ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാറിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞു കൊണ്ട് ആർഎസ്എസ് അടക്കമുള്ളവർ രംഗത്തുവന്നതിന് പിന്നാലെ സംസ്ഥാനങ്ങളും കടുത്ത ഭാഷയിൽ രംഗത്തെത്തി. കോവിഡിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച ശേഷം സംസ്ഥാനങ്ങളെ മുന്ന്ിൽ നിർത്തി പ്രതിരോധിക്കുന്ന കേന്ദ്ര ശൈലിക്കെതിരെയാണ് വിമർശനം ശക്തമാകുന്നത്. കോവിഡിൽ കേന്ദ്രം കൈയും കെട്ടി നോക്കിയിരിക്കയാണ്് എന്നാണ് ഇതിലൂടെ ഉയരുന്ന പ്രധാന വിമർശനം. വാക്‌സിനുകൾ ആഗോള ടെണ്ടർ വഴി വാങ്ങാൻ ശ്രമിച്ചാൽ അവിടെയും കേന്ദ്ര നിലപാട് തടസ്സമാകുകയാണ്. ആഭ്യന്തരമായി ആവശ്യത്തിന് വാക്‌സിൻ ലഭ്യമാക്കുകയും ചെയ്യുന്നില്ല. ഇതോടെ സഹി കെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്രവുമായി തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ചു.

ഡൽഹിക്ക് ആവശ്യമായ വാക്‌സീൻ ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെ ശക്തമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്തുവന്നത്. സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ വാക്‌സീൻ വാങ്ങണമെന്നാണ് കേന്ദ്രം പറയുന്നത്. സംസ്ഥാനങ്ങൾ അവർക്കാകുന്നതെല്ലാം ചെയ്യുന്നുണ്ട്. ഞങ്ങൾ ആഗോള ടെൻഡറിന് ശ്രമിച്ചു. വാക്‌സീൻ കമ്പനികളുമായി സംസാരിച്ചു. എന്നാൽ അവർ സംസ്ഥാനങ്ങളോടു സംസാരിക്കാൻ തയാറാകുന്നില്ല കേജ്‌രിവാൾ പറഞ്ഞു.

പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് വരികയാണെന്നു കരുതുക. സ്വയം നേരിട്ടുകൊള്ളാൻ സംസ്ഥാനങ്ങളെ കേന്ദ്രം അനുവദിക്കുമോ? ഡൽഹിയോട് അണുബോംബുണ്ടാക്കാനും യുപിയോട് ടാങ്കുകൾ വാങ്ങാനും നിർദ്ദേശിക്കുമോ? ഒരു ദേശീയ മാധ്യമത്തോട് കേജ്‌രിവാൾ പ്രതികരിച്ചു. ഇന്ത്യ വാക്‌സിനേഷൻ നടപടികൾ വൈകിച്ചതായും കേജ്‌രിവാൾ ആരോപിച്ചു. ആദ്യം ഇന്ത്യയിലാണ് വാക്‌സീൻ നിർമ്മിച്ചത്. വാക്‌സീൻ നിർമ്മിച്ച് സ്റ്റോക് ചെയ്തിരുന്നെങ്കിൽ രണ്ടാം തരംഗത്തിലെ ചില മരണങ്ങളെങ്കിലും നമുക്ക് തടയാമായിരുന്നു.

ഡൽഹിയിലെ വാക്‌സീനെല്ലാം തീർന്നു. 1844 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷൻ ഡൽഹിയിൽ നാലു ദിവസമായി മുടങ്ങിക്കിടക്കുന്നു. മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണു സ്ഥിതി. വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയാണ്. പുതിയ കേന്ദ്രങ്ങൾ തുറക്കേണ്ട സമയത്താണു നിലവിലുള്ളവ അടച്ചുപൂട്ടുന്നതെന്നും കേജ്‌രിവാൾ പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്ന ഡൽഹി ലോക്ഡൗണിലൂടെ രോഗവ്യാപനം നിയന്ത്രിച്ചുവരികയാണ്. അതിനിടെ എത്രത്തോളം വാക്‌സീൻ ഡൽഹിക്കു സ്വന്തം നിലയിൽ വാങ്ങാമെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ക്വാട്ട നിശ്ചയിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം കേന്ദ്രത്തിനെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ 'പാക്കിസ്ഥാൻ' പരാമർശത്തിന് മറുപടിയുമായി ബിജെപിയും രംഗത്തുവന്നു. രാജ്യ തലസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയെ നേരിടാൻ വേണ്ടത്ര ശ്രമം നടത്തിയിട്ടില്ലെന്ന കുറ്റത്തിന് കേജ്രിവാൾ ക്ഷമ ചോദിക്കണമെന്ന് ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു.

