തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാനാവാതെ പൊലീസ്. ഒന്നര മാസം മുമ്പ് വിവാഹിതയായ ആതിരയെന്ന യുവതിയാണ് കുളിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയം ഈ സംഭവത്തിൽ ഉയരുന്നുണ്ട്. അന്വേഷണം മുന്നോട്ടു നീങ്ങിയപ്പോൾ പൊലീസിന് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചതുമില്ല. ആത്മഹത്യ ചെയ്യാൻ കാരണമായ പ്രശ്‌നങ്ങളൊന്നും യുവതിക്ക് ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും അയൽവാസികളും പറയുന്നത്.

ആതിരയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭർത്താവ് ശരത്തിന്റെ വർക്കല മുത്താനയിലെ വീട്ടിലെ കുളിമുറിയിൽ കഴുത്തറുത്തും കൈത്തണ്ടകളിലെ ഞരമ്പുകൾ മുറിച്ചും ആത്മഹത്യചെയ്ത നിലയിൽ കണ്ടത്. കൊലപാതക സാദ്ധ്യത കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രാഥമിക തെളിവുകളെല്ലാം ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മൃതദേഹം കണ്ടെത്തിയ കുളിമുറി അകത്ത് നിന്ന് പൂട്ടിയതും മുറിവുണ്ടാക്കാനുപയോഗിച്ച കത്തി കുളിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയതും ആത്മഹത്യയുടെ തെളിവാണെന്നാണ് പൊലീസ് പറയുന്നത്.ആത്മഹത്യയെങ്കിൽ അത് എന്തിനായിരുന്നു എന്ന് കണ്ടെത്താനാകാത്തതാണ് പൊലീസിനെ വലയ്ക്കുന്നത്. ശരത്തും ആതിരയും വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. ഇവർക്കിടയിൽ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. സംശത്തിന്റെ പേരിൽ ശരത്തിനെയും മാതാപിതാക്കളെയും പലതവണ ചോദ്യം ചെയ്‌തെങ്കിലും കുടുംബവഴക്കിന്റെ സൂചനകളൊന്നും ലഭിച്ചില്ല.

ഫോൺരേഖകൾ പരിശോധിച്ചപ്പോൾ ഇവർ നൽകിയ മൊഴികൾ സത്യമാണെന്ന് വ്യക്തമായെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനമേറ്റതിന്റെയോ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളോ ആതിരയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു.ആതിര മരിച്ചദിവസം അമ്മ ശ്രീന വീട്ടിലെത്തിയത് എന്തിനെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വെള്ളിയാഴ്ച രാവിലെ ശരത്ത് അച്ഛനെയും കൂടി ആശുപത്രിയിൽ പോയിരുന്നു.

ശരത്തിന്റെ അമ്മ ജോലിക്കായി പുറത്തേക്കും പോയി. ഈ സമയത്താണ് ആതിരയുടെ അമ്മ വീട്ടിലെത്തിയത്. വീട്ടിൽ ആരെയും കാണാതെ സമീപത്തുള്ളവരോട് അന്വേഷിക്കുന്നതിനിടെ ശരത്തും അച്ഛനും തിരികെയെത്തി. തുടർന്ന് എല്ലാവരും കൂടി അന്വേഷിക്കുന്നതിനിടെയാണ് കുളിമുറി അടച്ചിട്ടതായി കാണുന്നതും വാതിൽ അടിച്ചുതുറന്ന് മൃതദേഹം കണ്ടെത്തുന്നതും. ആതിരയുടെ അമ്മയുടെ വരവ് നേരത്തേ തന്നെ സംശയത്തിന് ഇടനൽകിയിരുന്നു. എന്തിനാണ് എത്തിയതെന്ന് ചോദിച്ചപ്പോൾ വെറുതെ വന്നതെന്നായിരുന്നു മൊഴിനൽകിയത്.

ആതിരയുടെ അമ്മയുടെ മൊഴി ശരിയാണോ എന്ന് പരിശോധിക്കുന്നതിനൊപ്പം ആതിരയുടെ മൊബൈൽഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ സത്യം പുറത്തുവരും എന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനുള്ള ശ്രമങ്ങളുമായി അവർ മുന്നോട്ടുപോവുകയാണ്. മകൾ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നാണ് ശ്രീന പറയുന്നത്.