തിരുവനന്തപുരം: തൊടുപുഴയിൽ ഏഴുവയസുകാരനെ ഭിത്തിയിൽ തലയിടിച്ച് കൊന്ന കേസിലെ പ്രതിയായ രണ്ടാനച്ഛൻ അരുൺ ആനന്ദ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയോ എന്ന അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവുകൾ. കേസിലെ സത്യം പുറത്തു വരാതിരിക്കാനും അണിയറ നീക്കം സജീവമാണ്.

ഇളയ കുട്ടിയാണ് ഇതും സംബന്ധിച്ച നിർണായക മൊഴി നൽകിയത്. ഇതേത്തുടർന്ന് മൂന്ന് വർഷം മുൻപ് ദാരുണമായി കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ കുഴിമാടം പൊലീസ് പരിശോധിച്ചിരുന്നു. നെയ്യാറ്റിൻകര കുടുംബവീട്ടിലെ കുഴിമാടത്തിൽ നടന്ന ഈ പരിശോധനയിൽ കുട്ടിയുടെ അച്ഛന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നാണ് സൂചന. എന്നാൽ ഇനിയും കേസ് നടപടികൾ മറ്റൊരു തലത്തിലേക്ക് എത്തിയിട്ടില്ല. ചില ട്വിസ്റ്റുകൾ ഈ കേസിൽ കാത്തിരിപ്പുണ്ടെന്നാണ് സൂചന.

കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് അരുൺ ആനന്ദ്. ജയിലിൽ കിടക്കുന്ന അരുണിന്റെ മൊഴി പൊലീസ് എടുക്കുമെന്നാണ് സൂചന. ഇതിന് മുമ്പ് തന്നെ മറ്റ് ചില അസ്വാഭാവികതകൾ സംഭവത്തിലേക്ക് കടന്നു വരികയാണ്. എന്നാൽ അമ്മാവന്റെ മകന്റെ മരണ ശേഷം മാത്രമാണ് കുട്ടികളുടെ അമ്മയുമായി താൻ അടുത്തതെന്ന നിലപാടിലാണ് അരുൺ ആനന്ദ്. ഫോൺ രേഖകളും കമ്പ്യൂട്ടറും പരിശോധിച്ചാൽ ഇത് മനസ്സിലാകും. മുമ്പും കൊലക്കേസുകളിൽ പ്രതിയായ അരുൺ ബന്ധുവിന്റെ ഭാര്യയെ മരണ ശേഷം തന്ത്രത്തിൽ കൂടെ കൂട്ടുകയായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിയുടെ അച്ഛന്റെ കൊലയിൽ തനിക്ക് പങ്കില്ലെന്നാണ് അരുൺ ആനന്ദിന്റെ നിലപാട്.

ഇക്കാര്യം അടുത്ത ബന്ധുക്കളെ അരുൺ ആനന്ദ് അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛന്റെ കൊലപാതക കേസിൽ കോടതി അനുമതിയോടെ അരുണിനെ പ്രതിചേർക്കാൻ ശ്രമമുണ്ട്. എന്നാൽ ഭർത്താവ് മരിക്കും മുമ്പ് കുട്ടിയുടെ അമ്മയ്ക്ക് മറ്റൊരു കാമുകനുണ്ടായിരുന്നു. അതും അരുൺ എന്ന പേരിലെ വ്യക്തിയാണ്. പേരിലെ സാമ്യം കാരണം ആ അരുൺ ചെയ്ത പാതകവും തന്റെ തലയിലേക്ക് കെട്ടിവയ്ക്കാനാണ് ശ്രമമെന്നാണ് ഉയരുന്ന ആക്ഷേപം. കുട്ടിയുടെ അമ്മ വിഷം കൊടുത്താണ് ഭർത്താവിനെ കൊന്നതെങ്കിൽ അത് മറ്റേ അരുണിന്റെ പ്രേരണയിൽ ആയിരിക്കുമെന്നാണ് അരുൺ ആനന്ദ് തന്റെ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. ഈ വിവരം പൊലീസിനും ലഭിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് ഇത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.

ഏഴുവയസുകാരനെ ഭിത്തിയിൽ തലയിടിച്ച് കൊന്ന കേസിൽ കുട്ടിയുടെ അമ്മയും പ്രതിയാണ്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി അമ്മയെ ഒരു ദിവസം പോലും കസ്റ്റഡിയിൽ പൊലീസ് വച്ചില്ല. ജാമ്യം കൊടുത്ത് വിട്ടയച്ചു. കേസിൽ പ്രതി ചേർത്തതും സമൂഹത്തിൽ നിന്നുയർന്ന പ്രതിഷേധങ്ങൾക്ക് ശേഷമാണ്. ഈ സാഹചര്യത്തിൽ ഉന്നത ഇടപെടലുകൾ കുട്ടിയുടെ അമ്മയ്ക്കായി ഉണ്ടെന്നും വ്യക്തമാക്കി. ഭരണ പക്ഷ പാർട്ടിയിൽ സ്വാധീനമുള്ള സിനിമാക്കാരനെതിരേയും ആരോപണമെത്തി. കുട്ടിയുടെ അമ്മയുടെ അച്ഛൻ സിനിമാക്കാരൻ ആണെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കുട്ടിയുടെ അച്ഛന്റെ മരണത്തിലും പൊലീസിന് മേൽ സമ്മർദ്ദം ഏറെയാണ്.

മൃതദേഹ പരിശോധനയിൽ മരിച്ച വ്യക്തിയുടെ ശരീരത്തിൽ വിഷാംശം ഉണ്ടെങ്കിൽ ഭാര്യയെ സംശയിക്കാം. അവരെ ചോദ്യം ചെയ്യുകയും കേസിൽ പ്രതിയാക്കുകയും വേണം. അതു ചെയ്യാതെ അരുൺ ആനന്ദിനെ ചോദ്യം ചെയ്ത് ഭർത്താവിന്റെ മരണത്തിന് മുമ്പ് ബന്ധമില്ലെന്ന് തെളിയിക്കാനാണ് ശ്രമം. ഇതിലൂടെ മറ്റ് പ്രതികളെ രക്ഷിക്കാനും കൊലക്കേസ് എഴുതി തള്ളാനുമാണ് നീക്കം. ഇതിന് പിന്നിലും സിനിമാക്കാരന്റെ ഇടപെടൽ അതിശക്തമാണ്. ഹൃദയാഘാതം വന്ന് ഭർത്താവ് മരിച്ചെന്നാണ് കുട്ടിയുടെ അമ്മ ബന്ധുക്കളോട് പറഞ്ഞിരുന്നത്. മരിച്ച് മാസങ്ങൾക്കകം ഭാര്യ കാമുകനായ അരുൺ ആനന്ദിനൊപ്പം ജീവിക്കാൻതുടങ്ങി. പിന്നീട് ഏഴുവയസുകാരൻ മകനെ അരുൺ ആനന്ദ് ഭിത്തിയിലേക്ക് വലിച്ചടിച്ച് കൊലപ്പെടുത്തിയയത്.

കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അരുൺ ആനന്ദ് ഇപ്പോൾ ജയിലിലാണ്. ഭർത്താവ് മരിച്ച് അധികനാൾ കഴിയും മുൻപ് കുട്ടികളുമായി ഭർത്താവിന്റെ ബന്ധുകൂടിയായ അരുൺ ആനന്ദിനൊപ്പം പോവുകയായിരുന്നു. എന്നാൽ ഭർത്താവിന്റെ മരണത്തിന് മുമ്പ് മറ്റൊരു അരുണുമായി കുട്ടിയുടെ അമ്മയ്ക്ക് ബന്ധമുണ്ടെന്നാണ് ഉയരുന്ന ആരോപണം. അരുൺ ആനന്ദ്, മരിച്ച ഭർത്താവിന്റെ അച്ഛന്റെ സഹോദരിയുടെ മകനായിരുന്നുവെങ്കിൽ യഥാർത്ഥ വില്ലൻ കൊല്ലപ്പെട്ട ആളിന്റെ അമ്മയുടെ അടുത്ത ബന്ധുവാണെന്നാണ് ആരോപണം,

'പപ്പിയെ അച്ച അടിച്ചു, പിന്നെ പപ്പി എണ്ണീറ്റില്ല' - തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനമേറ്റ് ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടപ്പോൾ നിർണായകമായതും ഈ അഞ്ച് വയസ്സുകാരന്റെ മൊഴികളായിരുന്നു. ഒടുവിൽ മാസങ്ങൾക്കിപ്പുറം അവന്റെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലേക്ക് വഴിതെളിച്ചതും അഞ്ചുവയസ്സുകാരൻ വെളിപ്പെടുത്തിയ ചില വിവരങ്ങൾ തന്നെയായിരുന്നു. ഭർത്താവിന്റെ മരിച്ച് ദിവസങ്ങൾക്കുള്ളിൽ വിധവയായ ഭാര്യ അരുണിനോടൊപ്പം ജീവിതം ആരംഭിച്ചത് പലവിധ സംശയങ്ങൾക്കും ഇടനൽകിയിരുന്നു. എന്നാൽ ആരും പരാതി ഉന്നയിച്ചില്ല. പക്ഷേ, 2019-ൽ അരുൺ ആനന്ദിന്റെ ക്രൂരതയ്ക്കിരയായി ഏഴുവയസ്സുകാരൻ കൊല്ലപ്പെട്ടതോടെയാണ് ഭർത്താവിന്റെ മരണത്തിലും വിശദമായ അന്വേഷണം വേണമെന്ന ആവശ്യമുയർന്നത്.

അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനുശേഷമാണ് അച്ഛന് നെഞ്ചുവേദന വന്നതെന്നുമായിരുന്നു ഇളയ മകന്റെ മൊഴി. ഈ മൊഴിയെത്തുടർന്നാണ് കല്ലറ പൊളിച്ച് ബിജുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നതിലേക്കടക്കം ക്രൈംബ്രാഞ്ച് നീങ്ങിയത്. ഭാര്യയും കാമുകനും ചേർന്ന് പാലിൽ വിഷം കലർത്തി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കളും ആരോപിക്കുന്നു. കോബ്രാ അരുൺ എന്നാണ് അരുൺ ആനന്ദ് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്നത്.