കൊൽക്കത്ത: കഴിഞ്ഞ പത്തുവർഷത്തിനിടെ ബംഗാളിനെ മമത സർക്കാർ തകർച്ചയിലേക്ക് കൂപ്പുകുത്തിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു കാലത്ത് ഇന്ത്യയുടെ മുൻനിര സംസ്ഥാനമായ പശ്ചിമ ബംഗാൾ ഇപ്പോൾ ഗുണ്ടാരാജിൽ കുരുങ്ങിക്കിടക്കുകയാണ്.

അഴിമതി, രാഷ്ട്രീയ കലാപം, ധ്രുവീകരണം, പട്ടികജാതി - പട്ടികവർഗവിഭാഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ ഇത്തരമൊരവസ്ഥയിലേക്കാണ് മമത ബംഗാളിനെ എത്തിച്ചതെന്നും അമിത് ഷാ പറഞ്ഞു.

ബംഗാൾ ഒരുകാലത്ത് ഇന്ത്യയുടെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. സ്വാതന്ത്ര്യ സമരപോരാളികളുടെ നാടായിരുന്നു. മതനേതാക്കളുടെ കേന്ദ്രമായിരുന്നു. എന്നാൽ അതേ ബംഗാൾ ഇപ്പോൾ ഗുണ്ടകളുടെ നാടായി മാറിയെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയാൽ ഗോത്രവിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ജാർഗാമിൽ പണ്ഡിറ്റ് രഘുനാഥ് മുർമു ഗോത്ര സർവകലാശാല സ്ഥാപിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 70 ശതമാനം മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പകുതി തുക സർക്കാർ നൽകുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് അമിത് ഷാ പറഞ്ഞു.

അതേ സമയം ബിജെപി തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് നുണകൾ പറഞ്ഞാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പരിഹസിച്ചു. അവർ എല്ലാം വിറ്റുതുലയ്ക്കുകയാണ്. ഞങ്ങൾ വികസനം കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ ബിജെപി ഇന്ധനത്തിനും പാചകവാതകത്തിനും വിലവർധിപ്പിക്കുകയാണ്. മണ്ണെണ്ണപോലും കിട്ടാനില്ലെന്നും മമത പറഞ്ഞു.

നന്ദിഗ്രാമിൽ വെച്ച് പരിക്കേറ്റ് ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട മമത വീൽചെയറിൽ എത്തിയാണ് പുരുലിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽനിന്ന് താൻ ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു.