മുംബൈ: കേന്ദ്ര മന്ത്രിസഭ ഒരുമിച്ച് പിന്തുണച്ചിട്ടും റിപ്പബ്ലിക് ടി വി തലവനെ കോടതി ജയിലിൽ അടച്ചു. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ജനാധിപത്യ മര്യാദ മറി കടന്ന് ചീഫ് ജസ്റ്റീസ് ചമഞ്ഞ് രാഷ്ട്രീയ ശത്രുക്കളെ തന്റെ ടി.വി ചാനലിലൂടെ നിഷ്‌ക്കരുണം വിചാരണ ചെയ്തതാണ് അർണബ് ഗോസ്വാമിക്ക് ഒടുവിൽ വിനയായത്.

അർണബിനെ ജയിലിൽ അടക്കാതിരിക്കാൻ കേന്ദ്രമന്ത്രിസഭ ഒറ്റക്കെട്ടായി നിന്നിട്ടും കോടതി ഈഈ മാധ്യമ പ്രവർത്തകനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുക ആയിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമേ കോടതി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തതും അർണബിന് വിനയായി. 2018ൽ ആത്മഹത്യ ചെയ്ത ആർക്കിടെക്ടും ഇന്റീരിയർ ഡിസൈനറുമായിരുന്ന അൻവയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അർണാബിനെയും ഫിറോസ് ഷെയ്ക്ക്, നിതേഷ് സർദ എന്നിവെരെയും പൊലീസ് അറസ്റ്റ് ചെയ്തത്. അലിബാഗ് ജില്ലാ കോടതിയാണ് മൂവരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

Anvay Naik suicide case: Republic TV Editor-in-chief Arnab Goswami and two others - Feroz Shaikh and Nitesh Sarda - sent to 14-day judicial custody by Alibag District Magistrate Court.

- ANI (@ANI) November 4, 2020

ബുധനാഴ്ച രാവിലെയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 2018ലാണ് അൻവയ് ആത്മഹത്യ ചെയ്തത്. ഈ കേസിന്റെ അന്വേഷണം മഹാരാഷ്ട്ര പൊലീസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ അൻവയ് നായികിന്റെ ഭാര്യ വീണ്ടും നൽകിയ പരാതിയിലാണ് മുംബൈ പൊലീസ് വീണ്ടും കേസന്വേഷണം ആരംഭിച്ചതും അർണബിനെ കസ്റ്റഡിയിലെടുത്തതും.

ഇന്റീരിയർ ഡിസൈനറായ ആൻവി നായിക്കിനെയും മാതാവ് കുമുദ് നായിക്കിനെയും 2018 മേയിലാണ് അലിബാഗിലെ അവരുടെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആൻവി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സ്ഥീരികരിച്ചിരുന്നു. എന്നാൽ കുമുദിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടി മരിച്ചെന്നാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ആൻവി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം.

ആൻവിയുടെ ആത്മഹത്യ കുറിപ്പിൽ അർണബ് അടക്കം മൂന്നു കമ്പനികളുടെ ഉടമകൾ വലിയ തുകകൾ നൽകാനുണ്ടെന്നും അതിനാലാണ് ഇത്തരത്തിൽ ഒരു കടുത്ത തീരുമാനം എടുക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. അർണബ് ഗോസ്വാമി, ഫിറോസ് ഷെയ്ക്, നിതീഷ് സർദ എന്നിവർ യഥാക്രമം 83 ലക്ഷം, നാലു കോടി, 55 ലക്ഷം എന്നിങ്ങനെ വലിയ തുകകൾ നൽകാനുണ്ടെന്നാണ് പറയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ആൻവി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും കോൺട്രാക്ടർമാർക്ക് പണം നൽകാത്തതിന്റെ പേരിൽ നിരവധി ഭീഷണികൾ ഉണ്ടായിരുന്നെന്നും കണ്ടെത്തി. എന്നാൽ താൻ പണം മുഴുവൻ നൽകിയെന്നു പറഞ്ഞ് അർണബ് ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

2019ൽ ആരോപണവിധേയകർക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നു കാണിച്ച് റയിഗഡ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. തുടർന്ന് 2020 മേയിൽ അർണബ് 83 ലക്ഷം രൂപ തന്റെ പിതാവിനു നൽകാനുണ്ടെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അതിനാൽ കേസ് വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആൻവിയുടെ മകൾ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ സമീപിച്ചു. തുടർന്ന് കേസ് സിഐഡി വിഭാഗത്തെ ഏൽപ്പിക്കുകയായിരുന്നു. നിലവിൽ പൊലീസിനൊപ്പം എത്തിയ സിഐഡി സംഘമാണ് അർണബിനെ അറസ്റ്റു ചെയ്തത്.

അറസ്റ്റിനായി പൊലീസ് വീട്ടിൽ എത്തിയപ്പോൾ അതിനെ ചെറുക്കാനാണ് അർണാബ് ശ്രമിച്ചത്. മൊബൈൽ ഫോൺ ഓൺ ചെയ്തു വെച്ചു കൊണ്ടാണ് പ്രതികരിച്ചത്. പൊലീസിനൊപ്പം വരാൻ കൂട്ടാക്കാതെ തർക്കിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഇതോടെയാണ് പൊലീസ് ബലപ്രയോഗം നടത്തിയത്. കൈയിൽ പിടിച്ചു വലിച്ചു പുറത്തേക്ക് ഇറക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇത് തന്നെ പൊലീസ് കൈകാര്യം ചെയ്തു എന്നാണ് അർണാബ് അവതരിപ്പിച്ചത്.

പൊലീസ് തന്നെയും കുടുംബാഗങ്ങളെയും കയ്യേറ്റം ചെയ്തെന്ന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. പത്തോളം പൊലീസ് ഉദ്യോഗസ്ഥർ രാവിലെ അർണബിന്റെ വീട്ടിലെത്തി ബലമായി കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതായാണ് റിപബ്ലിക്ക് ടിവി തന്നെ റിപ്പോർട്ടു ചെയ്യുകയുമുണ്ടാി. അർണബിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ചാനൽ പുറത്തുവിട്ടു. കോടതിയിൽ നിന്നുള്ള ഉത്തരവോ സമൻസോ ഇല്ലാതെ അർണബിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം വീട്ടിലേക്കുള്ള എല്ലാ കവാടങ്ങളും സീൽ ചെയ്തതായും ആരെയും പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസും സഖ്യകക്ഷികളും കൂടിച്ചേർന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് ഷാ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'കോൺഗ്രസും സഖ്യകക്ഷികളും കൂടി ജനാധിപത്യത്തെ നാണംകെടുത്തി. റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിക്കെതിരെ സംസ്ഥാന ഭരണകൂടം അധികാര ദുർവിനിയോഗം ചെയ്യുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങൾക്കു നേരെയുള്ള കടന്നാക്രമണമാണിത്. ഇത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തെ സൂചിപ്പിക്കുന്നു. സ്വതന്ത്രമാധ്യമങ്ങൾക്ക് നേരെയുള്ള ഈ ആക്രമണം എതിർക്കപ്പെടണം'- അമിത് ഷാ ട്വീറ്റ് ചെയ്തു.

നേരത്തെ അർണബിന്റെ അറസ്റ്റിനെ അപലപിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകറും രംഗത്തെത്തിയിരുന്നു. അർണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ മന്ത്രി, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേകറിന്റെ പ്രതികരണം. ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്.