തിരുവനന്തപുരംഛ നഗരസഭയിൽ തെരുവ് വിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് എൽഇഡി ലൈറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. ആഴ്ചയിൽ ഒന്ന് വീതം ആരോപണം ഉന്നയിച്ച് വികസനകാര്യങ്ങളിൽ നിന്ന് ഭരണസമിതിയുടെ ശ്രദ്ധതിരിച്ച് തലസ്ഥാന നഗരവികസനം അട്ടിമറിക്കാനും അതുവഴി രാഷ്ട്രീയ നേട്ടം കൊയ്തുകളയാം എന്നുമാണ് ചിലരുടെ സ്വപനം. അത് സ്വപ്നമായി തന്നെ അവശേഷിക്കുമെന്നാണ് വ്യക്തമാക്കാനുള്ളത്.

പതിനൊന്നും പതിനെട്ടും അടവുകൾ ആകാവുന്ന വിധമെല്ലാം പയറ്റിയിട്ടും മുൻപേ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിൽ പോലും തെളിയിക്കാൻ കഴിയാത്തതിന്റെ ജാള്യതയും നിരാശയും മനസ്സിലാവുന്നുണ്ടെന്ന് മേയർ വ്യക്തമാക്കി. വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന രാഷ്ട്രീയക്കളിയല്ല നടത്തേണ്ടത്. നഗരസഭാ ഭരണം സുതാര്യമായും അഴിമതിരഹിതമായും മുന്നോട്ട് പോകും. അടവുകളും തന്ത്രങ്ങളുമായി ഇനിയും സ്വാഗതം. ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനും വികസനവിരുദ്ധരെ തുറന്ന് കാട്ടാനുമുള്ള അവസരമായുമായാണ് ഇതിനെ കാണുന്നതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

തിരുവനന്തപുരം നഗരസഭയിൽ തെരുവ് വിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് എൽ.ഇ.ഡി ലൈറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ചില കേന്ദ്രങ്ങളുടെ പ്രചരണം അടിസ്ഥാനരഹിതമാണ്. തിരുവനന്തപുരം നഗരസഭ 202122 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നിലവിലുള്ള ട്യൂബ് ലൈറ്റ് മാറ്റി എൽ.ഇ.ഡി ലൈറ്റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിരുന്നു. മാത്രമല്ല പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 30.01.2021ലെ കൗൺസിൽ യോഗം 20,000 എൽ.ഇ.ഡി ലൈറ്റുകൾ വാങ്ങുന്നതിന് തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 17.02.2021ലെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ 10,000 എൽ.ഇ.ഡി ലൈറ്റുകൾ അടിയന്തിരമായി സർക്കാർ അംഗീകൃത അക്രഡിറ്റഡ് ഏജൻസിയായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽനിന്നും വാങ്ങുന്നതിനും തീരുമാനിച്ചു. എൽ.ഇ.ഡി ലൈറ്റ് വയ്ക്കുന്നതിന് എല്ലാ സാധന സാമഗ്രികളുൾപ്പെടെ യൂണിറ്റ് ഒന്നിന് 2,480/ രൂപ നിരക്കിൽ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു. ടി നടപടി 19.03.2021ലെ കൗൺസിൽ തീരുമാനം അംഗീകരിച്ചിരുന്നു. ടി കൗൺസിൽ യോഗത്തിൽ ഒരംഗംപോലും ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ല.''

''തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 31.08.2018 തീയതിയിലെ 2330/2018 നമ്പർ ഉത്തരവ് അനുസരിച്ച് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽനിന്നും എൽ.ഇ.ഡി ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവ് വിളക്കുകൾ ടെണ്ടർ കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വാങ്ങുവാൻ അനുമതി നൽകിയിട്ടുണ്ട്. മാത്രമല്ല നിലവിൽ അത്തരത്തിൽ അനുമതിയുള്ള ഒരേയൊരു സ്ഥാപനം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാത്രമാണ്. യുണൈറ്റഡ് ഇലക്ട്രക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നത് 1950ൽ തുടങ്ങിയ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇലക്ട്രിക് മീറ്റർ, മറ്റ് ഇലക്ട്രിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളും എൽ.ഇ.ഡി വിളക്കുകളും സ്വന്തമായി നിർമ്മിക്കുകയും, മറ്റ് സ്ഥാപനങ്ങളുടെ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് നൽകുന്ന ജോലിയും അവിടെ വർഷങ്ങളായി ചെയ്തുവരുന്നുണ്ട്.''

