണ് യൂത്ത് കോൺഗ്രസിൽ പുതിയ നിയമനം നടത്തിയിരുന്നത്. ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരും കേരളത്തിൽ നിന്നുള്ള വക്താക്കളാണ്. ആകെ 72 വക്താക്കളുടെ പട്ടികയാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് പുറത്തുവിട്ടത്. എന്നാൽ, ഈ പട്ടിക മരവിപ്പിച്ചിരിക്കുകയാണ്.

 

 

.

അടുത്തിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എ ഗ്രൂപ്പിൽ നിന്ന് അകന്നതായി വാർത്തകൾ വന്നിരുന്നു.കോട്ടയത്തെ ഡി.സി.സി അധ്യക്ഷനെച്ചൊല്ലി എ ഗ്രൂപ്പുകാരായ ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. പതിറ്റാണ്ടുകളായി എ ഗ്രൂപ്പിന്റെ നാവ് ആയിരുന്ന തിരുവഞ്ചൂർ കഴിഞ്ഞ കെപിസിസി പുനഃസംഘടന മുതലാണ് എ ഗ്രൂപ്പുമായി അകന്നതായി സൂചനകൾ വന്നത്.

ഗ്രൂപ്പിലെ എല്ലാ കാര്യങ്ങളും താൻ അറിയായില്ല എന്നു പറഞ്ഞ തിരുവഞ്ചൂർ ഡിസിസി അദ്ധ്യക്ഷ പട്ടികയെ സ്വാഗതവും ചെയ്തു. മകന് രാഷ്ട്രീയത്തിൽ ഇടം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'അത് അദ്ദേഹം തീരുമാനിക്കേണ്ട കാര്യമാണ്. പൊതുപ്രവർത്തന രംഗത്ത് മകനു വേണ്ടി ഒരു ഇടം ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. പക്ഷേ മെറിറ്റ് അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു കാലഘട്ടത്തിൽ ഏതെങ്കിലും ഒരു ചെറുപ്പക്കാരൻ മുന്നോട്ടു വരണമെന്ന് ആഗ്രഹിച്ചാൽ അതിനെ കുറ്റപ്പെടുത്താനും ഞാനില്ല. എല്ലാം അവരുടെ പ്രതിബദ്ധതയും യോഗ്യതയും അനുസരിച്ചിരിക്കും,'തിരുവഞ്ചൂർ കഴിഞ്ഞ ദിവസം പറഞ്ഞു.