കണ്ണൂർ: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ ആക്രമണം. പിന്നിൽ സി പി എമ്മെന്നാണ് ആരോപണം. റോഡിൽ വച്ച് സി പി എം പ്രവർത്തകർ തടഞ്ഞു നിർത്തി മർദ്ദിച്ചുവെന്നാണ് പരാതി. ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥിക്കെതിരെ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു.എൽ ഡി എഫിനെതിരെ തളിപ്പറമ്പ് കീഴാറ്റൂരിൽ വനിതാ സംവരണ വാർഡിലാണ് ലത സുരേഷ് മത്സരിച്ചത്. സി പി എം സ്ഥാനാർത്ഥി പി വത്സലയാണ് ഇവിടെ ജയിച്ചത്. 140 വോട്ടിനാണ് വത്സല ജയിച്ചത്. ലതയ്ക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ട് നേടി. തളിപ്പറമ്പിൽ വയൽ നികത്തി ബൈപ്പാസ് റോഡ് നിർമ്മിക്കുന്നതിനെതിരായ സമരത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു ലത.

കോൺഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയൽക്കിളികൾ മത്സരിച്ചിരുന്നത്. കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ നിർത്താതെ ലതയെ പിന്തുണച്ചിരുന്നു. പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ട് നേടി വിജയിച്ച സി പി എം വയൽക്കിളികളെ എതിരാളിയായി പോലും കണ്ടിരുന്നില്ല.