കൊല്ലം: കല്ലുവാതുക്കലിൽ കരിയില കൂനയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്മയ്ക്കെതിരെ ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ കുറിപ്പ്. രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് കുറിപ്പിലുള്ളത്. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താൻ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ പൊലീസ് പിടികൂടുന്നത് സഹിക്കാൻ കഴിയില്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.

ഭയം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പിൽ ഇവർ പറയുന്നത്. രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാൻ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ആര്യ പറഞ്ഞു.കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത് താൻ ഒറ്റയ്ക്കാണെന്നും ഗർഭിണിയായിരുന്നെന്ന വിവരം മറ്റാർക്കും അറിയില്ലായിരുന്നു എന്നുമുള്ള രേഷ്മയുടെ വാദവും ഇതോടെ പൊളിയുകയാണ്.

സംഭവത്തിൽ പ്രതിയും അമ്മയുമായ രേഷ്മയുടെ ബന്ധുക്കളായ യുവതികളാണ് ആറ്റിൽ ചാടിയത്. രേഷ്മയുടെ ഭർത്താവിന്റെ സഹോദര ഭാര്യ ആര്യ, ഭർത്താവിന്റെ സഹോദരി പുത്രി ഗ്രീഷ്മ എന്നിവരുടെ മൃതദേഹങ്ങളാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ലഭിച്ചത്.രേഷ്മയുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ആളാണ് ഭർത്തൃസഹോദരന്റെ ഭാര്യയായ ആര്യ. ഇവരുടെ പേരിലുള്ള സിം കാർഡാണ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട കാമുകനുമായി ചാറ്റ് ചെയ്യാൻ രേഷ്മ ഉപയോഗിച്ചിരുന്നത്.

ഇതിനെപ്പറ്റി ചോദിച്ചറിയാൻ ആര്യയോട് പൊലീസ് സ്റ്റേഷനിലെത്താൻ നിർദ്ദേശിച്ചിരുന്നു. പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ 12 മണിയോടെ ആര്യയെ കാണാതായത്. ആര്യയുടെ ഭർത്തൃസഹോദരിയുടെ മകൾ ഗ്രീഷ്മയെയും ഒപ്പം കാണാതാവുകയായിരുന്നു. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്ന് പൊലീസ് പരിസരത്ത് പരിശോധന നടത്തുകയും ഇന്ന് ഇരുവരുടെയും മൃതദേഹങ്ങൾ ആറ്റിൽ നിന്ന് കിട്ടുകയുമായിരുന്നു.

കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാൻ ഒപ്പം കൂട്ടിയത് എന്നതടക്കമുള്ള കാര്യങ്ങൾ ഇപ്പോഴും ദുരൂഹമാണ്. അതേസമയം രേഷ്മ ഗർഭിണിയായിരുന്നതും പിന്നീട് നവജാത ശിശുവിനെ ഉപേക്ഷിച്ചതും ബന്ധുക്കളായ യുവതികൾക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.രേഷ്മയുടെ വീടിനു സമീപത്താണ് ഇവരുടെയും വീടുകൾ. ഇരുവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി