ചെന്നൈ: തമിഴ്‌നാട്ടിൽ എടിഎം തുറന്ന് കവർച്ച നടത്താൻ കഴിയാതെ വന്നതോടെ, മെഷീനുമായി കടന്നുകളഞ്ഞ് മോഷ്ടാക്കൾ. ഇടപാടുകൾക്കായി എടിഎമ്മിൽ എത്തിയവരാണ് വാതിൽ തകർന്ന നിലയിൽ കണ്ടത്. എടിഎം മെഷീൻ കാണാതായതോടെ ഇടപാടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തിരുപ്പൂറിലാണ് സംഭവം. ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മിലാണ് കവർച്ച നടന്നത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നാലുപേർ ചേർന്നാണ് എടിഎം മെഷീനുമായി കടന്നുകളഞ്ഞത്. മാസ്‌ക് ധരിച്ച് എത്തിയവരാണ് കവർച്ച നടത്തിയത്.

എടിഎമ്മിന്റെ ഗേറ്റിൽ മോഷ്ടാക്കൾ വാഹനം നിർത്തിയിരുന്നു. ഇതിൽ കയറിട്ട് കെട്ടിയാണ് എടിഎം മെഷീൻ കൊണ്ടുപോയത്. ഫെബ്രുവരി 19ന് എടിഎമ്മിൽ 15 ലക്ഷം രൂപ നിറച്ചതായി ബാങ്ക് അധികൃതർ പറയുന്നു. ഞായറാഴ്ചയോടെ ഇത് ഒന്നരലക്ഷമായി ചുരുങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നതായി ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി എടിഎമ്മിൽ സെക്യൂരിറ്റി ജീവനക്കാരനെ നിർത്തിയിരുന്നില്ല. ബാങ്കിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.