തൃശ്ശൂർ: അഭിഭാഷകനെ തി കൊളുത്താൻ ശ്രമിച്ച സംഭവത്തിൽ അവ്യക്തതയുണ്ടെന്ന് പൊലീസ്.അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങിയതെന്നും പൊലീസ് അറിയിച്ചു.ക്രിമിനൽ അഭിഭാഷകൻ പി.കെ. സുരേഷ് ബാബുവിനു നേരെയാണ് ആക്രമണമുണ്ടായത്.

അയ്യന്തോളിൽ കോടതിക്കു സമീപം വീടിനോടുചേർന്നുള്ള ഓഫീസിൽ അതിക്രമിച്ചുകടന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. അക്രമി കൈയിൽ കരുതിയ പെട്രോൾ സുരേഷ്ബാബുവിന്റെ ശരീരത്തിലേക്ക് ഒഴിച്ച ശേഷം ലൈറ്റർ കത്തിച്ച് തീ കൊളുത്തുന്നതിനിടെ കൈയിൽ നിന്ന് വീണുവെന്നും അതിനിടെ ഇയാളെ പിടികൂടിയെങ്കിലും തട്ടിമാറ്റി രക്ഷപ്പെട്ടുവെന്നുമാണ് പറയുന്നത്.സംഭവ സമയത്ത് അഭിഭാഷകന്റെ ഓഫീസിൽ ഓഫീസിൽ ജൂനിയർ അഭിഭാഷകരും ഉണ്ടായിരുന്നു.

ദേഹത്ത് പെട്രോളുമായാണ് അഭിഭാഷകൻ തൃശ്ശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ രാധൻ എന്നയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.അതേസമയം അക്രമിയുമായി മറ്റ് അടുപ്പങ്ങളൊന്നുമില്ലാതിരിക്കെ മറ്റാർക്കോ വേണ്ടി ചെയ്തതാകുമെന്നാണ് സുരേഷ്ബാബു പറയുന്നത്.കേസിൽ നേരിട്ടെത്തി മൊഴി നൽകിയിട്ടും കൊലക്കുറ്റം ചുമത്താതെ പൊലീസ് ഒളിച്ചുകളി നടത്തിയെന്ന് സുരേഷ് ബാബു ആരോപിച്ചു.