''നിലവിൽ കുറഞ്ഞ നിരക്കിൽ എൽ.ഇ.ഡി. ലൈറ്റ് സപ്ലൈ ചെയ്യാൻ KEL എന്ന സ്ഥാപനം തയ്യാറായിരുന്നു എന്നാണ് ആരോപണമുന്നയിക്കുന്നവർ പറയുന്നത്. എന്നാൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 18.01.2019ലെ 91/2019ാം നമ്പർ ഉത്തരവ് അനുസരിച്ച് KEL എന്നത് ഇലക്ട്രോ മെക്കാനിക്കൽ പ്രവൃത്തികളുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് ആയതിനാൽ KEL നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള അംഗീകൃത ഏജൻസിയായി അനുമതി നൽകിയിരുന്നു. ടി ഉത്തരവിൽ KEL ൽനിന്നും എൽ.ഇ.ഡി ലൈറ്റ് ടെണ്ടർ കൂടാതെ നേരിട്ട് വാങ്ങാനുള്ള അനുമതി നൽകിയിട്ടില്ലായെന്നത് ആരോപണം ഉന്നയിക്കുന്നവർ ബോധപൂർവ്വം മറച്ചുവയ്ക്കുന്നത് നഗരസഭയ്ക്കെതിരെ പുകമറ സൃഷ്ടിക്കാനാണ്.''

''തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണ സമിതി അധികാരമേറ്റയുടൻ തന്നെ നഗരത്തിലെ തെരുവ് വിളക്കുകൾ കത്തിക്കുന്നതിനുള്ള നടപടിയാണ് ആദ്യം ഏറ്റെടുത്ത പ്രവൃത്തികളിലൊന്ന്. അടിയന്തിര സാഹചര്യത്തിൽ സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽനിന്നും സർക്കാറിന്റെ നിലവിലെ ഉത്തരവുകൾ അനുസരിച്ച് തന്നെയാണ് വാങ്ങൽ നടപടികൾ നടത്തിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഉടനടി വരാൻ സാധ്യതയുണ്ടായിരുന്നതിനാൽ വിപണിയിൽനിന്നും ടെണ്ടർ ക്ഷണിച്ച് തെരുവ് വിളക്ക് വാങ്ങിക്കുവാനും സാധ്യമായിരുന്നില്ല. പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും എൽ.ഇ.ഡി വിളക്ക് വാങ്ങുന്നതിന് ചെലവാക്കിയ തുക ടി സ്ഥാപനത്തിന്റെ അക്കൗണ്ടിലേയ്ക്കാണ് നൽകുന്നത് എന്നുമാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതം സർക്കാറിന് നൽകുക കൂടി ചെയ്യുകയാണ് എന്നിരിക്കെ ഇക്കാര്യത്തിൽ അഴിമതി ആരോപിക്കുന്നത് വിരോധാഭാസമാണ്.''

''പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്ന സംസ്ഥാന സർക്കാർ നയത്തോടൊപ്പമാണ് നഗരസഭ. അതുകൊണ്ട് കൂടിയാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിൽനിന്നും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നഗരത്തിലെ ജനങ്ങൾക്ക് വെളിച്ചമെത്തിക്കുന്ന നടപടികളുമായി നഗരസഭ മുന്നോട്ടുപോയത്. പൊതുമേഖലാ സ്ഥാപങ്ങളെ വിറ്റ് തുലയ്ക്കുന്ന നയത്തിന് ഖോ ഖോ വിളിക്കുന്നവർക്ക് വിഷമമുണ്ടാകും. ആഴ്ചയിൽ ഒന്ന് വീതം ആരോപണം ഉന്നയിച്ച് നഗരത്തിന്റെ വികസനകാര്യങ്ങളിൽ നിന്ന് ഭരണസമിതിയുടെ ശ്രദ്ധതിരിച്ച് തലസ്ഥാന നഗരവികസനം അട്ടിമറിക്കാനും അതുവഴി രാഷ്ട്രീയ നേട്ടം കൊയ്തുകളയാം എന്നുമാണ് ചിലരുടെ സ്വപനം. അത് സ്വപ്നമായി തന്നെ അവശേഷിക്കുമെന്നാണ് വ്യക്തമാക്കാനുള്ളത്.''

''പതിനൊന്നും പതിനെട്ടും അടവുകൾ ആകാവുന്ന വിധമെല്ലാം പയറ്റിയിട്ടും മുൻപേ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിൽ പോലും ആരോപണം തെളിയിക്കാൻ കഴിയാത്തതിന്റെ ജാള്യതയും നിരാശയും മനസ്സിലാവുന്നുണ്ട്. അത് മറച്ച് പിടിക്കാൻ ഈ നഗരത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന രാഷ്ട്രീയക്കളിയല്ല നടത്തേണ്ടത്. നഗരസഭാ ഭരണം സുതാര്യമായും അഴിമതിരഹിതമായും മുന്നോട്ട് പോകും. അടവുകളും തന്ത്രങ്ങളുമായി ഇനിയും സ്വാഗതം. ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനും വികസനവിരുദ്ധരെ തുറന്ന് കാട്ടാനുമുള്ള അവസരമായുമായാണ് ഇതിനെ കാണുന്നത്.''

