തിരുവനന്തപുരം: പത്തു കോടി രൂപയുടെ എ ഡി ബി വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വിദേശ മലയാളിയെ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് നാലു ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസിൽ പ്രതിയായ സരിതാ നായർക്കെതിരെ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിചാരണക്കിടെ കോടതിയിൽ ഹാജരാകാതിരുന്ന സരിതയുടെ ജാമ്യ ബോണ്ട് റദ്ദാക്കിയ കോടതി സരിതയെ ഹാജരാക്കാനും അല്ലാത്തപക്ഷം ജാമ്യത്തുക ജാമ്യക്കാരുടെ ജാമ്യ വസ്തു കണ്ടു കെട്ടി ഈടാക്കിയെടുക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കാനും ജാമ്യക്കാർക്ക് നോട്ടീസയച്ചു.

സരിതയെ മാർച്ച് 31നകം അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് മജിസ്‌ട്രേട്ട് വി വീ ജ. രവീന്ദ്രൻ ഉത്തരവിട്ടത്. സരിതയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 82 , 83 പ്രകാരം കോടതി നടപടി തുടങ്ങിയത്. 16 ലക്ഷം രൂപയുടെ ബെവ്‌കോ തൊഴിൽ തട്ടിപ്പ് കേസിലും സരിത പ്രതിയാണ്.

നേരത്തെ വായ്പാ തട്ടിപ്പിൽ രണ്ടാംപ്രതി ബിജു രാധാകൃഷ്ണനെ 2018 സെപ്റ്റംബർ 1ന് ഒരു വർഷം തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചിരുന്നു. പിഴയൊടുക്കിയില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണമെന്നും മുൻ മജിസ്‌ട്രേട്ട് റ്റി.കെ.സുരേഷ് ഉത്തരവിട്ടു. പിഴത്തുക ഈടാകുന്ന പക്ഷം പരാതിക്കാരന് നൽകാനും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 357 (1) (ബി) പ്രകാരമാണ് വാദിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.

ബിജു 2010 ഫെബ്രുവരി 19 മുതൽ ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കിടന്ന കാലയളവ് ഈ കേസിന്റെ ശിക്ഷാവിധിയിൽ തട്ടിക്കിഴിക്കാനും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 428 പ്രകാരം 'സെറ്റ് ഓഫ് ' നൽകാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകുകയുണ്ടാിയ. പ്രവാസികളായ ചിറയിൻകീഴ് താലൂക്കിലെ കീഴാറ്റിങ്ങൽ കൊടുമൺ ക്ഷേത്രത്തിന് സമീപം പണ്ടാര വിള വീട്ടിൽ മണിയൻ (49) , സഹോദരനായ രാധാകൃഷ്ണൻ (47) എന്നിവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തത്.

മണിയനും സഹോദരനും പാർട്ണണർമാരായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ അജ്മൽ എന്ന സ്ഥലത്ത് സിൽവർ കിച്ചൺ ഇൻഡസ്ട്രീസ് എൽ.എൽ.സി. ബാങ്ക് കിച്ചൺ എക്യൂപ്പ്‌മെന്റ് എൽ.എൽ.സി എന്നീ പേരുകളിൽ ബിസിനസ്സ് സ്ഥാപനങ്ങളുണ്ട്. വിമാനയാത്രക്കിടയിൽ എയർപോർട്ടിൽ വെച്ച് ബിജു രാധാകൃഷ്ണനെ പരിചയപ്പെടുകയും താൻ ഫിനാൻഷ്യൽ കൺസൾട്ടന്റാണെന്നും സരിത ചാർട്ടേർഡ് അക്കൗണ്ടന്റാണെന്നും ബിസിനസ് വികസനത്തിനായി ഏഷ്യൻ ഡെവലപ്പ്‌മെന്റ് ബാങ്കിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ 10 കോടി രൂപ വായ്പ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂമിയുടെ ആധാരങ്ങളും പ്രോസസ്സിങ് ചാർജിനത്തിൽ 4 ലക്ഷം രൂപയും കൈറ്റിയ ശേഷം ലോൺ തരപ്പെടുത്തി നൽകുകയോ 4 ലക്ഷം രൂപ തിര്യെ കൊടുക്കുകയോ ചെയ്യാതെ ചതിച്ചതായാണ് കേസ്.