ഗുവാഹത്തി: പശ്ചിമ ബംഗാളിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷ പൊലിഞ്ഞപ്പോൾ ബിജെപിക്ക് ആശ്വാസമായി അസമിലെ ജയം. 126 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 79 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. 47 സീറ്റുകളിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും ലീഡ് ചെയ്യുന്നു. ഏറ്റവും പുതിയ കണക്കു പ്രകാരം എ.ജെ.പിക്ക് എവിടെയും ലീഡില്ല.

ബിജെപിക്ക് അനായാസ വിജയമുണ്ടാകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രവചനം ശരിവയ്ക്കുന്നതാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുറത്തുവരുന്ന ഫലം. അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ, എജിപി നേതാവ് അതുൽ ബോറ എന്നിവർ വിജയമുറപ്പിച്ചിട്ടുണ്ട്.

കോൺഗ്രസിന്റെ നേതൃത്വത്തിൽ ബിപിഎഫ്, ഏ.ഐ.യു.ഡി.എഫ് എന്നീ കക്ഷികളെ ചേർത്ത് മുന്നണിയായാണ് മത്സരിച്ചത്. എന്നാൽ ഈ നീക്കം ഫലംകണ്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

126 സീറ്റുകളുള്ള അസം നിയമസഭയിൽ 2016-ൽ എൻ.ഡി.എ. സഖ്യത്തിന് 71 സീറ്റുകളുണ്ടായിരുന്നു. ബിജെപി മാത്രം 58 സീറ്റുകൾ നേടിയിരുന്നു. പ്രതിപക്ഷത്ത് 43 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.

സംസ്ഥാനത്തെ കിഴക്കൻ മേഖലയിലുള്ള ഗോത്രവിഭാഗങ്ങൾ പൗരത്വനിയമത്തിന് എതിരാണ്. ഇതു ബിജെപിയുടെ വോട്ടുകൾ ചോർത്തുമെന്നാണ് കരുതിയത്. കോൺഗ്രസ് ആകട്ടെ, അധികാരത്തിലെത്തിയാൽ പൗരത്വനിയമം നടപ്പാക്കില്ല എന്നു വാഗ്ദാനം നൽകുകയും ചെയ്തു. എന്നാൽ ബിജെപിക്ക് പോറലേൽപ്പിക്കാൻ പൗരത്വനിയമത്തിന് സാധിച്ചില്ല.

അസമിലെ വിജയം ബിജെപിക്ക് വിജയത്തിന്റെ മറ്റൊരു വാതിൽ കൂടിയാണ് തുറക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പാർട്ടിയുടെ പ്രവേശനത്തിന്റെ വഴി കൂടുതൽ സുഗമമാക്കും. അസം തിരഞ്ഞെടുപ്പു വിജയത്തോടെ വടക്കുകിഴക്കൻ മേഖലയിലെ കോൺഗ്രസിന്റെ മേൽക്കൈയ്ക്ക് തടയിടുകയാണ് ബിജെപി ചെയ്തത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം കൂടി 25 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. അസമിലെ 14 സീറ്റ് അടക്കം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിലെ വിജയവും ബിജെപിക്ക് ഗുണം ചെയ്യും. കോൺഗ്രസിന്റെ 15 വർഷത്തെ തുടർച്ചയായ ഭരണം അട്ടിമറിച്ചാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിൽ വന്നത്. 126 അംഗ നിയമസഭയിൽ ബിജെപി, എജിപി, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നിവ 86 സീറ്റ് നേടിയത് കോൺഗ്രസിനെ ഞെട്ടിച്ചു. കാരണം കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമായിരുന്നു അസം.

ശക്തമായ അടിത്തറയുള്ള സംസ്ഥാനത്ത് ഇത്തവണ എങ്ങനെയും ഭരണം പിടിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് കോൺഗ്രസ് മുന്നോട്ടുനീങ്ങിയത്. ഇതിനായി ഉദാരമായ സഖ്യത്തിന് തയാറായി. എഐയുഡിഎഫ്, ബിപിഎഫ്, സിപിഎം, സിപിഐ, സിപിഐ എംഎൽ, അഞ്ചാലിക് ഗണ മോർച്ച എന്നിവയുടെ സഖ്യമുണ്ടാക്കി. എന്നിട്ടും ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാനായില്ല. രാഹുലും പ്രിയങ്കയും നടത്തിയ പ്രചണ്ഡമായ പ്രചാരണത്തിനും പാർട്ടിയെ കരകയറ്റാനായില്ല.

ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് മാറിയതോടെ ബിജെപി പക്ഷത്ത് അസം ഗണപരിഷത്തും ബോഡോ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലും മാത്രമാണെന്നതും കോൺഗ്രസിന് അനുകൂലമായ സാഹചര്യമൊരുക്കുമെന്നായിരുന്നു വിശ്വാസം. പക്ഷേ ഒന്നും സംഭവിച്ചില്ല.

മൂന്നു വട്ടം മുഖ്യമന്ത്രിയായിരുന്ന കരുത്തനായിരുന്നു തരുൺ ഗൊഗോയ്. കഴിഞ്ഞ നവംബറിൽ കോവിഡ് ബാധിതനായി അദ്ദേഹം അന്തരിച്ച ശേഷം പ്രബലനായ ഒരു നേതാവിന്റെ അഭാവമാണ് കോൺഗ്രസ് നേരിട്ടത്. വലിയ ശൂന്യത ഉണ്ടായപ്പോൾ പകരം നേതാവിനെ തീരുമാനിക്കുന്നതിനു പകരം ഒരു സംഘം നേതാക്കൾ, കൂട്ടുത്തരവാദിത്തം തുടങ്ങിയ എന്നീ ന്യായങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. ഗൗരവ് ഗൊഗോയ്, സംസ്ഥാന അധ്യക്ഷൻ റിപുൻ ബോറ, ലോക്‌സഭാംഗങ്ങളായ ദേബബ്രത സൈക്കിയ, പ്രദ്യുത് ബോർദൊലോയ്, മഹിള കോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് എന്നിവരാണ് പാർട്ടിയെ നയിച്ചത്. എങ്കിലും വിജയത്തിന് മറ്റൊരു കുതിപ്പുകൂടി കോൺഗ്രസിനു വേണ്ടിയിരുന്നു. കരുത്തനായ നേതാവ്. അതുണ്ടായില്ല.

തൊണ്ണൂറുകളിൽ അസമിൽ ബിജെപി തീർത്തും ദുർബലമായ പാർട്ടിയായിരുന്നു. എന്നാൽ 2016ൽ പാർട്ടി ഒറ്റയ്ക്കു നേടിയത് 60 സീറ്റ്. പല സംസ്ഥാനങ്ങളിലും സംഭവിച്ചപോലെ കോൺഗ്രസിന്റെ വോട്ടുബാങ്കിൽ ഇടിച്ചുകയറിയാണ് ബിജെപി വളർന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന കിഴക്കൻ അസമിൽ നിന്നാണ് കൂടുതൽ സീറ്റു പാർട്ടിക്ക് കിട്ടിയത്. ഇവിടത്തെ തേയിലത്തോട്ടം തൊഴിലാളികളാണ് ബിജെപിയെ പിന്തുണച്ചത്. അവർക്ക് നിരവധി വാഗ്ദാനങ്ങളും ബിജെപി നൽകിയിരുന്നു. വാക്കുനൽകിയിരുന്നതുപോലെ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാനും സർക്കാരിന്റെ ക്ഷേമപദ്ധതികൾ വഴി 2 തവണ അക്കൗണ്ടിലേക്കു പണം നൽകാനും സർക്കാരിനു കഴിഞ്ഞു. സ്‌കൂളുകൾ, ആശുപത്രികൾ എന്നിവയും തുടങ്ങി. ഇതെല്ലാം ബിജെപിക്ക് ഗുണം ചെയ്തു.

ആരായിരിക്കും മുഖ്യമന്ത്രി എന്നു വ്യക്തമാക്കാതെയാണ് തിരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. നിലവിലുള്ള മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ മാറിയേക്കാം എന്നത് നേരത്തെതന്നെയുള്ള ചർച്ചാവിഷയമാണ്. ധനമന്ത്രിയും ബിജെപിയിലെ കരുത്തനുമായ ഹിമന്ദ ബിശ്വ ശർമയെ കേന്ദ്ര നേതൃത്വത്തിനും പ്രിയമാണ്. ആർഎസ്എസിനും പ്രധാനമന്ത്രിക്കും സോനോവാൾ സ്വീകാര്യനാണ്. ഹിമന്തയ്ക്കാണ് അമിത് ഷായുടെ വോട്ട്. കോൺഗ്രസിൽ ആയിരിക്കെ 7 വർഷം മുൻപ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെട്ടയാളാണ് ഹിമന്ദ ബിശ്വ സർമ. എന്നാൽ അന്നത്തെ മുഖ്യമന്ത്രി തരുൺ ഗൊഗോയ് യുടെ മകനും പാർലമെന്റംഗവുമായ ഗൗരവ് ഗൊഗോയ് രാഹുലിന്റെ വിശ്വസ്തനായിരുന്നതിനാൽ അതു നടന്നില്ല. തുടർന്നാണ് ഹതാശനായ ഹിമന്ദ ബിജെപിയിൽ ചേക്കേറിയത്.