ബിജെപി നേതാവ് കരമന അജിത്തിന്റെ ആരോപണം ഇങ്ങനെ:

നഗരസഭയിലെ പാവകളി...

പാവ കളി കണ്ടിട്ടുണ്ടോ നിങ്ങൾ ??? ബൊമ്മകളെ നൂലിൽ കോർത്ത് പിടിച്ച് എഴുതി തയ്യാറാക്കിയ കഥയ്ക്ക് അനുസരിച്ച് കളിപ്പിക്കുന്നത്.അത്തരം ഒരു പാവകളിയാണ് ഇപ്പോൾ നഗരസഭയിൽ നടക്കുന്നത്.

18,000 LED light കൾ നഗരസഭ വാങ്ങി. ലക്ഷങ്ങളുടെ അല്ല കോടികളുടെ ഇടപാടാണ്. 5 ലക്ഷത്തിനു മുകളിലുള്ള എന്ത് ഇടപാടിലും ഇ-ടെൻഡർ വിളിച്ചിട്ടുണ്ടാകണം എന്ന ചട്ടം മറികടന്നാണ് ഈ വാങ്ങൽ നടന്നത്.ഏതാണ്ട് 63 ലക്ഷം രൂപയുടെ അഴിമതി മാത്രം ഇതിൽ നടന്നിട്ടുണ്ട്...വിശദമാക്കാം...

CPM സംസ്ഥാന നേതാവിന്റെ ഭാര്യയുടെ സഹോദരൻ GM ആയ യുണൈറ്റഡ് ഇലട്രിക്ക് സ്ഥാപനത്തിൽ നിന്നാണ് 18,000 LED ലൈറ്റുകൾ വാങ്ങിയത്.
2021 ഫെബ്രുവരി മാസത്തിൽ നഗരസഭ മൂന്ന് ഗവ: ഏജൻസികളിൽ നിന്നും ക്വട്ടേഷനോ പരസ്യമോ നൽകാതെ ഫോൺ മുഖാന്തിരം വിളിച്ച് ക്വട്ടേഷൻ വാങ്ങി.
എന്നാൽ ടി എജൻസികളിൽ കുറവ് വിലയായ 2350 രൂപ നൽകിയ കെൽ എന്ന ഗവ: ഏജൻസിയെ ഒഴിവാക്കി കൊണ്ട് 100 രൂപ കൂടുതൽ നൽകിയ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ നിന്നും 2450 രൂപയ്ക്ക് കൂടിയ നിരക്കിൽ 18,000 ലൈറ്റുകൾ വാങ്ങിയതിലൂടെ മാത്രംപ്രത്യക്ഷത്തിൽ നഗരസഭയ്ക്ക് 18 ലക്ഷം രൂപയുടെ നാഷ്ടമാണ് ഉണ്ടായത്.

ഇനിയാണ് വമ്പൻ ട്വിസ്റ്റ്.

യുണൈറ്റഡ് ഇലക്ട്രിക്കൽസ് നിർമ്മിക്കുന്ന ലൈറ്റുകൾ ആണെന്ന് പറഞ്ഞ് നൽകിയത് ലൈറ്റുകൾ Crompton കമ്പനിയുടെ ലൈറ്റുകളാണ്.
Crompton ന്റെ ലൈറ്റുകളുടെ മുകളിൽ United ന്റെ sticker ഒട്ടിച്ച് ജനങ്ങളെ മുഴുവൻ വിഡ്ഡികളാക്കി കൊണ്ടാണ് അവ വിതരണം ചെയ്തത്.
Crompton ന്റെ ലൈറ്റുകൾക്ക് പൊതുവേ വില കുറവാണ്. നഗരസഭ ടെൻഡർ ചെയ്തിരുന്നു എങ്കിൽ 2100 രൂപയ്ക്ക് കിട്ടുമായി രുന്ന ലൈറ്റുകളാണ് 2450 രൂപയ്ക്ക് വാങ്ങിയത്.
അതായത് ഓരോ ലൈറ്റിലും 350 രൂപയുടെ നഷ്ടം അഥവാ അഴിമതി.
350 രൂപ വച്ച് 18,000 ലൈറ്റുകൾ ആകുംബോൾ 63 ലക്ഷം രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായിരിക്കുന്നത്.എ.കെ.ജി സെന്ററിലിരുന്ന് നഗരസഭയ്ക്കുള്ളിൽ സിപിഎം നടത്തുന്ന ഈ പാവകളി അഥവാ പകൽക്കൊള്ള നിർത്തിയില്ലെങ്കിൽ അതിശക്തമായ പ്രതികരണമുണ്ടാകും എന്ന് ഓർമ്മിപ്പിക്കുന്നു.
ജനങ്ങളുടെ കാശാണ്. ചോദിക്കാനും പറയാനും അകത്ത് ശക്തമായപ്രതിപക്ഷമുണ്ട്.