കോഴിക്കോട്: കോഴിക്കോട് അത്തോളി കൊടശ്ശേരിയിൽ നിന്നും രണ്ട് മാസങ്ങൾക്ക് മുമ്പ് കാണാതായ യുവതിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി. കോടശ്ശേരിയിൽ സൗമേഷിന്റെ ഭാര്യ ഷെഹനുൽ ഉസ്നയെയാണ് ഇന്നലെ കോയമ്പത്തൂരിൽ കണ്ടെത്തിയത്. ഭർത്താവുമായുള്ള പ്രശ്നങ്ങളാണ് വീടുവിട്ട് പോകാനുള്ള കാരണമെന്നാണ് യുവതി പറഞ്ഞത്.

എന്നാൽ പൊലീസിന്റെ സഹായത്താൽ തിരിച്ചെത്തിയ യുവതി കുടുംബത്തോടൊപ്പം പോകാനാണ് താത്പര്യം എന്ന് കോടതിയെ അറിയച്ചതിന്റെ അടിസ്ഥാനത്തിൽ യുവതിയെ കോടതി കുടുംബത്തോടൊപ്പം അയച്ചു.കോയമ്പത്തൂരിലെ ഒരു ഹോംകെയർ സെന്ററിൽ ജോലി ചെയ്ത് വരികയായിരുന്നു യുവതി. കഴിഞ്ഞ ദിവസം ഇവരെ കാണാതായ വാർത്ത മാധ്യമങ്ങളിലൂടെ കണ്ട് യുവതി പുതിയ ഫോൺവാങ്ങി ഉമ്മയെയും സുഹൃത്തിനെയും വിളിച്ചിരുന്നു. ഉമ്മയും സുഹൃത്തും ഉടൻ തന്നെ അത്തോളി പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് യുവതി വിളിച്ച ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി കോയമ്പത്തൂരിൽ ഉണ്ടെന്ന് മനസ്സിലായത്. ഉടൻ തന്നെ കോയമ്പത്തൂരിലെത്തി അത്തോളി പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് നാട്ടിലേക്ക് കൊണ്ട് വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതി ഭർത്താവിനും കുടുംബത്തിനും ഒപ്പം പോകാമെന്ന് സമ്മതിച്ചതോടെ കോടതി കുടുംബത്തിനൊപ്പം പറഞ്ഞയക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 29ന് രാവിലെയാണ് ഷെഹനുൽ ഉസ്ന വീടുവിട്ടിറങ്ങിയത്. 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കിയതിന് ശേഷം മരുന്ന് വാങ്ങാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. പോകുന്ന സമയത്ത് കയ്യിൽ ഫോണുണ്ടായിരുന്നില്ല. വീട്ടിൽ നിന്നും പോയതിന് ശേഷം കുടുംബവുമായി ഇന്നലെ കണ്ടെത്തും വരെയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തില്ല.

പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന മറുപടിയാണ് ആദ്യം ലഭിച്ചിരുന്നത്. പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ആറ് വർഷങ്ങൾക്ക് മുമ്പാണ് ഷെഹനുൽ ഉസ്നയും സൗമേഷും വിവാഹിതരാവുന്നത്. ഇവർ തമ്മിലുള്ള പ്രശ്നങ്ങളാണ് വീടുവിട്ടിറങ്ങാനുള്ള കാരണമെന്നാണ് യുവതി കോടതിയിൽ അറിയിച്ചത്. എന്നാൽ ഇപ്പോൾ ഭർത്താവിനൊപ്പം പോകാൻ ആഗ്രഹിക്കുന്നു എന്നും ഷെഹനുൽ ഉസ്ന കോടതിയ അറിയിച്ചു.

പ്രശ്നങ്ങളെല്ലാം മറന്ന് ഭാര്യയെ സ്വീകരിക്കാൻ തയ്യാറാണെന്ന് സൗമേഷ് നേരത്തെ അറിയിച്ചിരുന്നു. മൂന്ന് മക്കളാണ് ഇവരുവർക്കുമുള്ളത്. ഒരു വയസ്സുള്ള ആൺകുട്ടിയും മൂന്നും അഞ്ചും വയസ്സുള്ള പെൺകുട്ടികളുമാണ് ഇവരുടെ മക്കൾ. ഉമ്മയെ കണ്ടെത്തിയതോടെ ഈ കുരുന്നകൾക്കും ആശ്വാസമായിരിക്കുകയാണ്.