ന്യൂഡൽഹി: ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്നു കേസിൽ ട്വിസ്റ്റോട് ട്വിസ്റ്റാണ് എങ്ങും. കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാംഖഡെ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. ഇതിന് പിന്നാലെ കോടതിയെ സമീപിച്ചിരിക്കയാണ് വാംഖഡെ. മുംബൈ സെഷൻസ് കോടതിയിയെയാണ് സമീർ വാംഖഡെ സമീപിച്ചിരിക്കുന്നത്.

കേസ് അന്വേഷണത്തിൽ നേരിടുന്ന തടസ്സങ്ങൾ ഇല്ലാതാക്കാനും നിലവിലുള്ള അന്വേഷണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ തടയാനും കോടതി ഇടപെടൽ ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. വാങ്കഡെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ തിങ്കളാഴ്ച കോടതിയെ അറിയിച്ചു.

തന്റെ കുടുംബാംഗങ്ങൾക്കെതിരായി ആരോപണങ്ങൾ ഉയർത്തുന്നത് തന്റെ ശ്രദ്ധ തിരിക്കാനും കോടതിയിൽ തന്നെ പരാജയപ്പെടുത്താനും മാത്രമാണോ എന്ന് വാങ്കഡെ ചോദിച്ചു. സാക്ഷികളെയും അന്വേഷണത്തെയും സ്വാധീനിക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'' ഞാൻ ഏത് അന്വേഷണത്തിനും ചോദ്യം ചെയ്യലിനും തയ്യാറാണ്. എനിക്ക് 15 വർഷത്തെ റെക്കോർഡ് ഉണ്ട്.  ഇപ്പോഴുള്ള ഈ ആരോപണം എന്റെ വ്യക്തി ജീവിതത്തെ ഉന്നം വെച്ചുകൊണ്ടുള്ളതും ജോലി ചെയ്യിപ്പിക്കാതിരിക്കാനുമാണ്,'' വാങ്കഡെ പറഞ്ഞു. ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി മരുന്ന് കേസിൽ, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയ്ക്കെതിരെയും പ്രൈവറ്റ് അന്വേഷണ ഉദ്യോഗസ്ഥനായ കെ.പി. ഗോസാവിക്കെതിരേയും ഗുരുതരാരോപണവുമായി കെ.പി. ഗോസാവിയുടെ അംഗരക്ഷകരിലൊരാളായ പ്രഭാകർ സെയ്ൽ എന്നയാൾ കഴിഞ്ഞ ദിവസം, രംഗത്തെത്തിയിരുന്നു.

അതേസമയം ആരോപണത്തിൽ വസ്തുത ഉണ്ടോ എന്ന് അന്വേഷിക്കാൻ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി)യുടെ കീഴിലെ വിജിലൻസ് അന്വേഷണം തുടങ്ങി. ഏജൻസിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായ ഗ്യാനേശ്വർ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. കേസിലെ സാക്ഷികളിലൊരാൾ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് മുംബൈ സോണൽ ഡയറക്ടറായ സമീർ വാംഖഡെയ്‌ക്കെതിരേ എൻ.സി.ബി. അന്വേഷണം പ്രഖ്യാപിച്ചത്.

കേസിലെ സാക്ഷിയായ പ്രഭാകർ സെയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് മുംബൈയിലെ എൻ.സി.ബി. ഉദ്യോഗസ്ഥർ ഡയറക്ടർ ജനറലിന് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സമീർ വാംഖഡെക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

എൻ.സി.ബി. ഡെപ്യൂട്ടി ഡയറക്ടർ ജനറലായ ഗ്യാനേഷർ സിങ് എൻ.സി.ബി.യുടെ ചീഫ് വിജിലൻസ് ഓഫീസർ കൂടിയാണ്. സമീർ വാംഖഡെയെ തൽസ്ഥാനത്ത് നിന്ന് മാറ്റിനിർത്തുമോ എന്ന ചോദ്യത്തിന് അന്വേഷണം ആരംഭിച്ചതേയുള്ളൂ എന്നായിരുന്നു ഗ്യാനേഷർ സിങ്ങിന്റെ മറുപടി. നിലവിൽ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വാങ്കഡെയും ഗോസാവിയും കേസിൽ ഗൂഢാലോചന നടത്തുന്നതായും പണം കൈമാറുന്നതായും കണ്ടുവെന്നാണ് ഇവർക്കെതിരെ ഉയരുന്ന ആരോപണം.