തിരുവനന്തപുരം: ഹണി ട്രാപ്പ് കേസിൽ പരാതിക്കാരനായ എസ് ഐയുടെ മൊഴി രേഖപ്പെടുത്തി. ഇതോടെ ഏത് സമയവും അശ്വതിയെ പൊലീസ് അറസ്റ്റ് നെയ്യാറ്റിൻകര ഡിവൈഎസ്‌പിക്കാണ് മൊഴി നൽകിയത്. സുഹൃത്തായിരുന്ന ഒരു സ്ത്രീ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി. ഭീഷണിപ്പെടുത്തുന്ന ഫോൺ രേഖകൾ ചോർത്തിയത് സ്ത്രീയാണെന്നും ഒരു സുഹ്യത്തിന്റെ സാന്നിധ്യത്തിലാണ് പണം നൽകിയതെന്നും എസ് ഐ നൽകിയ മൊഴിയിൽ പറയുന്നു. അതേസമയം പണം വാങ്ങിയതിന്റെ രേഖകൾ ഹാജരാക്കിയിട്ടില്ല.

പരാതിക്കാരനായ എസ്‌ഐക്കെതിരെ ഇപ്പോൾ പ്രതിയായ യുവതി നേരത്തെ ബാലാൽസംഗത്തിന് കേസ് നൽകിയിരുന്നു. അന്ന് തുമ്പ സ്റ്റേഷനിലെ എസ്‌ഐയായിരുന്ന ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. പിന്നീട് ഈ കേസ് യുവതി തന്നെ പിൻവലിച്ചു. പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും ഒരു യുവതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നവമാധ്യങ്ങളിൽ പ്രചരിച്ചതോടെ സ്‌പെഷ്യൽ ബ്രാഞ്ചും പൊലീസ് ആസ്ഥാന എഡിജിപിയും രഹസ്യാന്വേഷണം നടത്തിയിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന ഒരു യുവതി നിരവധി പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതായി കണ്ടെത്തുകയും ചെയ്തു.

സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിയിലേക്ക് കാര്യങ്ങൾ മാറുകയാണെന്നായിരുന്നു കണ്ടെത്തൽ. പൊലീസുകാരുടെ വീടുകളിൽ പോലും പോയി ഭീഷണിമുഴക്കിയെന്നും റിപ്പോർട്ടുകളുമുണ്ട്. പാങ്ങോട് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലും ഗുരുതര ആരോപണങ്ങൾ നിറയുന്നുണ്ട്. പ്രതിക്ക് ഉദ്യോഗസ്ഥനായ ആവലാതിക്കാരന്റെ മേൽ ലൈംഗിക കുറ്റം ആരോപിച്ച് ടിയാനിൽ നിന്നും പണം അപഹരിക്കുകയെന്ന ലക്ഷ്യമുണ്ടെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഐപിസി 384, 385 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

പീഡന കേസ് നൽകിയ ശേഷം 2019 ഡിസംബറിലാണ് പണം തട്ടിയതെന്ന് എഫ് ഐ ആറിൽ പറയുന്നു. മൂന്ന് ദിവസങ്ങളിലായി ആകെ 75,000 രൂപ വാങ്ങിയെന്നാണ് ആരോപണം. തുടർന്ന് കേസ് പിൻവലിച്ചു. പിന്നീട് 2021ലും സമാന ആരോപണങ്ങളുമായി വീണ്ടും ഈ സ്ത്രീ ഭീഷണിയുമായി എത്തിയെന്നാണ് എഫ് ഐ ആർ പറയുന്നത്.

ഇത് സാധൂകരിക്കുന്ന മൊഴിയാണ് പൊലീസ് ഉദ്യോഗസ്ഥനും നൽകിയത്. ഈ സാഹചര്യത്തിലാണ് അശ്വതിയെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വരുന്നത്.