കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ നിന്നും കോൺഗ്രസ് പിന്നോട്ട്. സി.രഘുനാഥിനെ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ജില്ലാ നേതൃയോഗത്തിന്റെ തീരുമാനം.

കൈപ്പത്തി ചിഹ്നത്തിലല്ലാത്ത സ്ഥാനാർത്ഥിയെ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതിന്റെ അമർഷം ജില്ലയിലെ കോൺഗ്രസ് നേതാക്കൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചിരുന്നു

വാളയാറിലെ അമ്മയെ യു.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ചാൽ കൂട്ടരാജിയുണ്ടാകുമെന്നും ഇവർ മുന്നറിയിപ്പു നൽകി. സ്ഥാനാർത്ഥി പര്യടനം, ബൂത്ത് കമ്മിറ്റി ചേരൽ, തെരഞ്ഞെടുപ്പ് യോഗങ്ങൾ വിളിച്ചു ചേർക്കൽ എന്നിവ ബഹിഷ്‌കരിക്കുമെന്ന് പ്രാദേശിക നേതാക്കളും ഭാരവാഹികളും അറിയിച്ചതോടെയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനത്തിൽ നിന്നും കെപിസിസി പിൻവാങ്ങിയത്.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇരിക്കൂറിൽ എ ഗ്രൂപ്പുയർത്തുന്ന പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ മറ്റൊരു മണ്ഡലത്തിൽ കൂടി വിവാദമുണ്ടാകുന്നത് ഗുണം ചെയ്യില്ലെന്ന പൊതുവികാരവുമുയർന്നു. മട്ടന്നുരിൽ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ ആർ.എസ്‌പി നേതാവ് ഇല്ലിക്കൽ അഗസ്തിയെ കെട്ടിയിറക്കിയതിലെ അമർഷം കെ.സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലെ സുധാകരൻ നേതൃത്വം നൽകുന്ന പ്രബല വിഭാഗത്തെ അനുനയിപ്പിക്കാൻ കൂടിയാണ് അദ്ദേഹത്തിന്റെ വിശ്വസ്തരിലൊരാളായ സി.രഘുനാഥിനെ സ്ഥാനാർത്ഥിയാക്കുകയെന്ന അടവുനയം മുല്ലപ്പള്ളി പുറത്തെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.ഐ.പി മണ്ഡലമായ ധർമ്മടത്ത് സി.രഘുനാഥിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇന്ന് ഖ്യാപിച്ചെക്കും. നേരത്തെ ഫോർവേഡ് ബ്‌ളോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി.ദേവരാജനെയും ധർമ്മടത്തെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. എന്നാൽ അദ്ദേഹം മത്സരിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

പിന്നീടാണ് വാളയാറിലെ അമ്മയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പരിഗണിച്ചത്. എന്നാൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ അവർ വിസമ്മതിച്ചതോടെ കോൺഗ്രസ് മറ്റൊരു സ്ഥാനാർത്ഥിയെ പാർട്ടിക്കുള്ളിൽ നിന്നു. തന്നെ കണ്ടെത്തുകയായിരുന്നു. പിണറായിക്കെതിരെ മത്സരിക്കാനുള്ള സന്നദ്ധത രഘുനാഥ് നേരത്തെ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ തവണ പിണറായിക്കെതിരെ മത്സരിച്ച മമ്പറം ദിവാകരൻ ഇക്കുറി ധർമ്മടത്ത് മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് സഖ്യകക്ഷിയായ ഫോർവേർഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി ദേവരാജനെയും പിന്നീട് ധർമ്മടത്ത് പരിഗണിച്ചിരുന്നു. എന്നാൽ ധർമ്മടം വേണ്ടെന്നായിരുന്നു ദേവരാജന്റെ നിലപാട്.

ധർമ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി വണ്ടി കാരൻ പീടിക സ്വദേശിയായ സി.രഘുനാഥ് മണ്ഡലത്തിൽ സുപരിചിതനായ കോൺഗ്രസ് നേതാക്കളിൽ ഒരാളാണ്. മൂന്ന് തവണ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാനായ അദ്ദേഹം മുസ്ലിം ലീഗിനും സ്വീകാര്യനാണ്.