കാൻബറ: ആസ്ട്രേലിയ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ആസ്ട്രേലിയയിൽ തൊഴിൽ ചെയ്ത് പണം സമ്പാദിക്കാൻ സഹായിക്കുന്ന ആസ്ട്രേലിയൻ വർക്കിങ് ഹോളിഡേ വിസ ഉപയോക്താക്കൾക്ക് ഉപകാരത്തേക്കാളേറെ ഉപദ്രവമാണ് ഉണ്ടാക്കുന്നതെന്ന വാദത്തിന് ശക്തി വർദ്ധിക്കുകയാണ്. 417 വിസ എന്ന് പൊതുവെ അറിയപ്പെടുന്ന ഇതിലെ ചട്ടങ്ങളിൽ ധാരാളം കെണികൾ ഒളിഞ്ഞിരിക്കുന്നു എന്നാണ് ആരോപണം. ആസ്ട്രേലിയ സന്ദർശിക്കുന്ന ടൂറിസ്റ്റുകൾ 88 ദിവസം കൃഷിയിടങ്ങളിൽ തൊഴിൽ ചെയ്താൽ മൂന്നു വർഷം വരെ ആസ്ട്രേലിയയിൽ താമസിച്ച് ജോലിചെയ്യാനുള്ള അനുമതി നൽകുന്നതാണ് ഈ വിസ.

ഇത്തരത്തിൽ 417 വിസയിൽ ഒരു കൃഷിയിടത്തിൽ തൊഴിലെടുത്തിരുന്ന ഒരു ബ്രിട്ടീഷ് യുവതി ഫ്രാൻസിൽ നിന്നുള്ള ഒരു വിനോദ സഞ്ചാരിയുടേ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി, ആ യുവതിയുടെ മാതാവ് രംഗത്തെത്തിയതോടെയാണ് ഈ വിസ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്. വർക്കിങ് ഹോളിഡേ വിസയിൽ എത്തുന്നവർക്ക് മൂന്നുവർഷം ആസ്ട്രേലിയയിൽ കഴിയുവാൻ കൃഷിയിടങ്ങളിൽ 88 ദിവസം ജോലിചെയ്യണമെന്ന നിബന്ധനയിൽനിന്ന് ബ്രിട്ടീഷുകാരെ ഒഴിവാക്കിയിട്ടുണ്ട്. ബോറിസ് ജോൺസൺ മുൻകൈ എടുത്ത് നടപ്പിലാക്കിയ ബ്രിട്ടീഷ്-ആസ്ട്രേലിയൻ കരാറിന്റെ ഭാഗമായിട്ടാണിത്. എന്നാൽ, മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇത് ഇപ്പോഴും ബാധകമാണ്.

ബ്രിട്ടനിലെ ഡെബ്രിഷയർ സ്വദേശിയായ മിയ ഐലിഫ് ചംഗ് എന്ന 21 കാരി ഒരു വർഷത്തെ ലോക പര്യടനത്തിനൊടുവിൽ 2016 അവസാനത്തിലാണ് ആസ്ട്രേലിയയിൽ എത്തിച്ചേർന്നത്. സർഫേഴ്സ് പാരഡൈസിലെ ഒരു ബാറിൽ അല്പകാലം ജോലി ചെയ്തതിനു ശേഷം വിസ നീട്ടിക്കിട്ടുവാനായി കൃഷിയിടത്തിൽ ജോലിചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു. 417 വിസയിൽ, മൂന്നു വർഷംജോലിചെയ്യുവാനുള്ള യോഗ്യത നേടുവാൻ അന്ന് ബ്രിട്ടീഷ് പൗരന്മാർക്കും മറ്റു രാജ്യക്കാരെ പോലെ കൃഷിയിടങ്ങളിൽ ജോലി ചെയ്യണമെന്നത് നിർബന്ധമായിരുന്നു.

