കോട്ടയം: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പരുക്കേറ്റ് കഴിയുന്ന അസം സ്വദേശിയായ കുഞ്ഞ് നേരിട്ടതു സമാനതകളില്ലാത്ത മൃഗീയ പീഡനമാണ്. ഇക്കാര്യം മെഡിക്കൽ ബോർഡും ശരിവെക്കുന്നു. ലൈംഗിക അതിക്രമത്തിന്റെ തെളിവുകളും കുട്ടിയുടെ ശരീരത്തിലുണ്ട്. രഹസ്യഭാഗത്ത് കത്തിയുടെ പിടി കുത്തിക്കയറ്റിയതായി കുട്ടി ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്.

ഇതു കൂടാതെ നേരത്തെ സംഭവിച്ച പൊട്ടലുകളും മുറിവുകളും മെഡിക്കൽ ബോർഡ് കണ്ടെത്തി. ലൈംഗിക പീഡനം സംബന്ധിച്ച് വിശദമായ പരിശോധന നടത്തി റിപ്പോർട്ട് നൽകും.ഇതിന് ഇനിയും പരിശോധന വേണമെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. കുട്ടിയെ പട്ടിണിക്കിട്ടിരുന്നതായി ശരീരത്തിലെ പോഷകാഹാരത്തോത് സൂചിപ്പിക്കുന്നു. 10 കിലോഗ്രാം മാത്രമാണ് തൂക്കം.

കേസ് അന്വേഷിക്കുന്ന മൂവാറ്റുപുഴ പൊലീസ് സംഘം മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ അച്ഛനെയും രണ്ടാനമ്മയെയും വീണ്ടും വിശദമായി ചോദ്യം ചെയ്യും. കുഞ്ഞിന്റെ പ്രായം കണ്ടെത്തുന്നതിനു നടത്തിയ അസ്ഥി പരിശോധനയിൽ കൈ, തുടയെല്ല് എന്നിവിടങ്ങളിൽ പൊട്ടലുകൾ കണ്ടെത്തിയിരുന്നു. ഇതോടെ കുഞ്ഞിന് വിശദമായ സ്‌കാനിങ് പരിശോധന നടത്തി. തലയോട്ടി, കൈ, കൈ വിരൽ, വാരിയെല്ല് എന്നിവയ്ക്ക് പൊട്ടലുണ്ടെന്നും ബോധ്യപ്പെട്ടു. മിക്ക പരുക്കുകൾക്കും ചികിത്സ ലഭിച്ചിട്ടില്ല. പൊട്ടലുകളും ഒടിവുകളും തനിയെ മുറി കൂടിയ നിലയിലാണ്. കുഞ്ഞിന്റെ പ്രായം 3 വയസും 6 മാസവും ആണെന്നും പരിശോധനയിൽ തെളിഞ്ഞു.

കാലിലെ അസ്ഥിയിലെ പൊട്ടൽ കാല് ആരോ ബലമായി പിടിച്ച് പിരിക്കുമ്പോൾ ഉണ്ടാകുന്ന വിധമാണ്. മാനസിക വിഭ്രാന്തിയുള്ള ഒരാൾ കുഞ്ഞിനോട് കാട്ടുന്ന ക്രൂരതയ്ക്ക് സമാനമാണ് പരുക്കുകൾ എന്നാണ് കണ്ടെത്തൽ. ക്രൂര പീഡനത്തിന് ഇരയായ അസം സ്വദേശിയായ കുഞ്ഞിന്റെ രഹസ്യ ഭാഗത്തെ മുറിവ് കത്തിയുടെ പിടികൊണ്ടുള്ളതാണെന്ന് കുഞ്ഞ് ഡോക്ടർമാരോടു പറഞ്ഞതിന്റെ ശബ്ദരേഖ പൊലീസിനു കൈമാറിയിട്ടുണ്ട്.

കുഞ്ഞിന്റെ രഹസ്യ ഭാഗത്തെ ഗുരുതര പരുക്ക് ഒടിഞ്ഞ സൈക്കിളിന്റെ കമ്പി കുത്തി കയറിയതാണെന്നും തുടയെല്ലിന്റെ പൊട്ടൽ ശുചിമുറിയിൽ തെന്നി വീണപ്പോൾ ഉണ്ടായതാണെന്നും ആയിരുന്നു അച്ഛനും രണ്ടാനമ്മയും പറഞ്ഞിരുന്നത്. ശരീരത്തെ പൊള്ളൽ ഉണങ്ങിയ പാട് വെളിച്ചെണ്ണ തെറിച്ച് വീണ് പൊള്ളിയതാണെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ അച്ഛനും രണ്ടാനമ്മയും പറഞ്ഞ വിധമുള്ള അപകടങ്ങളിൽ പറ്റിയ പരുക്കുകളല്ല കുഞ്ഞിന്റെ ശരീരത്തുള്ളതെന്നു ഡോക്ടർമാർ കണ്ടെത്തി.

ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ലൈംഗികമായി ദുരുപയോഗം നടന്നതായി പൂർണമായി തെളിഞ്ഞിട്ടില്ല. എന്നാൽ പ്രകൃതി വിരുദ്ധ ലൈംഗിക പീഡന സാധ്യതകളുണ്ട്. പീഡന സാധ്യത കണ്ടെത്തുന്നതിനു ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന്റെ പരിശോധന കൂടി വേണമെന്നു മെഡിക്കൽ ബോർഡ് നിർദേശിച്ചു. എന്നാൽ കുഞ്ഞിന്റെ വയറിലെ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവ് ഭേദം ആകാതെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന്റെ എൻഡോസ്‌കോപ്പി പരിശോധന ചെയ്യാൻ കഴിയില്ല. അതുവരെ കുഞ്ഞിനെ ആശുപത്രിയിൽ തന്നെ കിടത്തി ചികിത്സിക്കുന്നതിനാണ് തീരുമാനം.

കുഞ്ഞിന്റെ ആരോഗ്യ നില മെച്ചപ്പെട്ടാലും തുടർ നടപടികൾക്ക് ശിശുക്ഷേമ സമിതി , ചൈൽഡ് ലൈൻ, പൊലീസ് എന്നിവരുടെ അഭിപ്രായം കൂടി തേടുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വി. സവിത പറഞ്ഞു.

കുഞ്ഞിനോട് അതിക്രമം നടത്തിയിട്ടില്ലെന്നാണ് അച്ഛനും രണ്ടാനമ്മയും പറയുന്നത്. ഇവർ ഇരുവരുമാണു കുഞ്ഞിനൊപ്പം ആശുപത്രിയിലുള്ളത്. താൻ കോഴിക്കടയിൽ ദിവസവും ജോലിക്ക് പോകും അതിനാൽ പകൽ സമയം ഉണ്ടാകുന്ന കാര്യങ്ങൾ അറിയില്ല. എന്നാൽ ഇതുവരെയും ആരെങ്കിലും ഉപദ്രവിച്ചതായി കുഞ്ഞ് പറഞ്ഞിട്ടില്ലെന്നും അച്ഛൻ പറഞ്ഞു. ഭാര്യ തന്നെയും ഈ മകളയും ഉപേക്ഷിച്ചിട്ടു പോയപ്പോഴാണ് രണ്ടാം വിവാഹം കഴിച്ചത്. ഈ യുവതിയാണ് ഇപ്പോൾ കുഞ്ഞിനൊപ്പം ഉള്ളത്. ഇവർ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടിട്ടില്ലെന്നും അച്ഛൻ പറയുന്നു. എന്നാൽ വീട്ടിൽ വന്ന് രാത്രി തങ്ങുന്ന ബന്ധുവിനെ സംശയമുണ്ട് എന്ന വിധത്തിലാണ് രണ്ടാനമ്മ പറയുന്നത്. കുഞ്ഞിനെ ഉപദ്രവിച്ചിട്ടില്ലെന്ന് മൊഴിയിൽ ഇവരും ഉറച്ചു നിൽക്കുന്നു.

വയറുവേദനയും ഛർദിയും മൂലമാണ് മൂവാറ്റുപുഴ വാടകയ്ക്ക് താമസിച്ച് കോഴിക്കടയിൽ ജോലി ചെയ്യുന്ന 37 വയസ്സുകാരന്റ മകളെ മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടികളുടെ ശസ്ത്രക്രിയ വിഭാഗം ഡോക്ടർമാർ നടത്തിയ പരിശോധനയിൽ മലാശയവും വൻകുടലും ചേരുന്ന ഭാഗത്തെ പൊട്ടൽ കണ്ടെത്തി.പൊട്ടലുള്ള ഭാഗത്ത് പഴുപ്പ് കയറിയ നിലയിലായിരുന്നു, കുഞ്ഞിന്റെ രഹസ്യ ഭാഗത്തെയും ശരീരത്തിലെയും പരുക്കുകൾ ക്രൂരമായ ലൈംഗിക പീഡനത്തിനു സമാനമാണെന്ന് കണ്ടെത്തിയതോടെയാണ് ഈ വിവരം ആശുപത്രി അധികൃതർ വഴി പൊലീസിന് കൈമാറിയത്.

കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയമായിരുന്നു. അതീവ ഗുരുതര നിലയിൽ നിന്ന് വിദഗ്ധ ചികിത്സയിലൂടെ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഇപ്പോൾ ഭക്ഷണം കഴിക്കാനും സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ വയറ്റിൽ ഇട്ടിരിക്കുന്ന ട്യൂബ് മാറ്റാൻ ഒരു ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.