'കോവിഡിനെതിരായ ഞങ്ങളുടെ പോരാട്ടത്തിലേക്ക് പാക്കിസ്ഥാനെ വലിച്ചിഴയ്ക്കാൻ കേജ്രിവാൾ ശ്രമിച്ചു. ഒരു സംസ്ഥാനത്തിനും സ്വന്തമായി ആയുധങ്ങൾ വികസിപ്പിക്കേണ്ടിവരില്ല. ഖേദകരമായ കാര്യം, പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തിലും സർജിക്കൽ സ്ട്രൈക്ക് സമയത്തും രാഷ്ട്രീയം കളിക്കുകയും തെളിവ് ചോദിക്കുകയും ചെയ്തയാളാണ് കേജ്രിവാൾ.

കേജ്രിവാൾ സ്വന്തം പ്രതിച്ഛായ കൂട്ടാനുള്ള രാഷ്ട്രീയം കളിക്കുകയാണ്. ആരോപണമുന്നയിക്കുന്ന തന്ത്രങ്ങളിൽനിന്ന് അദ്ദേഹം വിട്ടുനിൽക്കണം' സാംബിത് പത്ര പറഞ്ഞു. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രം ആഗോള ടെണ്ടർ വിളിച്ച് വാക്‌സിൻ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിന് സാധിക്കില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.ഇതാണ് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.

അതിനിടെ വിമർശനങ്ങൾക്ക് മറുപടിയെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രംഗത്തുവന്നിരുന്നു. കോവിഡിനു ശേഷം ലോകം മുൻപുണ്ടായിരുന്നതു പോലെ ആയിരിക്കില്ലെന്ന് മോദി പറഞ്ഞു. കോവിഡിനു മുൻപും ശേഷവും എന്നാവും ഭാവിയിൽ ഓരോ കാര്യങ്ങളും അടയാളപ്പെടുത്തുകയെന്നും ബുദ്ധപൂർണിമ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വെർച്വൽ അഭിസംബോധനയിൽ പ്രധാനമന്ത്രി പറഞ്ഞു.

സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി രാജ്യത്തിന്റെ രക്ഷയ്ക്കായി പ്രവർത്തിക്കുന്ന കോവിഡ് മുന്നണി പോരാളികൾക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'എല്ലാ ലോകരാജ്യങ്ങളെയും കോവിഡ് പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടായിരിക്കുന്നത്. കോവിഡിനു മുൻപായിരുന്ന അവസ്ഥയാവില്ല ഇനി ലോകത്ത്. ഭാവിയിൽ ഓരോ കാര്യവും നമ്മൾ ഓർക്കുക കോവിഡിനു മുൻപും പിൻപും എന്ന തരത്തിലായിരിക്കും. ലോകമാകെയും പ്രത്യേകിച്ച് ഇന്ത്യയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്.

വാക്സീൻ വികസിപ്പിക്കാൻ പ്രവർത്തിച്ച ഗവേഷകരുടെ പേരിൽ ഇന്ത്യ അഭിമാനിക്കുന്നു. സമൂഹരക്ഷയ്ക്കായി പ്രവർത്തിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും സല്യൂട്ട് ചെയ്യുന്നു. സാഹചര്യത്തിനനുസരിച്ച് ഉണർന്നു പ്രവർത്തിച്ച് കോവിഡ് പോരാട്ടത്തിൽ പങ്കാളികളായ വ്യക്തികളും സ്ഥാപനങ്ങളും അഭിനന്ദനമർഹിക്കുന്നു. ബുദ്ധ ഭഗവാന്റെ ആശയങ്ങളാണ് അവർ പ്രാവർത്തികമാക്കിയത്'- പ്രധാനമന്ത്രി പറഞ്ഞു.