ജോലിസ്ഥലത്ത് തൊഴിലുടമ ഒരുക്കിയ ഹോസ്റ്റലിൽ താമസിച്ചായിരുന്നു മിയ ജോലി എടുത്തിരുന്നത്. ഹോസ്റ്റലിലെ സൗകര്യങ്ങൾ തുലോം പരിമിതമായിരുന്നു എന്ന് മിയയുടെ അമ്മ പറയുന്നു. മാത്രമല്ല, ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ മിയ ഹോസ്റ്റലിൽ തനിച്ചായി. പിന്നീട് അവരെ സ്മെയിൽ അയാദ് എന്ന ഒരു ഫ്രഞ്ച് വിനോദ സഞ്ചാരിക്കൊപ്പം ഒരു മുറിയിൽ താമസിപ്പിച്ചു. ചില മാനസികാസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന ഫ്രഞ്ച്സഞ്ചാരിക്കൊപ്പം താമസിക്കാൻ ബുദ്ധിമുട്ടാണെന്നും മറ്റൊരു മുറിയിലേക്ക് മാറ്റണമെന്നും ഉള്ള മിയയുടെ ആവശ്യം തൊഴിലുടമ പരിഗണിച്ചില്ല.

പാരനോയ്ഡ് ഷിസോഫ്രീനിയ എന്ന മനോരോഗത്തിന് അടിമയായ അയാദ് മിയയുമായി പ്രണയത്തിലാവുകയയിരുന്നു. എന്നാൽ, മിയ അതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. തൊഴിലിടത്തിലെ മറ്റുള്ളവരോട് മിയ തന്റെ ഭാര്യയാണെന്നായിരുന്നു അയാദ് പറഞ്ഞിരുന്നത്. മാത്രമല്ല, മിയയോടുള്ള ലൈംഗികാർഷണത്തെ കുറിച്ചും അയാൾ പറയാറുണ്ടായിരുന്നു. ഒരുമിച്ച് താമസം തുടങ്ങി ഒരാഴ്‌ച്ച കഴിഞ്ഞപ്പോഴായിരുന്നു മിയ ഇയാളുടെ കത്തിക്ക് ഇരയായത്. മിയയെ കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പരിക്കിൽ നിന്നും രക്ഷപ്പെട്ട ഇയാളെ പക്ഷെ, മാനസിക രോഗി എന്ന പരിഗണനയിൽ ചെയ്തകുറ്റത്തിന് ശിക്ഷ നൽകാൻ ആസ്ട്രേലിയൻ കോടതി വിസമ്മതിച്ചു. പകരം 10 വർഷത്തെ മാനസിക ചികിത്സയോടുകൂടിയ തടവായിരുന്നു വിധിച്ചത്. ഈ സംഭവം നടന്നത് 2016-ൽ ആയിരുന്നു. ഇതിനുശേഷമാണ് മിയയുടെ അമ്മയായ റോസീ ഐലിഫ് ആസ്ട്രേലിയൻ നിയമത്തിനെതിരെ പോരാടാനാരംഭിച്ചത്.

417 വിസ നീട്ടിക്കിട്ടാനായി ആസ്ട്രേലിയയിലെ വിവിധ കൃഷിയിടങ്ങളിൽ ജോലിചെയ്ത് മടങ്ങിയെത്തിയ നിരവധി യുവാക്കളുമായി ഇവർ സംസാരിച്ചു. ഇവർ അനുഭവിച്ച കഷ്ടപ്പാടുകൾ എല്ലാം പുറത്തുകൊണ്ടുവരികയും ചെയ്തു. ഇത്തരത്തിൽ തൊഴിലെടുക്കുന്നവർ നിരവധി ചൂഷണങ്ങൾക്ക് വിധേയരാകുന്നു എന്ന് അവർ ആരോപിക്കുന്നു. കർഷകർ മാത്രമായിരിക്കില്ല എപ്പോഴും കുറ്റവാളികൾ, മറിച്ച്, കരാർ തൊഴിലാളികളെ നൽകുന്ന കോണ്ട്രാക്ടർമാർ, ഹോസ്റ്റൽ ഉടമകൾ എന്നിവരും പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാറുണ്ട് എന്നും ഇവർ പറയുന്നു.

അധികമാരും മനസ്സിലാക്കാത്ത കെണികളും ഈ നിയമത്തിലുണ്ട്. നിയമപ്രകാരം 88 ദിവസം കൃഷിയിടത്തിൽ തൊഴിലെടുത്താലാണ് നിങ്ങൾക്ക് മൂന്നു വർഷത്തേക്ക് വിസ കാലാവധി നീട്ടിക്കിട്ടുക. എന്നാൽ, ഈ 88 ദിവസത്തെ തൊഴിൽ എന്നത് അത്ര നിസ്സാരമായ ഒന്നല്ല. ദിവസം 8 മണിക്കൂർ വീതം ഒരാഴ്‌ച്ച 5 ദിവസം ജോലി ചെയ്താൽ മാത്രമാണ് (ആഴ്‌ച്ചയിൽ 75 മുതൽ 80 മണിക്കൂർ വരെ) നിങ്ങൾക്ക് ആ ആഴ്‌ച്ചയിലെ ഏഴു ദിവസങ്ങളും വിസയ്ക്ക് അർഹതയുള്ള ദിവസങ്ങളായി കണക്കാക്കാൻ ആകുക. അല്ലെങ്കിൽ നിങ്ങൾ ജോലി ചെയ്യുന്ന ദിവസങ്ങൾ മാത്രമായിരിക്കും കണക്കാക്കുക.

അതുമാത്രമല്ല, നിങ്ങളുടെ ഒരു പ്രവർത്തി ദിനം കണക്കാക്കുന്നതിന് പ്രതിദിനം നിങ്ങൾ ചുരുങ്ങിയത് 17.70 ഡോളറെങ്കിലും ജോലിയിലൂടെ സമ്പാദിക്കണം. കൃഷിയിടങ്ങളിലെ ജോലിയിൽ പാകമായ പഴങ്ങൾ പറിക്കുക, അവ പാക്ക് ചെയ്യുക, മത്സ്യബന്ധനം തുടങ്ങിയ തൊഴിലുകളായിരിക്കും വിനോദ സഞ്ചാരികൾക്ക് ലഭിക്കുക. ഇതിൽ പലതിലും, ഒരു ദിവസം അവർ ഉദ്പാദിപ്പിച്ച, അല്ലെങ്കിൽ പാക്ക് ചെയ്ത വസ്തുക്കളുടെ ഭാരത്തെ അടിസ്ഥാനമാക്കിയായിരിക്കും കൂലി നിർണ്ണയിക്കുക. അത്തരമൊരു അവസ്ഥയിൽ ദിവസം 17.70 ഡോളർ എന്ന മാനദണ്ഡം പാലിക്കാൻ കഴിഞ്ഞെന്നു വരില്ല.

അങ്ങനെയൊരു സാഹചര്യമുണ്ടായാൽ നിങ്ങൾ മറ്റിടങ്ങളിൽ തൊഴിൽ അന്വേഷിക്കണം. ഇനിയൊരു കാര്യം നിങ്ങൾക്ക് ലഭിക്കുന്ന റെസ്സീപ്റ്റുകളും പേയ് സ്ലിപ്പുകളും സൂക്ഷിച്ചു വയ്ക്കണം എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങൾ എത്രനാൾ കൃഷിയിടത്തിൽ ജോലി ചെയ്തു എന്ന് തീരുമാനിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ തൊഴിലുടമയ്ക്ക് മേൽക്കൈ ഉള്ളനിലയിലാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ വിവിധ രീതികളിൽ ചൂഷണം ചെയ്യുവാൻ ഇത് വഴിയൊരുക്കുന്നു.

മിക്കയിടങ്ങളിലും വളരെ കുറഞ്ഞ വേതനമാണ് നൽകുന്നത്. പലയിടങ്ങളിലുംകഠിനമായ അദ്ധ്വാനം ആവശ്യമായ ജോലികളാണ് ഇത്തരക്കാർക്ക് നൽകുന്നത്. അതിനുപുറമേ തീരെ സൗകര്യമില്ലാത്ത താമസ സൗകര്യവും മോശപ്പെട്ട ഭക്ഷണവുമാണ് പലരും നൽകുന്നത്. ചിലയിടങ്ങളീൽ ലൈംഗിക പീഡനം വരെ നടക്കാറുള്ളതായും റിപ്പോർട്ടുകൾ വന്നിരുന്നു. ബോറിസ് ജോൺസന്റെ ശ്രമഫലമായി ബ്രിട്ടീഷുകാർ ഈ ദുരിതത്തിൽ നിന്നും മുക്തരായെങ്കിലും, ലോകത്തിലെ ബാക്കിയുള്ള രാജ്യക്കാർ ഇപ്പോഴും ഇതൊക്കെ അനുഭവിക്കുകയാണ്. ഇതിനെതിരെ വലിയൊരു പ്രചാരണമാണ് ഇപ്പോൾ റോസീ ഐലിഫ് ഉയർത്തിക്കൊണ്ടുവരുന്നത്.